NEWS

അംഗീകാരത്തിളക്കത്തിൽ......

News

 

മറിമായത്തിലൂടെ മികച്ച ഹാസ്യതാരത്തിനുള്ള ഈ വർഷത്തെ സംസ്ഥാനസർക്കാരിന്റെ ടെലിവിഷൻ അവാർഡ് നേടിയ ഉണ്ണിരാജ ചെറുവത്തൂരിന് സിനിമയിൽ തിരക്കേറുകയാണ്. ഇതിനകം അമ്പതോളം സിനിമകളിൽ ചെറിയ വേഷങ്ങളിൽ അഭിനയിച്ചുകൊണ്ടാണ് ഉണ്ണിരാജ സിനിമയിൽ തന്റേതായ സാന്നിധ്യം തെളിയിച്ചിരിക്കുന്നത്.

ഓർമ്മവച്ചത് മുതൽ നാടകത്തെ ഹൃദയത്തോട് ചേർത്തുനിർത്തിയ ഉണ്ണിരാജ ജീവിത പ്രാരാബ്ധങ്ങളെ അതിജീവിക്കാൻ പതിനെട്ട് വർഷത്തോളം പെയിന്റിംഗ് തൊഴിലാളിയായി ജോലിചെയ്തുകൊണ്ടാണ് അരങ്ങിനെ ധന്യമാക്കിയത്. സ്‌ക്കൂൾ യുവജനോത്സവങ്ങളിൽ നാടകം, മിമിക്രി, സ്‌കിറ്റ് എന്നിവയൊക്കെ കുട്ടികളെ പഠിപ്പിച്ച് മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ പ്രാപ്തരാക്കുന്നതിനോടൊപ്പം നാടകങ്ങളിൽ അഭിനയിക്കാനും സമയം കണ്ടെത്തിയ ഉണ്ണിരാജ മറിമായം പരമ്പരയിലൂടെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനായി മാറുകയായിരുന്നു.

ഉണ്ണിരാജയ്ക്ക് മറിമായം സമ്മാനിച്ച ഇമേജിനെക്കുറിച്ച്...?

സത്യത്തിൽ മറിമായമെന്ന പരമ്പരയാണ് എനിക്കൊരു ജീവിതം തന്നത്. ഞാനെന്ന വ്യക്തിയെ ആളുകൾ തിരിച്ചറിഞ്ഞതും ചെറിയ വേഷങ്ങളിലൂടെ ക്യാമറയുടെ മുന്നിൽ കഥാപാത്രമായി അഭിനയിക്കാൻ പഠിപ്പിച്ചതും മറിമായയാണ്. അത് കൊണ്ടുതന്നെ പ്രേക്ഷകർ സ്‌നേഹത്തോടെ മറിമായത്തിലെ എന്റെ കഥാപാത്രങ്ങളെ സ്വീകരിക്കുന്നത് കാണുമ്പോൾ സന്തോഷം തോന്നാറുണ്ട്.

പുതിയചിത്രമായ പത്മിനിയിലെ കഥാപാത്രത്തെക്കുറിച്ച് സൂചിപ്പിക്കാമോ...?

പത്മിനിയിൽ ജഡ്ജിയായാണ് ഞാൻ അഭിനനയിക്കുന്നത്. ആദ്യമായാണ് ഇത്തരമൊരു വേഷംചെയ്യുന്നത്. യഥാർത്ഥത്തിൽ ജഡ്ജിപോലെ എന്നെ തേടിയെത്തുന്ന ഓരോ കഥപാത്രങ്ങളും പുതിയ അനുഭവങ്ങളാണ് എനിക്ക് സമ്മാനിക്കുന്നത്.

നാടകാഭിനയത്തിലൂടെയാണല്ലോ ക്യാമറയുടെ മുന്നിലേക്ക് കടന്നുവന്നത്. നാടകവഴികളിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ എന്ത് തോന്നുന്നു...?

ചെറുപ്പം മുതൽക്കേ നാടകത്തോട് വല്ലാത്ത ഇഷ്ടമായിരുന്നു. കുട്ടമത്ത് വി.വി. സ്മാരക കലാസമിതിയുടെ നാടകങ്ങളിലൂടെയാണ് ഞാൻ നാടകാഭിനയശാഖയിലേയക്ക് കടന്നുവന്നത്. സ്‌ക്കൂളിൽ പഠിക്കുമ്പോൾ തന്നെ നാടകങ്ങളിൽ അഭിനയിക്കാൻ ശ്രമം നടത്തിയിരുന്നു. പ്രീഡിഗ്രി വരെയാണ് പഠിച്ചത്. പഠനത്തിന് ശേഷം പതിനെട്ട് വർഷത്തോളം പെയിന്റ് പണിയും, മറ്റ് കൂലിപ്പണികളും ചെയ്യുമ്പോഴും അഭിനയിക്കാൻ തുടങ്ങിയതോടെയാണ് നാടകത്തെ ഗൗരവമായി കാണാൻ തുടങ്ങിയത്. പിന്നീട്, വിവിധ സ്‌ക്കൂളുകൾക്ക് വേണ്ടി നാടകം, മൈം, സ്‌കിറ്റ് എന്നിവയിലൊക്കെ വിദ്യാർത്ഥികൾക്ക് പരിശീലനം നൽകുകയും ഇവരൊക്കെ കഴിഞ്ഞ ഇരുപത് വർഷത്തോളമായി സംസ്ഥാന സ്‌ക്കൂൾ യുവജനോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടിയിട്ടുമുണ്ട്.

