തുടരും സിനിമ വന്നതോടുകൂടി മലയാളികള്‍ എല്ലാവരും പറയുന്നു ഞങ്ങള്‍ക്ക് ഞങ്ങളുടെ പഴയ ലാലേട്ടനെ തിരിച്ചുകിട്ടിയെന്ന്. ശരിക്കും മലയാളികള്‍ക്ക് ആരാണ് ലാലേട്ടന്‍? താങ്കളുടെ നിരീക്ഷണം എന്താണ്?
ചിലര്‍ക്ക് സഹോദരനെ പ്പോലെയാണെങ്കില്‍ ചിലര്‍ക്ക് അച്ഛനെപ്പോലെ, മറ്റുചിലര്‍ക്ക് ഏറ്റവും അടുത്തൊരു സുഹൃത്ത്. ഇതാണ് ലാലേട്ടന്‍. മോഹന്‍ലാല്‍ എന്ന മഹാനടന്‍ വര്‍ഷങ്ങളായി കണ്ടുകൊണ്ടിരിക്കുന്ന ആളാണ് ഞാന്‍. എല്ലാ ഇമോഷനും ഒരേപോലെ സ്ക്രീനിന് മുന്നില്‍ അവതരിപ്പിക്കാന്‍ കഴിയുന്ന അഭിനയമികവ്. എല്ലാ തലമുറയില്‍പ്പെട്ട ആളുകളെയും ഒരുപോലെ സ്വാധീനിക്കാന്‍ അദ്ദേഹത്തിന് കഴിയുന്നു.
പുതിയ കാലത്ത് ഒരു സിനിമ പരാജയപ്പെടുമ്പോള്‍ സോഷ്യല്‍ മീഡിയ വഴി വലിയ രീതിയിലുള്ള ആക്രമണങ്ങള്‍ ഉണ്ടാകുന്നതായി തോന്നിയിട്ടുണ്ടോ?
തീര്‍ച്ചയായും. പ്രേക്ഷകര്‍ക്ക് വിമര്‍ശിക്കാന്‍ അവകാശമുണ്ട്. വിമര്‍ശിച്ചോട്ടെ. പക്ഷേ എല്ലാത്തിനും ഒരു ബ്രീത്തിംഗ്ടൈം കൊടുക്കണം എന്ന് എനിക്ക് പറയാനുണ്ട്. ഒരു സിനിമ പരാജയപ്പെടുമ്പോള്‍ വലിയ നഷ്ടത്തിലേക്ക് ആണ് അതിന്‍റെ നിര്‍മ്മാതാവ് എത്തിപ്പെടുന്നത്. എളുപ്പം നികത്താന്‍ ആവുന്ന ഒരു നഷ്ടമല്ല അത്. അത് ചിലപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വിമര്‍ശിക്കുന്നവര്‍ക്ക് അറിയണമെന്നില്ല.
വെറും സാമ്പത്തികലാഭം മാത്രം കണക്കിലെടുക്കാതെ എന്താണ് സിനിമ എന്ന് കൃത്യമായ ധാരണയുള്ള ഒരു നിര്‍മ്മാതാവാണ് രഞ്ജിത്ത് എന്ന് മുന്നേ പല ആളുകളും പറഞ്ഞുകേട്ടിട്ടുണ്ട്..?
അച്ഛന്‍ ഒരു കോണ്‍ഗ്രസുകാരന്‍ ആയിരുന്നുവല്ലോ. അതുകൊണ്ടുതന്നെ എനിക്ക് ചെറുപ്പം മുതലേ നല്ല സംഘടനാപാടവം ഉണ്ടായിരുന്നു. ആളുകളോട് എങ്ങനെ പെരുമാറണം എന്നുള്ളത് ഉള്‍പ്പെടെ അങ്ങനെയാണ് സ്വായത്തമാക്കിയത്. അച്ഛന്‍ നേരിട്ട എല്ലാ ബുദ്ധിമുട്ടുകളും ഞാന്‍ നേരിട്ട് കണ്ടിട്ടുണ്ട്. അതെല്ലാം ഒരുപരിധിവരെ എന്നില്‍ പ്രചോദനം ഉണ്ടാക്കിയിട്ടുണ്ട്. ഞാന്‍ സിനിമയിലേക്ക് വരാനുള്ള ഏറ്റവും വലിയ കാരണം എന്‍റെ അമ്മയാണ്. എന്‍റെ അമ്മയുടെ സഹോദരനാണ് ചേലങ്ങാട്ട് ഗോപാലകൃഷ്ണന്‍. ആ വഴിയാണ് സിനിമയിലേക്ക് കയറുന്നത്. സിനിമയില്‍ ഞാന്‍ വളരാന്‍ കാരണമായ സപ്പോര്‍ട്ട് തന്നതും അമ്മയാണ്.
