NEWS

ട്രാഫിക്ക് ബ്ലോക്ക് ഉണ്ടാക്കിയ ട്രാഫിക്ക് പോലീസ് -ജിബിന്‍ ഗോപിനാഥ്

News

കുട്ടിക്കാലത്തെ സിനിമയെ ഒരു അത്ഭുതമായി നോക്കിക്കണ്ടിരുന്ന എന്‍റെ മനസ്സില്‍ സിനിമാനടന്‍ ആകണം എന്ന ആഗ്രഹം അന്നേ ഉടലെടുത്തിരുന്നു. സിനിമാ വാര്‍ത്തകളും സിനിമയിലേക്കുള്ള അഭിനേതാക്കളെ ക്ഷണിക്കുന്ന പത്രക്കട്ടിംഗുകളും സൂക്ഷിച്ചുവയ്ക്കാനും, അവയെ തേടി പോകാനും തുടങ്ങി. എട്ടാമത്തെ വയസ്സിലാണ് ആദ്യമായി ഒരു സിനിമ ഓഡിഷന് പങ്കെടുക്കുന്നത്. ഓഡിഷന് പോകുന്നത് സ്ഥിരം ആയതോടെ നാട്ടില്‍ എല്ലാവരും ഒരേ സ്വരത്തില്‍ പറഞ്ഞു 'ഗോപിയണ്ണന്‍റെ മകന്‍ സിനിമാക്കാരന്‍ ആയെന്ന്....' പണ്ട് ആരോ പറഞ്ഞ ആ വാക്കുകള്‍ ഇന്ന് സത്യമാണ്. ഗോപിയണ്ണന്‍റെ മകന്‍ ജിബിന്‍ ഇന്ന് തിരക്കുള്ള സിനിമാക്കാരന്‍ തന്നെയാണ്.

വിദ്യാഭ്യാസ കാലഘട്ടത്തില്‍ നാടകത്തിനും മറ്റ് കലാപരിപാടികള്‍ക്കും വിജയിയായിരുന്ന ഞാന്‍, കോളേജ് പഠനം കഴിഞ്ഞതോടെ ഒരു സ്ഥിരവരുമാനം എന്ന ചിന്തയിലേക്കെത്തി. ഏറ്റവും കൂടുതല്‍ ബഹുമാനവും, അന്നത്തെ രീതിയില്‍ നല്ല വരുമാനവും എന്ന ലക്ഷ്യത്തില്‍ ആദ്യം മനസ്സിലേക്ക് എത്തിയത് പോലീസ് ജോലി ആയിരുന്നു. അങ്ങനെ പി.എസ്. സി എഴുതി 2007 ല്‍ പോലീസ് ജോലി നേടി. യൂണിഫോമില്‍ ഇരുന്ന് സിനിമാക്കഥ പറച്ചിലും ചര്‍ച്ചകളും ആയതോടെ കൂടെയുള്ള പോലീസ് സഹപ്രവര്‍ത്തകര്‍ക്ക് എന്‍റെ സിനിമാഭ്രാന്ത് നന്നായി മനസ്സിലായിരുന്നു. 

ഡിപ്പാര്‍ട്ടുമെന്‍റിന്‍റെ പൂര്‍ണ്ണ പിന്തുണയോടെ ലീവ് എടുത്തു വീണ്ടും ഓഡിഷന് പോകാന്‍ തുടങ്ങി. അന്‍പതോളം സിനിമകളില്‍ അപ്പോഴേക്കും ജൂനിയര്‍ ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചുകഴിഞ്ഞിരുന്നു. ഡയലോഗുള്ള ഒരു നല്ല കഥാപാത്രം കിട്ടണം- പിന്നീട് അത് മാത്രമായി ചിന്ത. അതിനുവേണ്ടി, സിനിമയില്‍ അഭിനയിക്കാനുള്ള പ്രത്യേക പെര്‍മിഷന്‍ ഡിപ്പാര്‍ട്ടുമെന്‍റില്‍ നിന്നും, ഗവണ്‍മെന്‍റില്‍ നിന്നും വാങ്ങിച്ചു. ശ്രമം കുറച്ചുകൂടെ ശക്തമായപ്പോള്‍ 2016 ല്‍ ആദ്യ സിനിമ സംഭവിച്ചു. സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്ത 'വൈ' എന്ന ചിത്രത്തില്‍ ശ്രദ്ധിക്കപ്പെട്ട വേഷം ചെയ്യാനിടയായി. അന്ന് സിനിമാ തിയേറ്ററില്‍ നിന്ന്  ഇറങ്ങി വരുമ്പോഴുണ്ടായ സന്തോഷം പറഞ്ഞറിയിക്കുന്നതിനും അപ്പുറം ആയിരുന്നു.

പിന്നീട് പല സിനിമകളില്‍ ചെറിയ ചെറിയ വേഷങ്ങള്‍ ചെയ്തു. അങ്ങനെ ഇരിക്കെ ആണ് കോവിഡ് കാലത്ത് പൊതുജനങ്ങളിലേക്ക് ഇന്‍ഫര്‍മേഷനുകള്‍ എളുപ്പത്തില്‍ എത്തിക്കാന്‍ എന്ന ഉദ്ദേശത്തില്‍ കേരള പോലീസ്, സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമില്‍ കുട്ടന്‍പിള്ള സ്പീക്കിംഗ് എന്നൊരു വീഡിയോ പരിപാടി സംഘടിപ്പിക്കുന്നത്. അതില്‍ കുട്ടന്‍പിള്ളയായി വരാനുള്ള അവസരം ലഭിച്ചതോടെ കാര്യങ്ങള്‍ ഉഷാറായി. ജനങ്ങള്‍ ആ കഥാപാത്രത്തെ ഇരുകയ്യും നീട്ടി സ്വീകരിച്ചു. ഡിപ്പാര്‍ട്ടുമെന്‍റിനകത്തും പുറത്തും നിന്നുമായി ഒരുപാട് അഭിനന്ദനങ്ങള്‍ ലഭിച്ചു. റോഡില്‍ ട്രാഫിക് നിയന്ത്രണത്തിന് നില്‍ക്കുമ്പോള്‍ ആളുകള്‍ വന്ന് സംസാരിക്കുന്നതും സെല്‍ഫി എടുക്കുന്നതും പതിവായി. അതോടെ കൂടെയുള്ള ഉദ്യോഗസ്ഥര്‍ തമാശയായി പറഞ്ഞുതുടങ്ങി. ട്രാഫിക് ശരിയാക്കാന്‍ പോയ ആളുകാരണം ട്രാഫിക് ബ്ലോക്ക്  ഉണ്ടാകുന്ന അവസ്ഥ ആയെന്ന്. 

സിനിമയിലേക്കുള്ള ശ്രമങ്ങളില്‍ ഈ സംഭവങ്ങള്‍ എല്ലാം വലിയ പ്രോത്സാഹനം തന്നെയായിരുന്നു. അങ്ങനെ കോവിഡ് കാലം എനിക്കൊരു പോസിറ്റീവ് കാലം ആയി മാറി.


LATEST VIDEOS

Interviews