തമിഴിൽ ഈയിടെ പുറത്തുവന്നു സൂപ്പർഹിറ്റായ 'വിടുതലൈ' എന്ന ചിത്രത്തിൽ ഹാസ്യ നടനായ സൂരിയായിരുന്നു കഥയുടെ നായകനായി അഭിനയിച്ചിരുന്നത്
മലയാളത്തിൽ റിലീസായി സൂപ്പർഹിറ്റായ 'നന്ദനം' എന്ന ചിത്രത്തിന്റെ തമിഴ് റീമേക്കായ 'സീടൺ' എന്ന ചിത്രം മുഖേന തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ച മലയാള നടനാണ് ഉണ്ണി മുകുന്ദൻ. 2011-ൽ റിലീസായ ഈ ചിത്രത്തിന് ശേഷം ഏകദേശം 12 വർഷങ്ങൾക്കു ശേഷം വീണ്ടും ഒരു തമിഴ് സിനിമയിൽ അഭിനയിക്കുകയാണ് ഉണ്ണി മുകുന്ദൻ.
തമിഴിൽ ഈയിടെ പുറത്തുവന്നു സൂപ്പർഹിറ്റായ 'വിടുതലൈ' എന്ന ചിത്രത്തിൽ ഹാസ്യ നടനായ സൂരിയായിരുന്നു കഥയുടെ നായകനായി അഭിനയിച്ചിരുന്നത്. ഈ ചിത്രത്തിൽ മനുഷ്യത്തമുള്ള ഒരു പോലീസ്കാരനായി അഭിനയിച്ച സൂരിയുടെ പ്രകടനം അഭിനന്ദനീയമായിരുന്നു. ഈ ചിത്രത്തിന് ശേഷം സൂരി വീണ്ടും കഥയുടെ നായകനായി അഭിനയിക്കുന്ന ഇനിയും പേരിടാത്ത ചിത്രത്തിലാണ് ഉണ്ണിമുകുന്ദന് ഒരു പ്രധാന കഥാപത്രം അവതരിപ്പിക്കാനുള്ള അവസരം വന്നിരിക്കുന്നത്. സൂരി, ഉണ്ണി മുകുന്ദനോടൊപ്പം തമിഴ് സിനിമയിലെ മറ്റൊരു മുൻനിര നടനായ ശശികുമാറും ഈ ചിത്രത്തിൽ മറ്റൊരു പ്രധാന കഥാപാത്രമേൽക്കുന്നുണ്ട്.
ഇവരോടൊപ്പം രേവതി ശർമ്മ, മലയാളി താരമായ ശിവത നായർ, സമുദ്രക്കനി, 'മൊട്ടൈ' രാജേന്ദ്രൻ, 'മൈം' ഗോപി തുടങ്ങിയവരും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
സൂരി നായകനായി വന്ന 'വിടുതലൈ'യുടെ സംവിധായകനും, കഥാകൃത്തുമായ വെട്രിമാരൻ തന്നെയാണ് ഈ ചിത്രത്തിന്റെ നിർമ്മാതാക്കളിൽ ഒരാളും, കഥാകൃത്തും! ‘എതിർ നീച്ചൽ’, ‘കാക്കി ചട്ടൈ', ‘കൊടി’, ‘പട്ടാസ്’ തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ ദുരൈ സെന്തിൽകുമാറാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് സംഗീതം നൽകുന്നത് യുവൻ ശങ്കർ രാജയാണ്. ഇപ്പോൾ കുംഭകോണം മേഖലയിലാണ് ചിത്രത്തിന്റെ ചിത്രീകരണം നടന്നുവരുന്നത്.