തെന്നിന്ത്യൻ സിനിമയിലെ മുൻനിര നടിയായ തൃഷ 20 വർഷത്തിലേറെയായി നായികയായി അഭിനയിച്ച് വരികയാണ്. ഈയിടെ ഒരു ചെറിയ ഇടവേളയുണ്ടായെങ്കിലും 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രം മുഖേന തൃഷ വീണ്ടും തിരക്കിലായി. അടുത്തിടെ വിജയ്‌ക്കൊപ്പം 'ലിയോ' എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു. ഇപ്പോൾ അജിത്തിനൊപ്പം ‘വിടാമുയർച്ചി’ എന്ന ചിത്രത്തിലാണ് താരം അഭിനയിച്ച് കൊണ്ടിരിക്കുന്നത്. നിരവധി ബോളിവുഡ് സിനിമ ഓഫറുകൾ വന്നപ്പോൾ അതിനെയെല്ലാം നിരസിച്ച തൃഷ, തന്നെ സിനിമയിൽ പരിചയപ്പെടുത്തിയ പ്രിയദർശൻ സംവിധാനം ചെയ്ത 'ഗട്ടാമീട്ടാ' എന്ന ഹിന്ദി സിനിമയിൽ അഭിനയിക്കുകയുണ്ടായി. ഇതിൽ അക്ഷയ് കുമാറിനൊപ്പമാണ് തൃഷ അഭിനയിച്ചത്. 2010-ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിന് ശേഷം തൃഷ ഒരു ഹിന്ദി സിനിമയിലും അഭിനയിച്ചിട്ടില്ല. എന്നാൽ, തൃഷ അഭിനയിച്ച 'പൊന്നിയിൻ സെൽവൻ', 'ലിയോ' എന്നീ ചിത്രങ്ങൾ ഹിന്ദിയിലും പുറത്തിറങ്ങിയിരുന്നു. ഇപ്പോഴിതാ 13 വർഷങ്ങൾക്ക് ശേഷം തൃഷ വീണ്ടും ഒരു ഹിന്ദി സിനിമയിൽ അഭിനയിക്കാനിരിക്കുന്നു എന്ന വാർത്ത ലഭിച്ചിട്ടുണ്ട്. പ്രശസ്ത ബോളിവുഡ് താരം സൽമാൻ ഖാനെ നായകനാക്കി തമിഴ് സിനിമാ സംവിധായകനായ വിഷ്ണുവർധൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാന് തൃഷക്കു അവസരം വന്നിരിക്കുന്നത്. ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം പുതുവത്സര ദിനത്തിൽ ഉണ്ടാകുമെന്നാണ് സൂചന.
'കുറുമ്പ്', 'അറിന്തും അറിയാമലും', 'ബില്ല', 'സർവം', 'ആരംഭം' തുടങ്ങിയ പല തമിഴ് ചിത്രങ്ങൾ സംവിധാനം ചെയ്ത വിഷ്ണുവർദ്ധൻ ഹിന്ദിയിൽ 'ഷേർഷ' എന്ന ചിത്രം സംവിധാനം ചെയ്തിരുന്നു. കാർഗിൽ യുദ്ധത്തെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രത്തിന് മികച്ച പ്രതികരണവും ലഭിച്ചിരുന്നു. അതിന് ശേഷം ഇപ്പോൾ സൽമാൻ ഖാനെ നായകനാക്കി വിഷ്ണു വർദ്ധൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ചിത്രത്തിലാണ് തൃഷ ജോയിൻ ചെയ്യാനിരിക്കുന്നത്. The Bull എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.