തനിമയാർന്ന അഭിനയശൈലിയിലൂടെ മലയാളത്തിന്റെ അഭിമാനമായി മാറിയ നെടുമുടി വേണുച്ചേട്ടനെ പലതവണ നേരിൽ കണ്ടിട്ടുണ്ട് .അക്കൂട്ടത്തിൽ ഹൈദരാബാദിലെ ഒരു ഒത്തുചേരൽ ഒരിക്കലും മറക്കാനാവില്ല .പ്രിയദർശന്റെ കാക്കക്കുയിൽ എന്ന ചിത്രത്തിന്റ ഷൂട്ടിംഗ് ഹൈദരബാദിൽ നടക്കുന്ന കാലം .പ്രിയനും മോഹൻലാലുമൊക്കെ താമസിച്ചിരുന്ന സ്‌റ്റാർ ഹോട്ടലിലാണ് നാന പ്രതിനിധികളായ ഞങ്ങൾക്കും താമസമൊരുക്കിയിരുന്നത് .പ്രിയൻ അങ്ങനെയാണ് .നാനയോട് എക്കാലവും പ്രത്യേക താത്പര്യം കാണിച്ചിരുന്നു .നാനയെ പ്രതിനിധീകരിച്ച് പ്രശസ്ത ഫോട്ടോഗ്രാഫർ മോഹൻ കൊല്ലവും ഞാനുമാണ് അവിടെ എത്തിയിരുന്നത് .മുന്നുദിവസം ഞങ്ങളവിടെ ഉണ്ടായിരുന്നു .ലൊക്കേഷനിൽ വെച്ച് വേണുച്ചേട്ടനെ കണ്ടു .കുറെ ചിത്രങ്ങളെടുത്തു .ഹോട്ടലിൽ മടങ്ങിയെത്തുമ്പോഴും കാണും .ഞങ്ങളവിടെ എത്തിയതിന്റെ രണ്ടാം ദിവസമായിരുന്നു 2001ന്റെ പുതുവർഷപ്പിറവി .അതായത് ഇരുപത്തിമൂന്ന് വർഷം മുമ്പത്തെ കഥയാണ് .ന്യൂ ഇയർ ആഘോഷിക്കാൻ ആ ഹോട്ടലിലുള്ള സിനിമക്കാരെയെല്ലാം പ്രിയൻ രാത്രി സ്വന്തം സ്വീട്ടിലേക്ക് ക്ഷണിച്ചു .ഞങ്ങൾക്കും ക്ഷണം കിട്ടി .പാട്ടും ഡാൻസും തമാശയുമൊക്കെയായി ആഘോഷം കത്തിക്കയറി .കൂടെ തീറ്റയും കുടിയും .വേണുച്ചേട്ടനായിരുന്നു താരം .പുതുവത്സര മുഹൂർത്തമടുക്കവേ വേണുച്ചേട്ടൻ അസാധ്യ ഫോമിലായി .അദ്ദേഹം എവിടെനിന്നോ ഒരു തബല സംഘടിപ്പിച്ചിരുന്നു . കൂടിയിരുന്നവർ പാടിത്തകർക്കുമ്പോൾ വേണുച്ചേട്ടൻ താളം പിടിച്ചു .മണി പന്ത്രണ്ടോട് അടുക്കുമ്പോഴാണ് അദ്ദേഹം "ആലായാൽ തറ വേണം ..." അതിമനോഹരമായ ഈണത്തിൽ ആലപിച്ചത് ..ഏവരും അതേറ്റുപാടി ..പിന്നേയും പിന്നേയും വേണുച്ചേട്ടൻ പാടിക്കൊണ്ടിരുന്നു .അന്ന് പ്രിയന്റെ മുറിയിൽ ഒത്തുകൂടിയവരാരും ആ ന്യൂ ഇയർ വിസ്മരിക്കില്ല .വേണുച്ചേട്ടൻ സകലകലാ വല്ലഭനായിരുന്നു .ആ മഹാപ്രതിഭ വിട പറഞ്ഞിട്ട് ഇന്നേക്ക് മൂന്നു വർഷം. അദ്ദേഹം ജീവൻ നൽകിയ നൂറുകണക്കിന് വൈവിദ്ധ്യമാർന്ന കഥാപാത്രങ്ങളോടൊപ്പം ഞങ്ങളുടെ മനസ്സിൽ ഹൈദരാബാദിലെ അടിപൊളി ന്യൂ ഇയർ ആഘോഷവും മായാതെ കിടക്കും .