NEWS

കഥാപാത്രങ്ങളുടെ ഹൃദയം തൊട്ടറിഞ്ഞ്...

News

ആക്ഷൻ ഹീറോ ബിജുവെന്ന ചിത്രത്തിൽ രോഹിണിയുടെ മകളായി മികവാർന്ന അഭിനയം കാഴ്ചവച്ചതോടെയാണ് ജയശ്രീ ശിവദാസ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. ബാലതാരമായി സിനിമയിലേക്ക് കടന്നുവന്ന ജയശ്രീ ഇപ്പോൾ നായികാവേഷങ്ങളിൽ ചുവടുറപ്പിക്കുകയാണ് ആർക്ക് ലൈറ്റുകളുടെ വെള്ളിവെളിച്ചത്തിൽ ചലിക്കുന്ന ക്യാമറയ്ക്ക് മുന്നിൽ കഥാപാത്രത്തിന്റെ ഹൃദയം തൊട്ടറിയാൻ ജയശ്രീക്ക് നിമിഷങ്ങൾ മതി.

തൃശൂർ നെല്ലങ്കരയിൽ ശിവദാസിന്റെയും സ്വപ്നയുടെയും മകളായ ജയശ്രീ ഭരതനാട്യത്തിലും മോഹിനിയാട്ടത്തിലും തന്റേതായ പ്രതിഭ തെളിയിച്ചിരുന്നു. സിനിമാഭിനയത്തിന്റെ തിരക്കുകൾക്കിടയിൽ എറണാകുളത്ത് ചാർട്ടേർഡ് അക്കൗണ്ടന്റ് ട്രെയിനിയായി ജയശ്രീ ജോലി ചെയ്യുന്നുണ്ട്.

നവാഗതനായ ശ്രീജി ബാലകൃഷ്ണൻ സംവിധാനം ചെയ്യുന്ന ചന്ദ്രനും പോലീസും എന്ന ചിത്രത്തിൽ നായികയായി അഭിനയിക്കുന്ന ജയശ്രീ ശിവദാസ് സംസാരിക്കുകയാണ്.
 

ജയശ്രീ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചന്ദ്രനും പോലീസും എന്ന ചിത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ..?

പോലീസുകാരിയായ അശ്വതിയെന്ന നായികാകഥാപാത്രമായാണ് ഈ ചിത്രത്തിൽ ഞാൻ അഭിനയിക്കുന്നത്. നേരത്തെ നിത്യഹരിതനായകനിൽ നാല് നായികമാരിൽ ഒരാളായിരുന്നുവെങ്കിലും അഭിനയസാധ്യതയുള്ള കേന്ദ്ര കഥാപാത്രമാവുന്ന ആദ്യ ചിത്രം ചന്ദ്രനും പോലീസുമാണ്.
ഈ ചിത്രത്തിലെ അശ്വതിയെന്ന കഥാപാത്രത്തെക്കുറിച്ച് ഏറെ പ്രതീക്ഷയാണുള്ളത്.

ചന്ദ്രനും പോലീസും എന്ന ചിത്രത്തിലൂടെ പോലീസ് വേഷത്തിലേക്കുള്ള വഴിതെളിഞ്ഞത് ആക്ഷൻ ഹീറോ ബിജുവിലെ യൂണിഫോമിട്ട എൻ.സി.സി കേഡറ്റായ കഥാപാത്രമായിരുന്നോ...?

ആക്ഷൻ ഹീറോ ബിജുവിൽ സ്റ്റുഡന്റ്‌സ് കേഡറ്റായ കഥാപാത്രത്തെ അവതരിപ്പിച്ചെങ്കിലും തികച്ചും അപ്രതീക്ഷിതമായാണ് യൂണിഫോമിട്ട വനിതാ പോലീസ് കോൺസ്റ്റബിളിന്റെ വേഷം ലഭിച്ചത്. ജീവിതത്തിൽ പോലീസ് വേഷം ഒരിക്കലും ആഗ്രഹിച്ചില്ലെങ്കിലും സിനിമയിൽ യാഥാർത്ഥ്യമായതിൽ വളരെയേറെ സന്തോഷമുണ്ട്. വളരെ വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്.

ബാലതാരമായി സിനിമയിലെത്തിയ ജയശ്രീ് വ്യത്യസ്തമായ കഥാപാത്രങ്ങൾ ലഭിക്കുമ്പോൾ ഹോം വർക്ക് നടത്താറൂണ്ടോ...?

തീർച്ചയായും ബാലതാരമായി അഭിനയിക്കുമ്പോൾ തന്നെ ഓരോ കഥാപാത്രങ്ങൾ ലഭിക്കുമ്പോഴും ഞാൻ കണ്ട ആളുകളെയൊക്കെ ഓർമ്മ വരും. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിക്കുമ്പോൾ എൻ.സി.സി കേഡറ്റുകളുടെ പരിപാടി ഞാൻ കണ്ടിരുന്നു. അവരുടെ നൃത്തം, സല്യൂട്ട് ചെയ്യുന്നത് ഉൾപ്പെടെയുള്ള കാര്യങ്ങൾ നിരീക്ഷിച്ചശേഷമാണ് ക്യാമറയുടെ മുന്നിലെത്തിയത്. അത് ഏറെ  ഗുണകരമായി മാറുകയും ചെയ്തു.

