NEWS

റിവ്യൂ എന്നത് ഇത്തിൾക്കണ്ണി പോലെ

News

അഭിനേതാവായും നിർമ്മാതാവായും സിനിമയിൽ നിറസാന്നിധ്യമാവുന്ന ടിനി ടോം ടെലിവിഷൻ പരിപാടികളിലൂടെ  കുടുംബ സദസ്സുകൾക്കും പ്രിയങ്കരനാണ്. തനിക്ക് പറയാനുള്ള കാര്യങ്ങൾ ആരുടെ മുന്നിലും യാതൊരുവിധ വളച്ചു കെട്ടലുമില്ലാതെ പറയുന്നുവെന്നതാണ് ടിനി ടോമിന്റെ സ്വഭാവസവിശേഷത  ടെലിവിഷൻ പരിപാടികളിലും  സിനിമയിലും നിറഞ്ഞു നിൽക്കുന്ന ടിനി ടോം സ്വാഭാവികമായ അഭിനയ മികവോടെ മലയാള സിനിമയിൽ കൈനിറയെ ചിത്രങ്ങളുമായി യാത്ര തുടരുകയാണ്.

കൊടുങ്ങല്ലൂരിൽ ചിത്രീകരണം നടന്ന 916 കുഞ്ഞൂട്ടൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വെച്ചാണ് ടിനി ടോമിനെ കണ്ടത്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ ടിനി ടോം പങ്ക് വെക്കുകയാണ്.

വളരെ വലിയൊരു ഇടവേളക്ക് ശേഷം ടിനി ടോം  ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിക്കുകയാണല്ലോ..?

അതെ, വളരെയധികം സന്തോഷമുണ്ട്.  എന്റെ ആത്മസുഹൃത്തായ പക്രു നായകനാവുന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയെന്ന് വെച്ചാൽ അഭിമാനം തന്നെയാണ്. നല്ലൊരു ഫാമിലി സിനിമയാണിത്.  നല്ല അഭിനയ സാധ്യതയുള്ള വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്ന കഥാപാത്രമായാണ് അഭിനയിക്കുന്നത്. 

കഥാപാത്രത്തിന്റെ സ്വഭാവ സവിശേഷതയെക്കുറിച്ച് സൂചിപ്പിക്കാമോ..?

ഡബിൾ റോളിലാണ് ഞാൻ അഭിനയിക്കുന്നത്. സിനിമയിൽ വന്നതിന് ശേഷം ആദ്യമായാണ് ഡബിൾ റോളിൽ ക്യാമറയുടെ മുന്നിലെത്തുന്നത്. രണ്ട് കഥാപാത്രങ്ങളാവുമ്പോൾ കാര്യമായി ശ്രദ്ധിക്കണമല്ലൊ. ഒന്നാമത്തേത് മാമല്ലപുരം ദേശത്തെ ഗുസ്തിക്കാരൻ മാവീരനായ മഹാദേവമല്ലനെന്ന അച്ഛൻ കഥാപാത്രമാണ്. മറ്റൊന്ന് മല്ലൻ കർണ്ണൻ എന്ന മകന്റെ കഥാപാത്രമാണ്. ഇതിൽ, അച്ഛനായ കഥാപാത്രം വളരെ സീരിയസ്സാണ്. മകനാവട്ടെ നോർമ്മലും. തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഈ രണ്ട് കഥാപാത്രങ്ങളെയും അഭിനയിച്ച് പ്രതിഫലിപ്പിക്കുന്നത്.

സിനിമാ സെറ്റുകളിൽ യുവതാരങ്ങൾ ലഹരി ഉപയോഗിക്കുന്നതിനെക്കുറിച്ചുള്ള താങ്കളുടെ പ്രതികരണം ഏറെ ചർച്ചയായി മാറിയല്ലോ..?

 ഞാൻ പറയേണ്ട സമയത്ത് കാര്യങ്ങൾ വിശദമായി തുറന്ന് പറഞ്ഞതാണ്.  അതിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ട്. ഞാൻ പറഞ്ഞ കാര്യങ്ങൾ സത്യമാണോയെന്ന് അന്വേഷിക്കേണ്ടത് ബന്ധപ്പെട്ട അധികാരികളാണ്..

ഇക്കാര്യത്തിൽ താങ്കളെ ഒറ്റപ്പെടുത്തുന്ന തരത്തിലുള്ള വിമർശനങ്ങളാണല്ലോ ചിലർ ഉന്നയിച്ചത്....?

 വിമർശനങ്ങളെ ഞാൻ കാര്യമാക്കുന്നില്ല. ഒരു വിഷയം ഉയർന്ന് വരുമ്പോൾ അനുകൂലമായും, പ്രതികൂലമായും അഭിപ്രായങ്ങൾ ഉയരുന്നത് സ്വാഭാവികം മാത്രം. മുൻകാലങ്ങളിൽ ഒരുപാട് കാലം ജീവിച്ച് നല്ല കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കേണ്ട നിരവധി പ്രതിഭകളെയാണ് മദ്യപാനം ഉൾപ്പെടെയുളള വഴികളിലൂടെ സഞ്ചരിച്ചതിന്റെ പേരിൽ നമുക്ക് നഷ്ടമായത്.

സിനിമാ വ്യവസായത്തെ നശിപ്പിക്കുന്ന തരത്തിലുള്ള റിവ്യു ബോംബിംഗിനെതിരെ കോടതി ഇടപെട്ടിരിക്കുകയാണല്ലോ..?

