തമിഴ് സിനിമയിലെ ഇപ്പോഴത്തെ താരറാണി തൃഷയാണെന്ന് പറയാം! കാരണം താരം ഇപ്പോൾ അജിത്തിന്റെയൊപ്പം 'വിടാമുയർച്ചി' കമൽഹാസനൊപ്പം 'തഗ് ലൈഫ്', മോഹൻലാലിനൊപ്പം 'രാം' തെലുങ്ക് സിനിമയിലെ മെഗാ സ്റ്റാറായ ചിരഞ്ജീവിയുടെ കൂടെ 'വിശ്വംബര' തുടങ്ങി ഒരുപാട് ചിത്രങ്ങളിലാണ് അഭിനയിച്ചു കൊണ്ടിരിക്കുന്നത്.
മണിരത്‌നം സംവിധാനം ചെയ്തു രണ്ടു ഭാഗങ്ങളായി പുറത്തുവന്ന 'പൊന്നിയിൻ സെൽവൻ', വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ പുറത്തുവന്ന 'ലിയോ' തുടങ്ങിയ ചിത്രങ്ങളുടെ വിജയത്തിന് ശേഷം താരത്തിനെ തേടി നിറയെ ചിത്രങ്ങളാണ് വന്നുകൊണ്ടിരിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം ചിരഞ്ജീവിയുടെ കൂടെ അഭിനയിക്കുന്ന ചിത്രമാണ് 'വിശ്വംബര'. ഈയിടെ ചിത്രീകരണം ആരംഭിച്ച ഈ ചിത്രത്തിൽ തൃഷ ഇരട്ടവേഷത്തിലാണ് എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ട്. തൃഷയുടെ കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് ചിത്രമെന്നും പറയപ്പെടുന്നുണ്ട്. തമിഴിൽ പുറത്തുവന്ന 'മോഹിനി'യാണ് തൃഷ ഇരട്ടവേഷം ചെയ്‌ത ആദ്യത്തെ ചിത്രം. ചിരഞ്ജീവിക്കൊപ്പമുള്ള 'വിശ്വംബര' രണ്ടാമത്തെ ചിത്രമാണ്. അജിത്തിനൊപ്പം അഭിനയിക്കുന്ന 'വിടാമുയർച്ചി'യുടെ ചിത്രീകരണം ചിത്രത്തിന്റെ ടീം പ്ലാൻ ചെയ്തത് മാതിരി നടക്കാത്തതിനാൽ തൃഷ വളരെ അപ്സെറ്റ് ആയിരിക്കുകയാണെന്നും ഒരു റിപ്പോർട്ടുണ്ട്.