ചന്ദ്രനും പോലീസും എന്ന ചിത്രത്തിൽ പോലീസ് കോൺസ്റ്റബിളായ കഥാപാത്രമാണെന്നറിഞ്ഞതോടെ പോലീസുകാരുടെ മാനറിസങ്ങൾ കണ്ടറിയാൻ എറണാകുളം നോർത്ത് പോലീസ് സ്റ്റേഷനിൽ ഞാൻ പോയിരുന്നു. രണ്ട് മണിക്കൂർ നേരം ഞാൻ സ്റ്റേഷനിലുണ്ടായിരുന്നു. പരാതിക്കാരും കുറ്റമാരോപിക്കപ്പെടുന്നവരും ഒരേസമയം സ്റ്റേഷനിലെത്തുമ്പോൾ ശരിയും തെറ്റും തിരിച്ചറിഞ്ഞ് നീതിയുടെ പക്ഷത്തുനിന്നുകൊണ്ടുള്ള പോലീസിന്റെ ഇടപെടൽ ശരിക്കും കൗതുകമുണർത്തിയിരുന്നു. രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന പോലീസുകാർ സ്റ്റേഷനിലെത്തുമ്പോൾ വിവിധ പരാതികൾക്കിടയിലേക്ക് കടന്നുപോവുന്നതും ഇതിനിടയിലെ കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങളും ഉൾപ്പെടെയുള്ള ഇമോഷൻസും അടുത്തറിയുകയായിരുന്നു.പോലീസ് സ്റ്റേഷനിലെ രണ്ട് മണിക്കൂർ നേരത്തെ എക്‌സ്പീരിയെൻസ് അശ്വതിയെന്ന കഥാപാത്രമായി ക്യാമറയുടെ മുന്നിൽ നിൽക്കുമ്പോൾ ഏറെ സഹായകമായി.

അഭിനയിച്ച് പ്രതിഫലിപ്പിച്ച കഥാപാത്രങ്ങളെക്കുറിച്ച്?

സ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ സിനിമാഭിനയത്തിന് താൽപ്പര്യമുണ്ടായിരുന്നു. ഒരിടത്തൊരു പുഴയുണ്ടായിരുന്നു എന്ന ചിത്രത്തിൽ സുമംഗലയെന്ന നായികാപ്രാധാന്യമുള്ള ബാലതാരമായി അഭിനയിച്ചിരുന്നു. ചക്കരമുത്ത്, ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക് തുടങ്ങിയ ചിത്രങ്ങളിൽ കാവ്യാമാധവന്റെ കുട്ടിക്കാലം അവതരിപ്പിച്ചു. ആക്ഷൻ ഹീറോ ബിജുവിന് പുറമെ നിത്യഹരിത നായകനിൽ നാല് നായികമാരിൽ ഒരാളായും അഭിനയിച്ചിരുന്നു.

മഹാവീര്യർ എന്ന ചിത്രത്തിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന ജയശ്രീ ശിവദാസ് ചലച്ചിത്ര സംവിധായികയാവാനുള്ള തയ്യാറെടുപ്പിലാണോ...?

അതെ. ഫിലിം മേക്കിംഗ് എനിക്കിഷ്ടമാണ്. കുമ്പളങ്ങി നൈറ്റ്‌സ് കണ്ടപ്പോഴാണ് സംവിധാനം പഠിക്കാനുള്ള പ്രചോദനമുണ്ടായത്. ആക്ഷൻ ഹീറോ ബിജുവിലെ സുഹൃത്തുക്കളാണ് മഹാവീര്യരിലും ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ കുടുംബത്തിലേക്ക് തിരികെയെത്തിയ ഫീലിംഗാണ് എനിക്കുണ്ടായത്. മാത്രമല്ല മഹാവീര്യരിലെ നായികയായിരുന്ന ചൻസി ശ്രീവാസ്തവയുടെ ഡയലോഗ് ട്രാൻസ്ലേഷൻ കൂടി എന്റെ ഉത്തരവാദിത്തമായിരുന്നു. മഹാവീര്യരിൽ അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിച്ചത് നല്ലൊരു അനുഭവം തന്നെയായിരുന്നു. നേരത്തെ സുഹൃത്തുക്കളോടൊപ്പം ചേർന്ന് ഷോർട്ട് ഫിലിമുകൾ ചെയ്തിരുന്നു. ഇതിനിടയിൽ ഞാൻ സംവിധാനം ചെയ്ത ഋത്വാ.. എന്ന ഷോർട്ട് ഫിലിം ഏറെ ശ്രദ്ധിക്കപ്പെടുകയും ചെയ്തു. പ്രണയം നമ്മളെ അടയാളപ്പെടുത്തുന്ന മ്യൂസിക്കിന് പ്രാധാന്യം നൽകിയുള്ള ഷോർട്ട് ഫിലിമാണത്.

ജയശ്രീയുടെ മനസ്സിലുള്ള കഥാപാത്രങ്ങൾ...?

പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന കഥാപാത്രങ്ങൾ ചെയ്യാനാണ് താൽപ്പര്യം. അഭിനയത്തിന്റെ കാര്യത്തിൽ ഞാൻ ഇഷ്ടപ്പെടുന്ന നായികമാർ ഉർവ്വശി ചേച്ചിയും ശോഭനചേച്ചിയുമാണ്. ഒരുപാട് വർഷത്തെ പ്രയത്‌നത്തിലൂടെയാണ് ഇവരൊക്കെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവരായി മാറിയത്. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സഞ്ചരിക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ നല്ല കഥാപാത്രങ്ങൾക്കുവേണ്ടി ഞാൻ കാത്തിരിക്കുകയാണ്.


LATEST VIDEOS

Top News