അതെ,കോടതിയുടെ ഇടപെടൽ ഉചിതമായി. കോടികൾ മുടക്കി സിനിമയെടുക്കുന്ന നിർമ്മാതാക്കളുടെ അവസ്ഥ ആലോചിച്ചുനോക്കൂ.  നല്ലൊരു ചെടിക്ക് മരുന്നടിക്കുന്നടിക്കുന്നത് പോലെയാണ്. ക്രിട്ടിസിസമെന്ന പേരിൽ നല്ല സിനിമകളെ കൊന്നു കളയുകയാണ്. നേരത്തെ ചെറിയ ബഡ്ജറ്റിലുള്ള ചിത്രങ്ങൾ പോലും വിജയിക്കാറുണ്ട്. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി. സിനിമയെക്കുറിച്ച്  റിവ്യൂ നടത്തുന്നവർ വ്യക്തിഹത്യ നടത്താൻ പോലും മടിക്കാറില്ല. ഇപ്പോഴത്തെ റിവ്യൂ എന്ന് പറയുന്നത് ഇത്തിൾക്കണ്ണി പോലെയാണ്. പടർന്ന് പന്തലിച്ച നല്ല സിനിമയെന്ന മരത്തെ വലിച്ചെടുത്ത് ഇല്ലാതാക്കുകയാണ്. എന്തായാലും ഈ വിഷയത്തിൽ കോടതി ഇടപെട്ടത് സിനിമാ മേഖലയുടെ വളർച്ചയ്ക്ക് ആശ്വാസമാണ്.

അഭിനയത്തോടൊപ്പം ടിനി ആദ്യമായി പിന്നണി പാടിയ ഗാനവും ഹിറ്റാണല്ലോ ....?

അതെ, രഞ്ജിത്ത് ലാൽ സംവിധാനം ചെയ്യുന്ന മത്ത് എന്ന ചിത്രത്തിലാണ് അപ്രതീക്ഷിതമായി പിന്നണി ഗാനം പാടാൻ അവസരം ലഭിച്ചത്. അപ്പൻ എന്ന കഥാപാത്രമായാണ് ഞാൻ അഭിനയിക്കുന്നത്. കേരളത്തിലെ പ്രതിഭാധനരായ ധാരാളം നാടക പ്രവർത്തകരും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. സംവിധായകന്റെ പ്രോത്സാഹനത്തിലാണ് പാട്ട് പാടാൻ തയ്യാറായത്. സിനിമയിൽ എത്തിയിട്ട് വർഷങ്ങളായെങ്കിലും ആദ്യമായാണ് പിന്നണി പാടിയത്. 'എന്റെ കുഞ്ഞല്ലേ...., എന്റെ മുത്തല്ലേ... അച്ഛന്റെ ദുഃഖം... 'എന്ന ഗാനം വൈറലാവുകയും ചെയ്തു.

ടിനി ടോം നിർമ്മാതാവുന്ന മലബാർ എന്ന ചിത്രം പൂർത്തിയായോ..?

ഇല്ല , ഫുട്‌ബോൾ മത്സരത്തെ അടിസ്ഥാനമാക്കിയുള്ള മലബാർ എന്ന ചിത്രത്തിൽ മാമുക്കോയയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മാമുക്കോയ മരിച്ചതോടെ ചിത്രീകരണം നിന്നു പോവുകയായിരുന്നു. കഥയിൽ ചെറിയ മാറ്റങ്ങൾ വരുത്തി മലബാറിന്റെ ചിത്രീകരണം ഒട്ടും വൈകാതെ തുടങ്ങും.

ടിനി ടോമിന്റെ പുതിയ ചിത്രങ്ങളെക്കുറിച്ച് സൂചിപ്പിക്കാമോ..?

പെരും കളിയാട്ടം എന്ന ചിത്രത്തിൽ തെയ്യം സംഘടിപ്പിക്കാൻ ഓടി നടക്കുന്ന മലയനെന്ന മുഴുനീള കഥാപാത്രമായാണ് അഭിനയിക്കുന്നത്. ജോഷി സാറിന്റെ ആന്റണിയെന്ന ചിത്രത്തിൽ സേവ്യർ എന്ന കഥാപാത്രമാണ്. പോലീസ് ഡേയാണ് ഞാൻ കേന്ദ്ര കഥാപാത്രമാവുന്ന മറ്റൊരു ചിത്രം. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ ഈ ചിത്രത്തിൽ പോലീസ് ഐ.പി.എസ്. ഓഫീസറായാണ്  അഭിനയിക്കുന്നത്. ഒരു പെൺകുട്ടിയുടെ മരണത്തെ തുടർന്ന് നടക്കുന്ന ഇൻ വെസ്റ്റിഗേഷനാണ് പോലീസ് ഡേയുടെ ഇതിവൃത്തം. സൺ ഓഫ് ഗ്യാങ്സ്റ്റർ ആണ് ഞാനഭിനയിക്കുന്ന ശ്രദ്ധേയമായ മറ്റൊരു ചിത്രം. ശക്തമായ വില്ലൻ കഥാപാത്രമായാണ് അഭിനയിക്കുന്നത്.

 

 എം.എസ്. ദാസ് മാട്ടുമന്ത

  ഫോട്ടോ: ഗിരിശങ്കർ 


LATEST VIDEOS

Interviews