ഒരു പാന്‍ പഞ്ചായത്ത് സിനിമയാണ് എല്‍. ജഗദമ്മ ഏഴാം ക്ലാസ് ബി. സ്റ്റേറ്റ് ഫസ്റ്റ്.
ഈ സിനിമയിലെ നായികാകഥാപാത്രമായ ജഗദമ്മയെ അവതരിപ്പിക്കുന്നത് ഉര്‍വ്വശിയാണ്. ഉര്‍വശിയുടെ ഭര്‍ത്താവായ ശിവാസ്(ശിവപ്രസാദ്) കഥയും തിരക്കഥയും സംഭാഷണവുമെഴുതി ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണിത്.
തിരുവനന്തപുരം സിറ്റിയോട് ചേര്‍ന്നുകിടക്കുന്ന ഒരു പഞ്ചായത്ത്. അവിടുത്തെ ഒരു കഥയാണ് ഈ സിനിമ പറയുന്നത്. ഈ പഞ്ചായത്തില്‍ വിവിധ സംഭവങ്ങള്‍ അരങ്ങേറുന്നുണ്ട്. പല പല പ്രശ്നങ്ങള്‍ ഈ പഞ്ചായത്തിലുണ്ടാകും. ജഗദമ്മ എന്ന കഥാപാത്രത്തിലൂടെ ആ പ്രശ്നങ്ങളും സംഭവങ്ങളും പറഞ്ഞുപോകുന്നു.
ജഗദമ്മ ഈ കഥ കൊണ്ടുപോകുമ്പോള്‍ നമുക്ക് മനസ്സിലാകും നമുക്കെല്ലാവര്‍ക്കും പരിചയമുള്ള കഥാപാത്രമാണല്ലോ ഈ ജഗദമ്മയെന്ന്.
നാട്ടിന്‍പുറങ്ങളിലുണ്ടല്ലോ ചിട്ടിപിടുത്തവും സമ്പാദ്യപദ്ധതികളുമെല്ലാം. ജീവിതത്തില്‍ വന്നുചേരുന്ന ഇത്തരം സംഭവങ്ങളിലെല്ലാം ജഗദമ്മയുണ്ട്. ഒരു സാധാരണ സ്ത്രീയായ ജഗദമ്മ ദൈവത്തോട് പൊരുതിയാണ് ജീവിതം നയിക്കുന്നതെന്ന് വേണം പറയുവാന്‍. ആ സാധാരണ സ്ത്രീപോലും സ്വയമറിയാതെ, മനസ്സറിയാതെ വളരെ അപ്രതീക്ഷിതമായി ഈ സംഭവത്തിലേക്കെത്തിപ്പോകുന്നു. എല്ലാ സ്ത്രീകളുടേയും ഒരു പര്യായം പോലെ ജീവിച്ചുപോകുന്ന ജഗദമ്മ എന്ന സ്ത്രീക്ക് ഒരു സുപ്രഭാതത്തില്‍ അവര്‍ക്ക് മാത്രമായുള്ള ഒരു കാര്യത്തില്‍ ഒരു പ്രാധാന്യം കിട്ടുന്നു എന്നുള്ളതാണ് സിനിമയില്‍ വഴിത്തിരിവുണ്ടാകുന്ന പ്രധാന സംഭവം.
ഭര്‍ത്താവ് ശിവദാസ് സംവിധാനം ചെയ്യുന്ന സിനിമയില്‍ ഉര്‍വശി പ്രധാന വേഷം ചെയ്യുന്നു എന്നുള്ള പ്രഥമസംരംഭം എങ്ങനെയാണ് ഉരുത്തിരിഞ്ഞു വന്നതെന്ന് ചോദിക്കുമ്പോള്‍ ഈ ചോദ്യത്തിന് മറുപടി പറഞ്ഞത് ഉര്‍വശിയായിരുന്നു.
'പത്തുവര്‍ഷത്തിനും മുമ്പേതന്നെ ഇദ്ദേഹം സിനിമ സംവിധാനം ചെയ്യാനുള്ള മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്നു. എന്നാല്‍, ആ ഒരുക്കവും ആലോചനയുമൊന്നും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞില്ല. ആ സമയത്തായിരുന്നു ഞങ്ങളുടെ മോന്‍റെ ജനനം. അതോടെ ആ ചിന്തകള്‍ പെന്‍ഡിംഗില്‍ വച്ചു.
പല സ്ക്രിപ്റ്റുകളും ഞങ്ങള്‍ ഡിസ്ക്കസ് ചെയ്യുകയും ഒക്കെ ചെയ്തിരുന്നതാണ്. മോന്‍ ജനിച്ചതിനുശേഷം ഇദ്ദേഹം ഒരു ഷോര്‍ട്ട് ഫിലിം ഡയറക്ട് ചെയ്തിരുന്നു. ആ സമയത്ത് സിനിമാ പ്രൊഡക്ഷനും ആലോചിച്ചു. അത് തമിഴില്‍ ആകാമെന്നും തീരുമാനിച്ചിരുന്നു. പിന്നീട് വൈകിയ വേളയില്‍ ആദ്യ സിനിമ മലയാളത്തില്‍ തന്നെയാകട്ടെയെന്ന് തീരുമാനിക്കുകയായിരുന്നു.
ഈ പ്രൊഡക്ഷന്‍ ഹൗസില്‍ നിന്നുമാത്രം സിനിമകളെടുത്തുകൊണ്ട് നില്‍ക്കാന്‍ തീരുമാനിച്ചുവന്ന ഡയറക്ടറല്ല ശിവപ്രസാദ്. വേറെയും കഥകളുണ്ട്. സ്ക്രിപ്റ്റുകളുണ്ട്. നാളെ വേറെ പ്രൊഡക്ഷന്‍ കമ്പനിക്കുവേണ്ടിയും സിനിമ ചെയ്തുവെന്ന് വരാം. അതിലെല്ലാം ഞാന്‍ അഭിനയിക്കണമെന്നുമില്ല. ജഗദമ്മയില്‍ എനിക്ക് അനുയോജ്യമായ ഒരു ക്യാരക്ടര്‍ വന്നതുകൊണ്ടുമാത്രം അഭിനയിച്ചു എന്നേയുള്ളൂ- ഉര്‍വശി പറഞ്ഞു.