NEWS

സ്വര്‍ഗ്ഗഗായികേ ഇതിലേ... ഇതിലേ... - ശാരദ

News

 

ലയാളസിനിമയില്‍ ഒരിക്കലും മറക്കാനാവാത്ത അഭിനയത്തിന്‍റെ കണ്ണീര്‍പ്പെയ്ത്തായിരുന്നു ശാരദ. തോപ്പില്‍ഭാസിയുടെ കെ.പി.എ.സി നാടകമായ 'തുലാഭാരം.' അതേപേരില്‍ സംവിധായകന്‍ എ. വിന്‍സന്‍റ് ചലച്ചിത്രമാക്കിയപ്പോള്‍ ശാരദ ആ സിനിമയിലൂടെ പ്രേക്ഷകരില്‍ സൃഷ്ടിച്ച കണ്ണീര്‍നനവ് കാലമെത്ര കഴിഞ്ഞാലും മലയാളത്തിന് മറക്കാന്‍ കഴിയില്ല. 

ഒരു തൊഴിലാളി നേതാവിന്‍റെ ദാരുണാന്ത്യത്തിലൂടെ അനാഥമാകുന്ന കുടുംബത്തിന്‍റെ സംഘര്‍ഷസാഹചര്യങ്ങള്‍ വളരെ ഗംഭീരമായിത്തന്നെയാണ് ശാരദ അഭ്രപാളിയില്‍ ആവിഷ്ക്കരിച്ചത്. അത് യഥാര്‍ത്ഥത്തില്‍ ഒരു മലയാളി സ്ത്രീയുടെ സഹനത്തിന്‍റെയും ദുരിതത്തിന്‍റെ പ്രതിഫലനം കൂടിയായിരുന്നു. ആ നിയന്ത്രിതമായ ഭാവപ്പകര്‍ച്ചയ്ക്ക് ശാരദയ്ക്ക് ലഭിച്ച അംഗീകാരമായിരുന്നു. മികച്ച നടിക്കുള്ള ആദ്യദേശീയ പുരസ്ക്കാരം. 1968 ല്‍ ആയിരുന്നു ശാരദ ദേശീയതലത്തില്‍ ആദ്യമായി അംഗീകരിക്കപ്പെട്ടത്. 

തുടര്‍ന്ന് 1972 ല്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ചിത്രമായ 'സ്വയംവര'ത്തിലൂടെ ആ അംഗീകാരം ദേശീയതലത്തില്‍ ആവര്‍ത്തിക്കപ്പെട്ടു. മലയാള സിനിമയ്ക്ക് ശാരദ നേടിത്തന്ന അഭിനയമികവിന്‍റെ രണ്ടംഗീകാരങ്ങള്‍ ആയിരുന്നു അത്. വീണ്ടും ശാരദ ദേശീയതലത്തില്‍ അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത് 1977 ല്‍ പുറത്തിറങ്ങിയ തെലുങ്ക് ചിത്രമായ 'നിമജ്ജന'യിലൂടെയാണ്. ഭാഷയ്ക്കും സംസ്ക്കാരത്തിനും അതീതമായി തന്‍റെ സ്വതഃസിദ്ധമായ ഭാവവര്‍ണ്ണങ്ങള്‍ കൊണ്ട് ദേശീയതലത്തില്‍ ഏവരേയും വിസ്മയിപ്പിച്ച മലയാളത്തിന്‍റെ ആ പ്രിയ 'ദുഃഖപുത്രി'ക്ക് കേരളം പരമോന്നത ചലച്ചിത്ര ബഹുമതിയായ ജെ.സി. ഡാനിയേല്‍ പുരസ്ക്കാരം സമ്മാനിച്ചത് അടുത്തിടെയാണ്. കാലത്തിന്‍റെ കാവ്യനീതിയെന്നുമാത്രമേ തല്‍ക്കാലം അതിനെ വിശേഷിപ്പിക്കേണ്ടതുള്ളൂ.