വിജയത്തിലും പരാജയത്തിലും ഒക്കെ എങ്ങനെയാണ് അച്ഛനും അമ്മയും ഒപ്പം നിന്നിരുന്നത്?
ആദ്യത്തെ സിനിമ വലിയ ഹിറ്റായിരുന്നു. രണ്ടാമത്തേതും വലിയ കുഴപ്പമില്ലായിരുന്നു. മൂന്നാമത്തെ ചിത്രം മുതല്‍ പരാജയത്തിന്‍റെ രുചി അറിഞ്ഞുതുടങ്ങി. ചെറിയ പ്രായത്തില്‍ തന്നെ വലിയ പരാജയങ്ങള്‍ ഏറ്റുവാങ്ങി തുടങ്ങി. ഇന്നത്തെപ്പോലെ ഒരു വലിയ വരുമാനമാര്‍ഗ്ഗം ആയിരുന്നില്ല അന്ന് സിനിമ നിര്‍മ്മിക്കുന്നതില്‍ നിന്ന് കിട്ടിയിരുന്നത്. തിയേറ്റര്‍ വരുമാനം മാത്രമായിരുന്നു അന്ന്. ഒരു സിനിമ പരാജയപ്പെട്ടാല്‍ മുഴുവന്‍ പ്രശ്നത്തിലാകും. ചെറിയ പ്രായത്തില്‍ തന്നെ വലിയ കടങ്ങള്‍ ആണ് നമ്മള്‍ക്ക് ഉണ്ടാകുന്നത്. അമ്മയെയും അച്ഛനെയും ഫേസ് ചെയ്യാനുള്ള ബുദ്ധിമുട്ട് പോലും ഉണ്ടായിട്ടുണ്ട്. ഒരുപാട് കഷ്ടപ്പെട്ടാണ് ആ പ്രശ്നങ്ങളെല്ലാം തരണം ചെയ്തത്. ഞാന്‍ തിരിച്ചുവന്നപ്പോള്‍ എന്‍റെ അച്ഛന്‍റെയും അമ്മയുടെയും മുഖത്ത് വലിയ സന്തോഷം കണ്ടു. സിനിമയോടുള്ള താല്‍പ്പര്യവും ഇഷ്ടവും അത്രമാത്രം ഉണ്ടായിരുന്നതുകൊണ്ടും വിടാതെ അതിനെ പിന്തുടര്‍ന്നതുകൊണ്ടുമാണ് അങ്ങനെ സംഭവിച്ചത്. അതുകൊണ്ട് മാത്രമാണ് എനിക്ക് രക്ഷപ്പെടാന്‍ ആയത് എന്നാണ് ഞാന്‍ വിശ്വസിക്കുന്നത്.
കുടുംബത്തെക്കുറിച്ച്?
ഭാര്യ ചിപ്പി രഞ്ജിത്ത്. ഞങ്ങള്‍ ഒന്നിച്ചാണ് രജപുത്ര വിഷ്വല്‍ മീഡിയ എന്ന നിര്‍മ്മാണ കമ്പനിയെ നയിക്കുന്നത്. അതിന്‍റെ കീഴില്‍ ചിപ്പി 'അവന്തിക ക്രിയേഷന്‍സ്' എന്ന ഉപകമ്പനിയുടെ മേല്‍നോട്ടവും വഹിക്കുന്നു. മകള്‍ അവന്തിക രഞ്ജിത്ത്. അവന്തിക രജപുത്ര മീഡിയയിലൊരു എക്സിക്യുട്ടീവ് പ്രൊഡ്യൂസറാണ്.
അപ്പൂസ് കെ.എസ്