മണിരത്‌നം സംവിധാനം ചെയ്ത 'പൊന്നിയിൻ സെൽവൻ' എന്ന ചിത്രത്തിന് ശേഷം തൃഷയ്ക്ക് വമ്പൻ താരങ്ങളുടെ ഒപ്പം അഭിനയിക്കാനുള്ള അവസരങ്ങൾ തുടർന്ന് വന്നു കൊണ്ടിരിക്കുകയാണ്. വിജയ്‌ക്കൊപ്പം 'ലിയോ'യിൽ അഭിനയിച്ച തൃഷ ഇപ്പോൾ അജിത്തിനൊപ്പം 'വിടാമുയർച്ചി', കമൽഹാസനൊപ്പം 'തഗ് ലൈഫ്', ചിരഞ്ജീവിക്കൊപ്പം 'വിശ്വംബര', മോഹൻലാലിനൊപ്പം 'രാം തുടങ്ങിയ നിരവധി വമ്പൻ ചിത്രങ്ങളിൽ അഭിനയിച്ചു കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് തമിഴ് സിനിമയിലെ പ്രശസ്ത സംവിധായകന്മാരിൽ ഒരാളായ വിഷ്ണുവർദ്ധൻ ഹിന്ദിയിൽ സംവിധാനം ചെയ്യുന്ന സൽമാൻഖാൻ ചിത്രമായ 'ദ ബുൾ' എന്ന ചിത്രത്തിൽ സൽമാൻഖാനൊപ്പം അഭിനയിക്കാനും തൃഷയ്ക്ക് അവസരം വന്നിരിക്കുന്നത്. തമിഴിൽ 'അറിന്തും അറിയാമലും', 'ബില്ല' 'ആരംഭം' ഹിന്ദിയിൽ 'Shershaah' തുടങ്ങിയ ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുള്ള വിഷ്ണു വർദ്ധൻ ഇപ്പോൾ തമിഴിൽ 'നേസിപ്പായ' എന്ന ഒരു ചിത്രവും സംവിധാനം ചെയ്തിട്ടുണ്ട്. ഈ ചിത്രം അടുത്തുതന്നെ റിലീസാകാനിരിക്കുകയാണ്. ഇതിനെ തുടർന്ന് വിഷ്ണുവർദ്ധൻ സംവിധാനം ചെയ്യുന്ന 'ദ ബുൾ' എന്ന ചിത്രത്തിന്റെ ചിത്രീകരണം അടുത്തുതന്നെ സ്‌പെയിനിൽ ആരംഭിക്കുമെന്നും ഈ ആദ്യഘട്ട ചിത്രീകരണത്തിൽ സൽമാൻഖാനൊപ്പം തൃഷയും പങ്കെടുക്കും എന്നുള്ള റിപ്പോർട്ടുമുണ്ട്. തൃഷ ഇതിനു മുൻപ് പ്രിയദർശൻ സംവിധാനം ചെയ്ത 'Khatta Meetha' എന്ന ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 'ദ ബുൾ' തൃഷ അഭിനയിക്കുന്ന രണ്ടാമത്തെ ഹിന്ദി ചിത്രമാണ്.