ശാരദയുടെ ചലച്ചിത്ര സഞ്ചാരത്തിന്‍റെ ആരംഭം തെലുങ്ക് ചിത്രമായ 'ഇരുമിത്രലു'വിലൂടെയാണ്. ആ സിനിമയില്‍ അഭിനയിക്കുമ്പോഴാണ് പൂര്‍വ്വനാമമായ സരസ്വതീദേവിയെ ഉപേക്ഷിച്ച് ശാരദ എന്ന പേര് സ്വീകരിക്കുന്നത്.  തെലുങ്ക് ചലച്ചിത്രരംഗത്തെ ചിത്രീകരണ കാലദൈര്‍ഘ്യം മറ്റുഭാഷാ ചിത്രങ്ങളില്‍ കൂടി അഭിനയിക്കാന്‍ ശാരദയെ നിര്‍ബന്ധിച്ച സാഹചര്യത്തിലാണ് സംവിധായകന്‍ കുഞ്ചാക്കോ തന്‍റെ പുതിയ ചിത്രത്തിലെ നായികയെ ശാരദയില്‍ കണ്ടെത്തുന്നത്. മുട്ടത്തുവര്‍ക്കിയുടെ നോവലായ 'ഇണപ്രാവുകള്‍' ആയിരുന്നു ചിത്രം. യഥാര്‍ത്ഥത്തില്‍ ആ കണ്ടെത്തല്‍ ഒരേപോലെ മലയാളസിനിമയുടെയും ശാരദയുടെയും ഭാഗ്യമായി മാറുകയായിരുന്നു.

'മൂലധനം' ചിത്രത്തിനുവേണ്ടി ഭാസ്ക്കരന്‍ മാഷ് കുറിച്ച ഗാനശകലമായ 'മൂടുപടം മാറ്റി മുഖം കുനിച്ചെത്തിയ നാടന്‍ നവവധുവെന്നപോലെ'യാണ് ശാരദ മലയാളസിനിമയുടെ മണിയറയില്‍ കാലെടുത്തുകുത്തിയത്. പിന്നെ എത്രയെത്ര ചിത്രങ്ങളില്‍ അഭിനയമില്ലാതെ കഥാപാത്രമായി ജീവിച്ച് അവര്‍ പ്രേക്ഷകഹൃദയത്തില്‍ സ്ഥിരപ്രതിഷ്ഠ നേടി. എം.ടിയുടെ തിരക്കഥയില്‍ എ. വിന്‍സന്‍റ് സംവിധാനം ചെയ്ത മുറപ്പെണ്ണും എം.ടിയുടെതന്നെ തിരക്കഥയില്‍ പി. ഭാസ്ക്കരന്‍ സാക്ഷാത്ക്കാരം നിര്‍വ്വഹിച്ച ഇരുട്ടിന്‍റെ ആത്മാവുമൊക്കെ ശാരദയെ മലയാളത്തിന്‍റെ പ്രിയങ്കരിയാക്കി മാറ്റുകയായിരുന്നു. 

ആ അടിത്തറയില്‍ നിന്നാണ് ശാരദ മലയാളമണ്ണില്‍ അഭിനയത്തിന്‍റെ ആകാശഗോപുരം നിര്‍മ്മിച്ചെടുത്തത്. ത്രിവേണി, മൂലധനം, ഉദ്യോഗസ്ഥ, യക്ഷി, അടിമകള്‍, അസുരവിത്ത്, കൂട്ടുകുടുംബം, നദി, ഏണിപ്പടികള്‍, ആഭിജാത്യം, എലിപ്പത്തായം, ഒരു മിന്നാമിനുങ്ങിന്‍റെ നുറുങ്ങുവെട്ടം, രാപ്പകല്‍ തുടങ്ങി ഒട്ടനവധി ചിത്രങ്ങള്‍ ആ അഭിനയഗോപുര നിര്‍മ്മിതിക്കാവശ്യമായ സാമഗ്രികളായി പരിണമിക്കുകയായിരുന്നു. 

