തിരുവനന്തപുരം പാറ്റൂര്‍ ജനിച്ചുവളര്‍ന്ന അമിത് മോഹന്‍ രാജേശ്വരിയുടെ, മാതാപിതാക്കളുടെ ഇഷ്ടങ്ങളില്‍ ഒന്നായിരുന്നു സിനിമ. അവരുടെ നിര്‍ദ്ദേശപ്രകാരം നിരവധി സീരിയലുകളില്‍ ബാലതാരമായി അഭിനയരംഗത്തേയ്ക്ക് ചുവടുവെച്ച അമിത് ഇന്ന് എത്തിനില്‍ക്കുന്നത് മലയാള സിനിമയുടെ മുഖ്യധാരയില്‍ അഭിനേതാവ്, എഴുത്തുകാരന്‍, സഹസംവിധായകന്‍ എന്നീ ലേബലുകളില്‍ ആണ്.
ജൂനിയര്‍ ബെന്‍ ജോണ്‍സണ്‍
'കഥ പറയും തെരുവോരം' എന്നൊരു പഴയ സിനിമയില്‍ ഓഡിഷന്‍ വഴിയാണ് എത്തിപ്പെടുന്നത്. അന്ന് അതേ സിനിമയില്‍ കലാഭവന്‍ മണിയും അഭിനയിച്ചിരുന്നു. മണിച്ചേട്ടന്‍ അതേസമയം ബെന്‍ജോണ്‍സണ്‍ എന്ന സിനിമയുടെ തയ്യാറെടുപ്പുകളില്‍ നില്‍ക്കുകയായിരുന്നു. അങ്ങനെ ആ സിനിമയില്‍ മണിച്ചേട്ടന്‍റെ കുട്ടിക്കാലം അഭിനയിക്കാന്‍ ഒരു കുട്ടിയെ തിരയുന്ന സമയത്ത് മണിച്ചേട്ടന്‍ തന്നെയാണ് കഥ പറയും തെരുവോരത്തില്‍ ഒരു കുട്ടി ഉണ്ടെന്ന് പറഞ്ഞു എന്നെ വിളിക്കുന്നത്. ആ സിനിമ ചെയ്യുന്ന സമയത്ത് സ്ക്കൂളില്‍ അത്യാവശ്യം കുട്ടികളുടെയും ടീച്ചര്‍മാരുടെയും ഇടയില്‍ കുട്ടിത്താരമായിരുന്നു. പിന്നീട് ആണ്ടവന്‍ എന്ന സിനിമയിലും മണിച്ചേട്ടന്‍റെ തന്നെ ബാല്യകാലം ചെയ്യാന്‍ അവസരം ലഭിച്ചു.
സംവിധായകന്‍റെ ചുവടുവെപ്പ്
സീരിയലുകള്‍ ചെയ്തുകൊണ്ടിരുന്ന സമയത്ത് തിരിച്ചറിഞ്ഞ ഒന്നാണ് 'സെറ്റിലെ ഏറ്റവും കിടിലന്‍ മനുഷ്യന്‍ ഡയറക്ടര്‍' ആണെന്നത്. അ പദവിക്ക് ലഭിക്കുന്ന പരിഗണനയും, ബഹുമാനവും ഞാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. അന്ന് മുതല്‍ സംവിധായകന്‍ ആവണം എന്ന മോഹത്തിന്‍റെ വിത്ത് ഞാന്‍ മനസ്സില്‍ പാകി ഇട്ടിരുന്നു. ബാലതാരം എന്നതില്‍ നിന്ന് ഒരു വലിയ ഇടവേള ഞാന്‍ എടുത്തിരുന്നു. പ്രായപൂര്‍ത്തി ആയതോടെ എന്നോടൊപ്പം ഞാന്‍ ഉള്ളില്‍ പാകിയ മറ്റൊരു വിത്ത് കൂടി വിളവെടുക്കാന്‍ തുടങ്ങുകയായിരുന്നു. അങ്ങനെ ആദ്യമായി ഒരു ഷോര്‍ട്ട് ഫിലിം സംവിധാനം ചെയ്തു. അന്ന് ആഗ്രഹം ഭീകരം ആയതുകൊണ്ടുതന്നെ, ഷോര്‍ട്ട് ഫിലിം എന്നതിന്‍റെ വലുപ്പത്തില്‍ അല്ല, സിനിമ എന്നോണം തന്നെയാണ് അത് പരിഗണിച്ചത്. ഞങ്ങള്‍ പോസ്റ്റര്‍ അടിച്ചിറക്കി. പദ്മനാഭ തിയേറ്ററില്‍ സൗജന്യ പ്രദര്‍ശനം സംഘടിപ്പിച്ചു. ആയിരത്തി അഞ്ഞൂറ് സീറ്റില്‍ തൊള്ളായിരത്തി അമ്പത് സീറ്റ് നിറഞ്ഞത് ആഘോഷം ആക്കിയിരുന്നു. പിന്നീട്, നിരവധി ഷോര്‍ട്ട് ഫിലിമുകള്‍ ചെയ്തു.
