ആരെയും ഭാവഗായകനാക്കുന്ന ആത്മസൗന്ദര്യത്തിന്‍റെ നിര്‍മ്മലരൂപമായ നഖക്ഷതങ്ങളിലെ ബധിരയും മൂകയുമായ ലക്ഷ്മിയെ ഓര്‍മ്മയില്ലേ...? അകാലത്തില്‍ പൊലിഞ്ഞ മോനിഷയോടൊപ്പം ലക്ഷ്മിയായി മത്സരിച്ചഭിനയിക്കാന്‍ സലീമയെന്ന അഭിനേത്രിയെ കണ്ടെത്തിയത് സംവിധായകന്‍ ഹരിഹരനും, എം.ടിയുമാണ്. പ്രണയത്തിന്‍റെ ലാസ്യഭാവങ്ങളും വിരഹത്തിന്‍റെ ആത്മനൊമ്പരവുമായി ബിഗ് സ്ക്രീനില്‍ നിറഞ്ഞുനിന്നിരുന്ന സലീമ പ്രേക്ഷകമനസ്സുകളേയും വല്ലാതെ നൊമ്പരപ്പെടുത്തിയിരുന്നു.
പ്രണയത്തിന് ഊഷ്മളത പകരുന്ന എക്കാലത്തേയും ഹിറ്റ്ചിത്രമായ നഖക്ഷതങ്ങളിലെ ലക്ഷ്മി സലീമയുടെ കയ്യില്‍ ഭദ്രമായിരുന്നു. നഖക്ഷതങ്ങള്‍ റിലീസ് ചെയ്തപ്പോള്‍ സുന്ദരിയായ ലക്ഷ്മി ജന്മനാതന്നെ ബധിരയും മൂകയുമാണോയെന്ന് പോലും സംശയിച്ച പ്രേക്ഷകരുണ്ടായിരുന്നു. നഖക്ഷതങ്ങള്‍ക്കുശേഷം ഹരിഹരന്‍, എം.ടി ടീമിന്‍റെ ആരണ്യകത്തില്‍ സലീമ നായികയായി അഭിനയിച്ചു. നാനൂറോളം സിനിമകളില്‍ അഭിനയിച്ച തെലുങ്ക് നടി ഗിരിജയുടെ മകളായ സലീമ രണ്ടായിരാമാണ്ടില്‍ ചലച്ചിത്രാഭിനയത്തോട് വിട പറയുകയായിരുന്നു.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം അടുത്ത കാലത്തിറങ്ങിയ രേഖാചിത്രത്തിലൂടെ സലീമ വീണ്ടും മലയാളസിനിമയില്‍ എത്തിയിരുന്നു. ഈ ചിത്രത്തില്‍ ആലീസ്, പുഷ്പ എന്നീ പേരുകളില്‍ അറിയപ്പെടുന്ന നെഗറ്റീവ് ടച്ചുള്ള കഥാപാത്രത്തിലൂടെയാണ് സലീമ മലയാളി പ്രേക്ഷകരുടെയിടയിലേക്ക് രണ്ടാം വരവ് നടത്തിയിരിക്കുന്നത്.
സലീമയിപ്പോള്‍ ചെന്നൈയില്‍ ചിത്രീകരണം നടക്കുന്ന ജയിലറിന്‍റെ സംവിധായകന്‍ നെല്‍സണ്‍ നിര്‍മ്മിക്കുന്ന ബ്ലെഡി ബെഗ്ഗര്‍ എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ കഥാപാത്രമായി അഭിനയിച്ചുകൊണ്ടിരിക്കുന്നു. രേഖാചിത്രത്തിന്‍റെ വിജയത്തോടെ മലയാള സിനിമയില്‍ സജീവമാവാന്‍ ആഗ്രഹിക്കുന്ന സലീമ സംസാരിക്കുകയാണ്.
രേഖാചിത്രത്തിലൂടെ സലീമ മലയാള സിനിമയിലേക്ക് നടത്തിയ രണ്ടാംവരവിനെപ്പറ്റി പറയാമോ ?
