മോഡേണ്‍ ലവ് ചെന്നൈ എന്ന സിനിമയിലൂടെ തമിഴ് സിനിമയിലേക്ക് ചുവടുവെച്ച തെലുങ്കാനസുന്ദരിയാണ് ശ്രീഗൗരിപ്രിയ. മുഖത്ത് കൊച്ചുകൊച്ച് ഭാവപ്രകടനങ്ങളിലൂടെ യുവാക്കളുടെ ഹൃദയം കവര്‍ന്ന ശ്രീഗൗരിപ്രിയയുമായി ഒരു ഹ്രസ്വസംഭാഷണം.
ശ്രീഗൗരിപ്രിയയുടെ ഫാമിലിയെക്കുറിച്ച്?
അച്ഛന്‍ ശ്രീനിവാസറെഡ്ഡി, അമ്മ വസുന്ധര. കഴിഞ്ഞ മെയ്മാസം അമ്മ മരിച്ചു. അതിനുശേഷമാണ് 'ലവ്വര്‍' സിനിമയില്‍ ചാന്‍സ് കിട്ടിയത്. അത് അമ്മയുടെ ആശീര്‍വാദമാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
എങ്ങനെയാണ് സിനിമയില്‍ എത്തിയത്?
സത്യത്തില്‍ ഞാനൊരു ഗായികയായിട്ടാണ് കരിയര്‍ തുടങ്ങിയത്. അതിനുശേഷം 'മിസ് ഹൈദരാബാദ്' ടൈറ്റില്‍ വിന്നറായി. അതുകൊണ്ട് ആ സൗന്ദര്യമത്സരവും അതിലൂടെ ലഭിച്ച അംഗീകാരവും എനിക്ക് സിനിമയിലേക്കുള്ള ഗേറ്റ് പാസായി. സിനിമയില്‍ അഭിനയിക്കാനായി അവസരങ്ങള്‍ എന്നെത്തേടി വന്നുതുടങ്ങി. ഒരു നടിയാവണം എന്ന് അതുവരെ ഞാന്‍ ചിന്തിച്ചിട്ടേയില്ല. എല്ലാം വളരെ നാച്ച്വറലായി സംഭവിച്ചു.
തെലുങ്കില്‍ നിങ്ങള്‍ അഭിനയിച്ച മൂന്ന് സിനിമകളും കോമഡി സബ്ജക്റ്റായിരുന്നു.
കോമഡിയാണോ ഇഷ്ടം?
കോമഡി ഇഷ്ടം തന്നെ എന്നുകരുതി കോമഡി സിനിമകളിലേ അഭിനയിക്കൂ എന്നൊന്നും പ്ലാന്‍ ചെയ്തതല്ല. അങ്ങനെ പ്ലാനിംഗോടെയല്ല മൂന്ന് സിനിമകളിലും അഭിനയിച്ചത്. അങ്ങനെ സംഭവിച്ചു എന്നേയുള്ളൂ. എല്ലാതരം സബ്ജക്ടുകളും ചെയ്യണം. എങ്കിലേ ഒരു ആര്‍ട്ടിസ്റ്റായി എന്നെ പ്രൂവ് ചെയ്യാനാവൂ. അതേ സമയം കോമഡി എന്‍റെ ഫേവറിറ്റ് ജോണറാണ്.
തമിഴില്‍ നിങ്ങള്‍ അഭിനയിച്ച രണ്ട് സിനിമകളും ലവ് സബ്ജക്റ്റായിരുന്നു. എന്തുകൊണ്ടാണ് ഒരേ ജോണര്‍ തിരഞ്ഞെടുത്ത് അഭിനയിക്കുന്നത്? അവിടെ കോമഡി ഇവിടെ ലവ്വ് എന്ന മട്ടില്‍...?
അതെ... എങ്ങനെ ഇത് സംഭവിച്ചു എന്നറിയില്ല. ഞാന്‍ നേരത്തെ പറഞ്ഞപോലെ ഒന്നും ആസൂത്രിതമല്ല. ഏതായാലും രണ്ട് സിനിമകളേയും തമിഴ് പ്രേക്ഷകര്‍ സ്വീകരിച്ചു എന്നറിയുമ്പോള്‍ ഏറെ സന്തോഷമുണ്ട്.
ലവ്വര്‍ എന്ന സിനിമയ്ക്ക് ലഭിച്ച മറക്കാനാവാത്ത അഭിനന്ദനങ്ങള്‍, പ്രശംസകള്‍ എന്താണ്?
എനിക്ക് ലഭിച്ച ഒരു അഭിനന്ദനവും മറക്കാനാവില്ല. ഓരോ അഭിനന്ദനവും സ്പെഷ്യല്‍ ആയിരുന്നു. 'നിങ്ങള്‍ തെലുങ്കത്തിയാണെന്ന് പറയുകയേ ഇല്ല. തമിഴ് പെണ്‍കുട്ടിയായിട്ടാണ് ഫീലായത്' എന്ന് ഒട്ടേറെ ആളുകള്‍ പറഞ്ഞു. വ്യക്തിപരമായി ആ കമന്‍റ് എനിക്ക് ഏറെ സന്തോഷമേകി. തമിഴില്‍ ഞാന്‍ തന്നെയാണ് ഡബ്ബിംഗ് ചെയ്തതും.
ലവ്വറിലെപ്പോലെ നിങ്ങള്‍ക്ക് ഒരു ബോയ്ഫ്രണ്ടിനെക്കിട്ടിയാല്‍ എന്തുചെയ്യും?
സിനിമയില്‍ എന്തുചെയ്തുവോ അതുതന്നെ നേരിട്ടും ചെയ്യും. എന്തുകൊണ്ടെന്നാല്‍ ഈ സിനിമ യാഥാര്‍ത്ഥ്യവുമായി വളരെ അടുത്തുനില്‍ക്കുന്നതായിരുന്നു. ഈ ജനറേഷന്‍ ലവ്വേര്‍സ് എങ്ങനെയായിരിക്കുമോ അതുപോലെതന്നെയാണ് സിനിമയിലും കാണിച്ചിരിക്കുന്നത്. എത്രയൊക്കെ അടുപ്പമുണ്ടെങ്കിലും എല്ലാവര്‍ക്കും ഒരു സ്പേസ് ആവശ്യമായി വരും. പ്രണയത്തില്‍ ആ അണ്ടര്‍സ്റ്റാന്‍റിങ് വളരെ അത്യാവശ്യമാണ്. കൊച്ചുകൊച്ചുകാര്യങ്ങളില്‍ വിട്ടുവീഴ്ചകളാവാം. എന്നാല്‍ മറ്റൊരാളുടെ സ്വാതന്ത്ര്യത്തില്‍ തലകടത്തി ഭരിക്കുന്നത് തെറ്റാണ്.