ജാക്ക് ആന്‍ഡ് ജില്‍ സിനിമയുടെ എഴുത്തും സഹസംവിധാനവും
ഇന്ന് മലയാള സിനിമാ മേഖലയില്‍ തിളങ്ങിനില്‍ക്കുന്ന നിമിഷ് രവിയും ഫാഹിം സഫറും അടുത്ത സുഹൃത്തുക്കള്‍ ആണ്. അവര്‍ വഴിയാണ് ജാക്ക് ആന്‍ഡ് ജില്‍ എന്ന സിനിമയുടെ ഭാഗം ആവുന്നത്. അന്ന് സന്തോഷ് ശിവന്‍ സാറായിട്ട് പല മീറ്റിംഗുകള്‍ പങ്കെടുത്ത് എഴുതാന്‍ ഉള്ള പദ്ധതി ഇട്ടെങ്കിലും, മുന്‍പരിചയം ഇല്ലാത്തതുകൊണ്ടുതന്നെ, മറ്റുപല കാരണങ്ങള്‍ കൂടി ഉള്‍പ്പെട്ടുകൊണ്ട് ഞാന്‍ സ്വമേധയാ പിന്‍മാറി. അന്ന് സര്‍ ഒറ്റ വാക്ക് പറഞ്ഞിരുന്നു. 'എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ അമിത് എന്നെ വിളിക്കണേ എന്ന്.چ രണ്ട് മാസങ്ങള്‍ക്ക് ഇപ്പുറം ഞാന്‍ അതെ പല്ലവിയില്‍ ചെറിയൊരു മറുപടി സാറിന് തിരിച്ചയച്ചു. 'സാര്‍ ഞാന്‍ അമിത് ആണ്. എന്തെങ്കിലും അവസരം ഉണ്ടെങ്കില്‍ എന്നെ വിളിക്കണേ' എന്ന്. ഓരോ അരിമണിയിലും അത് ആരുടെയൊക്കെ എന്ന് പേര് എഴുതിയിട്ടുണ്ട് എന്നുപറയുന്നപോലെ ജാക്ക് ആന്‍ഡ് ജില്ലിന്‍റെ പോസ്റ്ററില്‍ 'അഡീഷണല്‍ ഡയലോഗ് റൈറ്റര്‍ ആയും, കെട്രിര്‍സില്‍ സഹസംവിധായകന്‍ ആയും എന്‍റെ പേര് വന്നു. പിന്നീട് സാറിനൊപ്പം മനോരഥങ്ങള്‍ വര്‍ക്ക് ചെയ്യാന്‍ സാധിച്ചു.
അഭിനയത്തിലേക്ക് ഒരു തിരിച്ചുവരവ്
സംവിധാനം കൂടാതെ അഭിനയം കൂടി നോക്കാന്‍ സന്തോഷ് സാര്‍ ഒരിക്കല്‍ പറഞ്ഞിരുന്നു. അതെ അഭിപ്രായം പലവഴി കേട്ടതോടെ ആവേശവും ആത്മവിശ്വാസവും കൂടി. ജാക്ക് ആന്‍ഡ് ജില്ലിലും മനോരഥങ്ങളിലും അഭിനയിച്ചിരുന്നു. അതിനുശേഷം സുഹൃത്തായ നിതിഷ് സബ് ഒറിജിനല്‍സ് എന്ന പേരില്‍ വെബ് സീരീസുകള്‍ ചെയ്യാന്‍ ഒരുങ്ങുന്നു എന്ന് അറിഞ്ഞു. അഭിനയത്തില്‍ ഒരു കൈനോക്കണം എന്നുണ്ട് എന്ന് നിതീഷിനോട് പറഞ്ഞപ്പോ പെട്ടീം കിടക്കയും എടുത്തുകൊണ്ട് പോരൂ എന്നതായിരുന്നു മറുപടി. അങ്ങനെ രണ്ടും കല്‍പ്പിച്ചു സബ് ഒറിജിനല്‍സില്‍ വെബ് സീരീസുകള്‍ ചെയ്തു. അത് കണ്ടാണ് പിന്നീടുള്ള അവസരങ്ങള്‍ വന്നത്.
