മലയാളത്തിൽ പുറത്തുവന്നു സൂപ്പർഹിറ്റായ 'ബ്രോ ഡാഡി' തെലുങ്കിൽ റീമേക്കാകുന്നു എന്നും, മോഹൻലാൽ അഭിനയിച്ച കഥാപാത്രം തെലുങ്കിൽ അവതരിപ്പിക്കുന്നത് തെലുങ്ക് സിനിമയിലെ സൂപ്പർ താരം ചിരഞ്ജീവിയാണ് എന്നുള്ള വാർത്തകൾ മുൻപ് നാനയിൽ നൽകിയിരുന്നു. ഇപ്പോൾ ഈ ചിത്രം സംബന്ധമായി മറ്റു ചില പുതിയ വിവരങ്ങൾ ലഭിച്ചിട്ടുണ്ട്. അതായത് ഈ ചിത്രത്തിൽ മലയാളത്തിൽ മീന അവതരിപ്പിച്ച കഥാപാത്രം തെലുങ്കിൽ തൃഷയാണത്രെ അവതരിപ്പിക്കുന്നത്. മലയാളത്തിൽ പൃഥിവിരാജ് അവതരിപ്പിച്ച കഥാപാത്രത്തിൽ തെലുങ്കു സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ സർവാനന്ദ് ആണത്രേ അഭിനയിക്കുന്നത്. അങ്ങിനെയാണെങ്കിൽ 39 വയസ്സുകാരനായ സർവാനന്ദിന്റെ അമ്മയാകുകയാണ് 40 വയസ്സുകാരിയായ തൃഷ! തെലുങ്ക് സിനിമയിലെ മിക്ക മുൻനിര നായകന്മാരോടൊപ്പമെല്ലാം അഭിനയിച്ചിട്ടുള്ള തൃഷ ആദ്യമായാണ് ഇത്രയും വയസ്സുള്ള ഒരു താരത്തിന്റെ അമ്മയായി അഭിനയിക്കുന്നത്. 2015-ൽ പുറത്തുവന്ന 'നായകി'യാണ് തൃഷയുടെതായി തെലുങ്കിൽ അവസാനമായി പുറത്തുവന്ന ചിത്രം. ഈ ചിത്രം തമിഴിലും പുറത്തുവന്നിരുന്നു.
'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിനെ തുടർന്ന് തൃഷ അഭിനയിക്കുന്ന തമിഴ് ചിത്രം വിജയ്‌യുടെ 'ലിയോ'യാണ്. അടുത്ത് തന്നെ റിലീസാകാനിരിക്കുന്ന ഈ സിനിമയെ തുടർന്ന് അജിത്തിന്റെ 'വിടാമുയർച്ചി'യിലും നായികയാകുന്നത് തൃഷയാണ് എന്നാണ് റിപ്പോർട്ട്. ഈ സാഹചര്യത്തിലാണ് തൃഷ ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്കിലും അഭിനയിക്കാനിരിക്കുന്നത്. അതിലും തന്നേക്കാൾ ഒരു വയസ്സിന് താഴെയുള്ള ഒരു താരത്തിന്റെ അമ്മയായി അഭിനയിക്കുന്ന വാർത്ത തൃഷയുടെ ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി ആരാധകരാണ് സോഷ്യൽ മീഡിയയിൽ ഇതിനെ കുറിച്ച് വിമർശനം ചെയ്തു വരുന്നത്.