ഷീലയും വിജയശ്രീയും ജയഭാരതിയുമൊക്കെ അംഗലാവണ്യത്തിന്‍റെ അമൃത് നിവേദിച്ച് മലയാളി പ്രേക്ഷകരെ പ്രേമസാമ്രാജ്യത്തിലെ സങ്കല്‍പ്പവൃന്ദാവനത്തിലേക്ക് നയിച്ചപ്പോഴാണ് ശാരദ എന്ന മെലിഞ്ഞുനീണ്ട് നിറം കുറഞ്ഞ പെണ്‍കുട്ടി വെള്ളിത്തിരയിലേയ്ക്ക് കടന്നുവന്ന് ജീവിതത്തിന്‍റെ പച്ചയായ യാഥാര്‍ത്ഥ്യം ഇതൊന്നുമല്ല, മറ്റൊന്നാണെന്ന് ബോധ്യപ്പെടുത്തി വിഭ്രമിപ്പിച്ചത്. അതില്‍ സ്ത്രീജീവിതത്തിന്‍റെ ദുഃഖവും ദുരിതവും നിസ്സഹായതയും പ്രണയവും പ്രണയനൈരാശ്യവുമെല്ലാം ഇഴചേര്‍ന്നിരുന്നു.

ശാരദയുടെ സജീവ മലയാളചലച്ചിത്ര സഞ്ചാരം 1965 മുതല്‍ 2018 വരെയായിരുന്നു. ഏകദേശം നാനൂറ് ചിത്രങ്ങള്‍ വിവിധ ഭാഷകളില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും മലയാളത്തില്‍ മാത്രമായി നൂറ്റിയിരുപത്തഞ്ചോളം ചിത്രങ്ങളില്‍ അഭിനയിച്ചു. ഭദ്രദീപം, ആരാധന എന്നീ ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തു. അവര്‍ മലയാളത്തിന് നല്‍കിയ എണ്ണമറ്റ അവിസ്മരണീയമായ, അനുപമമായ കഥാപാത്രങ്ങള്‍ക്ക് പകരമായാണ് മലയാളികള്‍ ഐ.എഫ്.എഫ്.കെയില്‍ റിട്രോസ്പെക്ടീവ് വിഭാഗത്തിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ആ മലയാള സിനിമാനടിയായി ശാരദയെ തീരുമാനിച്ചത്. 

അതിനൊപ്പം ചേര്‍ത്തുവയ്ക്കാവുന്ന മറ്റൊരു സ്വര്‍ണ്ണത്തൂവല്‍ കൂടിയാണ് മലയാളത്തിന്‍റെ പരമോന്നത ചലച്ചിത്ര പുരസ്കാരം കൂടിയായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ്. അത് അടുത്തിടെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണവേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍  സമ്മാനിക്കുകയും ചെയ്തു. നന്മ നിറഞ്ഞ അഭിനയം കൊണ്ട് മലയാളമനസ്സിനെ കണ്ണീരിലാഴ്ത്തുന്ന കുടുംബിനിയായും ഗൃഹാതുര ഓര്‍മ്മകളിലിന്നും ചെത്തിമന്ദാരം തുളസിപ്പിച്ചക മാലകള്‍ ചാര്‍ത്തി ഗുരുവായൂരപ്പനെ സ്തുതിക്കുന്ന നാടന്‍ പെണ്ണായും മേവുന്ന പ്രിയനടി ശാരദയ്ക്ക് ഇതില്‍പ്പരം എന്തഭിമാനമാണ് മലയാള സിനിമ വര്‍ദ്ധിപ്പിക്കേണ്ടത്; കണിയായ് ഒരുക്കേണ്ടത്...


LATEST VIDEOS

Exclusive