വാഴ കുലച്ചത് തുണയായി
സബ് ഒറിജനല്‍സിന്‍റെ വളര്‍ച്ച അതില്‍ ഉള്‍പ്പെട്ട എല്ലാവരുടെയും വളര്‍ച്ച ആയിരുന്നു. അങ്ങനെ അത് കണ്ടാണ് പല അവസരങ്ങള്‍ വന്നത്. ഗുരുവായൂര്‍ അമ്പലനടയില്‍, ലോക, പെറ്റ്ടിറ്റക്ടീവ്, വാഴ എന്നിങ്ങനെ സിനിമകള്‍ ചെയ്തു. അതില്‍ ഏറ്റവും അംഗീകാരം ലഭിച്ചത് വാഴയില്‍ ആയിരുന്നു. ആദ്യം വിപിന്‍ദാസ് പറഞ്ഞിരുന്നു കോമഡി അല്ലാത്ത ഒരു പരിപാടിയാണ് നിനക്ക് ഉള്ളത് എന്ന്. ഞാന്‍ ഓകെ പറഞ്ഞു. വാഴ പ്രതീക്ഷിച്ചതിലും കൂടുതല്‍ വിളവ് നല്‍കി. ആളുകള്‍ ഏറ്റെടുത്തു. അമ്മമാര്‍ എല്ലാം കാണുമ്പോള്‍ വന്ന് കെട്ടിപ്പിടിക്കും. അത് തന്ന സന്തോഷം വലുതാണ്.
തമിഴകത്തില്‍ തിളങ്ങി അമിത്
സബ് ഒറിജിനല്‍സിന്‍റെ സംവിധായകന്‍ നിതീഷ് തന്നെയാണ് തലൈവര്‍ തമ്പി തലൈമയില്‍ എന്ന സിനിമയും ചെയ്തത്. ഇങ്ങനെ ഒരു സിനിമ അണിയറയില്‍ പ്ലാനിംഗില്‍ ഉണ്ടെന്ന് അറിഞ്ഞപ്പോള്‍ തന്നെ ഞാന്‍ വിളിച്ച് അവസരം ചോദിച്ചു. എന്നാല്‍ ആദ്യപ്ലാന്‍ അനുസരിച്ച് മലയാളത്തില്‍ നിന്ന് ആരും വേണ്ട എന്നതായിരുന്നു തീരുമാനം. എന്നാല്‍ നേരത്തെ പറഞ്ഞ പോലെ ആ അരിമണിയിലും എന്‍റെ പേര് ഉണ്ടായിരുന്നു. സിനിമയ്ക്ക് തമിഴ്നാട്ടില്‍ നല്ല സ്വീകാര്യത ലഭിച്ചു. അതില്‍ ഏറെ എന്നെ ഞെട്ടിച്ചത് ഈ സിനിമ ഷൂട്ട് ചെയ്യാന്‍ തമിഴ്നാട്ടില്‍ പോയപ്പോള്‍ അവിടെ ഉള്ളവരും, അഭിനയിക്കാന്‍ എത്തിയ അന്യഭാഷ ആളുകളും വാഴ കണ്ട് എന്നെ തിരിച്ചറിഞ്ഞു എന്നതാണ്. ആ സന്തോഷത്തിന് മധുരം കൂടുതല്‍ ആണ്.
അഭിനയത്തില്‍ നിന്ന് ജീവിതത്തിലേക്ക്
സബ് ഒറിജിനല്‍സ് ചെയ്തുകഴിഞ്ഞ സമയത്ത് സുഹൃത്തായ രജനി വിളിച്ച് ഒരു വെബ് സീരീസ് ചെയ്യുന്നുണ്ട്, അതില്‍ ഞാനും ജോമോന്‍ ജ്യോതിരും, ധ്യാന്‍ ശ്രീനിവാസന്‍, മാമുക്കോയ എന്നിവര്‍ ആണ് പ്രധാനികള്‍ എന്ന് പറഞ്ഞു. ഒക്കെ പറഞ്ഞു ചെന്ന് എല്ലാവരെയും പരിചയപ്പെട്ട കൂട്ടത്തില്‍ എന്‍റെ നായിക ആകാന്‍ എത്തിയ കൃഷ്ണയെയും കണ്ടു. ഒന്നിച്ച് അഭിനയിച്ചുറച്ച നാള്‍ കഴിഞ്ഞപ്പോള്‍ അഭിനയം പതുക്കെ ജീവിതം ആക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. അതോടെ കൃഷ്ണ സീരീസില്‍ എന്ന പോലെ ജീവിതത്തിലും എന്‍റെ നായികയാവുക ആയിരുന്നു. ഇന്ന് സിനിമയില്‍ എന്‍റെ ക്രിട്ടിക് കൃഷ്ണ ആണ്.
വരാനുള്ള പ്രോജക്ടുകള്‍
വാഴ 2, ലോക 2, ഒരു സ്റ്റാര്‍ട്ട് അപ്പ് കഥ, മെഡിക്കല്‍ മിറക്കിള്‍, ജഗന്‍ ഷാജികൈലാസ് ചിത്രം, ജാമ്പി തുടങ്ങിയവ ആണ്.