ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്.
ടൈറ്റാനിക് എന്ന കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാനായി അറ്റ്‌ലാന്റിക് സമുദ്രന്തർഭാഗത്തേക്ക് പോയ ടൈറ്റൻ പേടകം അപകടത്തിൽ പെട്ട് അഞ്ച് യാത്രികർ മരിച്ച സംഭവം സിനിമയാകുന്നു. മൈൻഡ്‌റയറ്റ് എന്റർടൈൻമെന്റാണ് ഹോളിവുഡിൽ ടൈറ്റൻ ദുരന്തത്തെ പ്രമേയമാക്കി പുതിയ സിനിമ പ്രഖ്യാപിച്ചത്. ഇ ബ്രയാൻ ഡബ്ബിൻസാണ് ചിത്രത്തിന്റെ സഹനിർമാതാവ്.
ജസ്റ്റിൻ മഗ്രേഗർ, ജോനാഥൻ കേസി എന്നിവരാണ് തിരക്കഥ ഒരുക്കുന്നത്. ദുരന്തത്തിന് ഇരയായവർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമുള്ള ആദരവായിരിക്കും ആ ചിത്രമെന്ന് ജോനാഥൻ കേസി പറഞ്ഞു. സത്യമാണ് വലുത്. ലോകത്തിന് സത്യം അറിയാനുള്ള അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2023 ജൂൺ മാസത്തിലായിരുന്നു ടൈറ്റൻ ദുരന്തം. ഓഷ്യൻഗേറ്റ് എക്‌സ്‌പെഡീഷൻസ് കമ്പനിയുടെ ജലപേടകമായിരുന്നു ടൈറ്റൻ. അഞ്ച് യാത്രികരാണ് ദുരന്തത്തിന് ഇരയായത്. ബ്രിട്ടീഷ് കോടീശ്വരൻ ഹാമിഷ് ഹാൻഡിംഗ്, ബ്രിട്ടീഷ്- പാകിസ്ഥാനി വ്യവസായി ഷെഹ്‌സാദ ദാവൂദ്, മകൻ സുലെമാൻ, ഓഷ്യൻഗേറ്റ് എക്‌സ്‌പെഡിഷൻ ഉടമ സ്റ്റോക്ടൻ റഷ്, മുങ്ങൽ വിദഗ്ധൻ പോൾ ഹെന്റി എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.