സിനിമയിൽ എത്തിയപ്പോൾ?

തൊണ്ടി മുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിൽ കവി രാജേഷ് എന്ന കഥാപാത്രത്തിലൂടെയാണ് ഞാൻ തുടക്കത്തിൽ ശ്രദ്ധേയനായത്. ഓപ്പറേഷൻ ജാവയെന്ന ചിത്രത്തിലെ അഖിലേഷേട്ടൻ എന്ന കഥാപാത്രം വെറും പതിനഞ്ച് സെക്കന്റ് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതേ അഖിലേഷേട്ടന്റെ എന്ന ഡയലോഗ് മാത്രം. ഈ ഡയലോഗിനെ കേന്ദ്രീകരിച്ച് നിരവധി ട്രോളുകൾ ഇറങ്ങിയിരുന്നു. ആൻഡ്രോയ്ഡ് കുഞ്ഞപ്പനിലെ ടെയ്‌ലർ രഘു ഒരിക്കലും മറക്കാനാവാത്ത കഥാപാത്രമാണ്.

റിലീസ് ചെയ്യാനിരിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ച്...?

ടൊവിനോ നായകനായ അജയന്റെ രണ്ടാംമോഷണം എന്ന ചിത്രത്തിൽ നാട്ടിൻ പുറത്തെ ചായക്കടക്കാരൻ കുമാരനെന്ന കഥാപാത്രമായാണ് അഭിനയിച്ചത്. ജയിലർ എന്ന ചിത്രത്തിൽ കൊലപ്പുള്ളി വാസുവെന്ന മുഴുനീള കഥാപാത്രമാണ്. ദിലീപ് നായകനായ വോയ്‌സ് ഓഫ് സത്യനാഥനിൽ ജയിൽപുള്ളിയാണ്. കൂടാതെ നദികളിൽ സുന്ദരി യമുനയെന്ന ചിത്രത്തിൽ മുഴുനീള കഥാപാത്രമാണ്. സിദ്ധിഖ് പ്രൊഡക്ഷൻസിന്റെ പൊറാട്ട് നാടകമെന്ന ചിത്രത്തിൽ കാലൻ മാഷായും കണ്ടലപുരാണത്തിൽ ഓട്ടോറിക്ഷക്കാരനായും അഭിനയിക്കുന്നു.

മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷൻ അവാർഡ് ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നോ...?

ഒരിക്കലുമില്ല. ഹാസ്യനടനുള്ള സംസ്ഥാന അവാർഡ് എനിക്കാണെന്നറിഞ്ഞപ്പോൾ ശരിക്കും ഞാൻ ഞെട്ടിപ്പോയി. മറിമായത്തിലെ രണ്ട് എപ്പിസോഡാണ് ജൂറിക്ക് മുന്നിലെത്തിയത്. ഇതിൽ എന്റെ റോൾ ചെറുതാണെങ്കിലും ശ്രദ്ധിക്കപ്പെടുന്നതായിരുന്നു. അവാർഡ് ലഭിച്ചപ്പോൾ ഞെട്ടലിനോടൊപ്പം അഭിമാനവും സന്തോഷം തോന്നി.

കൈനിറയെ ചിത്രങ്ങളുമായി മുന്നോട്ടുപോവുന്ന ഉണ്ണിരാജയുടെ മനസ്സിലുള്ള ആഗ്രഹം?

ഇപ്പോൾ ധാരാളം സിനിമകളിൽ അവസരം ലഭിക്കാറുണ്ട്. വ്യത്യസ്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാനുള്ള അവസരം ലഭിക്കുമ്പോൾ ഒരുപാട് സന്തോഷം തോന്നാറുണ്ട്. പ്രേക്ഷകരുടെ മനസ്സിൽ നിറഞ്ഞുനിൽക്കുന്ന അഭിനയസാധ്യതയുള്ള കഥാപാത്രങ്ങളെ അഭിനയിച്ച് പ്രതിഫലിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്.

ഉണ്ണിരാജയുടെ കുടുംബത്തെക്കുറിച്ച് സൂചിപ്പിക്കാമോ?

എന്റെ നാട് ചെറുവത്തൂരാണ്. അച്ഛൻ ചൂരിക്കാടൻ കണ്ണൻനായർ. അമ്മ പയ്യം വീട്ടിൽ ഓമന. ഭാര്യ സിന്ധു എറുവാട്ട്. മൂത്തമകൻ ആദിത്യരാജ് കുട്ടമത്ത് ഹയർ സെക്കണ്ടറി സ്‌ക്കൂളിൽ പ്ലസ് വണ്ണിനും. രണ്ടാമത്തെയാൾ ധന്യരാജ് അഞ്ചാം ക്ലാസ്സിലും പഠിക്കുന്നു.

എം.എസ്. ദാസ് മാട്ടുമന്ത

ഫോട്ടോ: സുരേഷ് കുനിശ്ശേരി


LATEST VIDEOS

Top News