അതൊരു മഹാഭാഗ്യമായി ഞാന്‍ കരുതുന്നു. ചിത്രത്തിന്‍റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറാണ് രേഖാചിത്രത്തിലേക്ക് എന്നെ വിളിച്ചത്. മലയാളത്തിന് പുറമെ രേഖാചിത്രം ഒ.ടി.ടിയില്‍ റിലീസ് ചെയ്തതോടെ തമിഴ്നാട്ടില്‍ നിന്നും ആന്ധ്രയില്‍ നിന്നും നിരവധി പേര്‍ എന്നെ വിളിച്ച് അഭിനന്ദിച്ചിരുന്നു. തുടക്കത്തില്‍ ആലീസായും പിന്നീട് പുഷ്പയായും അറിയപ്പെടുന്ന കഥാപാത്രം എന്‍റെ അഭിനയജീവിതത്തില്‍ മറക്കാനാവാത്തതാണ്. അടുത്തകാലത്ത് ഹൈദരാബാദില്‍ പോയപ്പോള്‍ ധാരാളം മലയാളികള്‍ എന്‍റെയടുത്ത് വന്ന് രേഖാചിത്രത്തിലെ അഭിനയത്തെക്കുറിച്ച് സംസാരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു. അതാവട്ടെ കൂടുതല്‍ മലയാള സിനിമകളില്‍ അഭിനയിക്കാനുള്ള പ്രചോദനമാണ് എന്നിലുണ്ടാക്കിയത്. ശരിക്കും പറഞ്ഞാല്‍ രേഖാചിത്രം എന്‍റെ അഭിനയജീവിതത്തില്‍ ഒരു റീബെര്‍ത്താണ്.
സാധാരണഗതിയില്‍ ഒരു പ്രായമാവുമ്പോള്‍ കരഞ്ഞും, സങ്കടപ്പെട്ടും നില്‍ക്കുന്ന അമ്മവേഷങ്ങളാണ് ലഭിക്കാറുള്ളത്. എന്നാല്‍, രേഖാചിത്രത്തിലെ വളരെ സ്ട്രോങ്ങായ കഥാപാത്രത്തെ വണ്ടര്‍ഫുള്‍ എന്നേ വിശേഷിപ്പിക്കാനാവൂ.
വര്‍ഷങ്ങളുടെ ഇടവേളയ്ക്കുശേഷം വീണ്ടും ക്യാമറയുടെ മുന്നില്‍ കഥാപാത്രമായപ്പോള്‍...?
വല്ലാത്തൊരു അനുഭവം തന്നെയായിരുന്നു. സംവിധായകന്‍ ആക്ഷന്‍ പറയുമ്പോള്‍ കഥാപാത്രത്തിന്‍റെ മനസ്സറിഞ്ഞ് ക്യാമറയുടെ മുന്നില്‍ അഭിനയിക്കാന്‍ കഴിയുകയെന്നത് മഹാഭാഗ്യമായാണ് ഞാന്‍ കരുതുന്നത്. രണ്ടായിരാമാണ്ടില്‍ സിനിമയില്‍ സാമാന്യം തിരക്കുള്ള സമയത്താണ് ഞാന്‍ അഭിനയം നിര്‍ത്തുന്നത്. ഓട്ടോമൊബൈല്‍ ബിസിനസ്സ് രംഗത്തും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സിലും ഞാന്‍ സജീവമായിരുന്നു. മലയാളി സുഹൃത്തുക്കളുടെ പ്രോത്സാഹനമാണ് വീണ്ടും സിനിമയിലേക്ക് വരാന്‍ കാരണമായത്. നീണ്ട ഇടവേളയ്ക്കുശേഷമുള്ള ഇരുപത്തിയഞ്ചാം വര്‍ഷത്തിലെ രണ്ടാം വരവില്‍ മലയാളത്തില്‍ അഭിനയിച്ച രേഖാചിത്രം വന്‍വിജയം നേടിയതില്‍ നിറഞ്ഞ സംതൃപ്തിയാണുള്ളത്.