NEWS

'ആടു ജീവിതം ചെയ്യാൻ വലിയ കൊതി തോന്നിയിട്ടുണ്ട്, രാജുവേട്ടന്റെ അവസ്ഥ വിഷമിപ്പിച്ചു'; ടൊവിനോ

News

സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ആടുജീവിതം. സിനിമയ്ക്കുവേണ്ടി പൃഥ്വിരാജ് നടത്തിയ കഠിനാധ്വാനം മലയാളികൾ കണ്ടതാണ്. കോവിഡ് കാലത്ത് വിദേശത്ത് കുടുങ്ങിയ പൃഥ്വിരാജ് ശാരീരികമായി ഏറെ ബുദ്ധിമുട്ടിലൂടെയാണ് കടന്നുപോയത്. പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരുന്ന തരത്തിലാണ് സിനിമ എന്നാണ് ട്രെയിലർ നൽകിയ സൂചന. ഇപ്പോൾ പൃഥ്വിരാജിനെ അധ്വാനത്തെ പ്രശംസിച്ചിരിക്കുകയാണ് ടൊവിനോ തോമസ്.

ശരാശരി ഒരു സിനിമയ്ക്ക് അഭിനേതാക്കൾ എടുക്കുന്നതിനെക്കാൾ എഫേർട്ട് ആണ് പൃഥ്വിരാജ് ആടുജീവിതത്തിനായി എടുത്തത് എന്നാണ് ടൊവിനോ പറഞ്ഞത്.  ലോക്ഡൗണിൽ പൃഥ്വിരാജ് വെയ്റ്റ് കുറച്ച അവസ്ഥ തുടരേണ്ടി വന്നെന്ന് അറിഞ്ഞപ്പോൾ വലിയ വിഷമം തോന്നിയെന്നും ടൊവിനോ കൂട്ടിച്ചേർത്തു. ആഷിഖ് അബു സംവിധാനം ചെയ്യുന്ന നീലവെളിച്ചത്തിന്റെ പ്രമോഷന്റെ ഭാ​ഗമായുള്ള അഭിമുഖത്തിലാണ് പൃഥ്വിരാജിനെ പ്രശംസിച്ച് ടൊവിനോ രം​ഗത്തെത്തിയത്.

ബഷീറിൻറെ നീലവെളിച്ചം പോലെ എനിക്ക് ചെയ്യാൻ ആഗ്രഹം ഉള്ള ഒരു രചനയാണ് ഖസാക്കിൻറെ ഇതിഹാസം. അതുപോലെ ഭയങ്കര ഇഷ്ടമായ ഒന്നാണ് ആടുജീവിതം. ഒട്ടും എളുപ്പമായിട്ടുള്ള കാര്യമല്ല എന്നാലും വലിയ കൊതി തോന്നിയിട്ടുണ്ട്. രാജു ഏട്ടൻ അതിനുവേണ്ടി എടുത്ത എഫേർട്ട് ഒക്കെ നമ്മൾ കണ്ടതാണ്. ശരാശരി ഒരു ആക്ടർ സിനിമയ്ക്ക് വേണ്ടി എടുക്കുന്ന എഫേർട്ടിനെക്കാൾ കൂടുതൽ ആടുജീവിതത്തിനായി അദ്ദഹേം എടുത്തിട്ടുണ്ട്.  ആ സമയത്താണ് കൊറോണ വന്നത്. പുള്ളിക്ക് ആ വെയ്റ്റ് പിന്നെയും തുടർന്ന് ചേയ്യേണ്ടി വന്നു. അതായത് ലോക്ഡൗൺ വന്നതുകൊണ്ട് സിനിമയുടെ ഷൂട്ടിന് വേണ്ടി ചെയ്തതെല്ലാം വീണ്ടും തുടർന്ന് പോകേണ്ടി വന്നു. അത്രയും ചെറിയ സമയം കൊണ്ട് ആ സിനിമയിൽ കാണുന്നതുപോലെ വെയ്റ്റ് കുറയ്ക്കുക എന്ന് പറയുന്നത് വലിയ എഫേർട്ട് വേണ്ട കാര്യമാണ്. നമ്മൾ കാണുന്ന സുന്ദരനും സുമുഖനുമായ രാജു ചേട്ടനിൽ നിന്നും അങ്ങനെയൊരു രൂപത്തിലേക്ക് മാറുക എന്ന് പറയുന്നത് ചെറിയ കാര്യമല്ല. വലിയ കാര്യമാണത്. അതിൻറെ കൂടെ ലോക്ഡൗണും കാര്യങ്ങളുമായി നീണ്ടു പോവുകയും ചെയ്തപ്പോൾ പേഴ്സണലി എനിക്ക് വലിയ വിഷമം തോന്നിയിരുന്നു. ഒരു ആക്ടർ ഇത്രയും ഡെഡിക്കേറ്റഡായി കമ്മിറ്റഡായിട്ട് എഫേർട്ട് എടുത്തിട്ട് അങ്ങനെയൊരു അനുഭവം ഉണ്ടായത് എത്ര ദൗർഭാഗ്യകരമാണ്. ആ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ലോക്ഡൗൺ തീരുന്നത് വരെ ബിരിയാണി വാങ്ങിച്ച് കഴിക്കുമായിരുന്നു. രാജു ഏട്ടനായത് കൊണ്ട് മെയിൻന്റൈൻ ചെയ്ത് പോയി.- ടൊവിനോ പറഞ്ഞു.


LATEST VIDEOS

Top News