NEWS

ചിലങ്കധ്വനി നിറഞ്ഞ ജീവിതം -വാണിഗണപതി

News

 

വാണിഗണപതി എന്ന കലാകാരിക്ക് മുഖവുരയുടെ ആവശ്യമില്ല. നാലാം വയസ്സില്‍ ഭരതനാട്യം അഭ്യസിക്കാന്‍ കാലില്‍ ചിലങ്കകെട്ടി ഏഴാം വയസ്സില്‍ അരങ്ങേറ്റം നടത്തിയ വാണി പിന്നീട് ലോകം തന്നെ കീഴടക്കുകയായിരുന്നു. ഭരതനാട്യത്തില്‍ പുതുമകളെ സന്നിവേശിപ്പിച്ച് ലോകത്തെമ്പാടും ഭരതനാട്യം അവതരിപ്പിച്ച് ഭരതനാട്യത്തിനുതന്നെ കീര്‍ത്തിനേടിക്കൊടുത്ത പെരുമയ്ക്ക് ഉടമയാണ് വാണി. നടന്‍ കമലഹാസനെ വിവാഹം കഴിച്ച് ബന്ധം വേര്‍പിരിഞ്ഞശേഷം ഭരതനാട്യത്തെ ജീവവായുവായി കൊണ്ടുനടക്കയാണ് വാണിഗണപതി.

പ്രായം കൊണ്ട് എഴുപത് പിന്നിട്ടിട്ടും ചിലങ്കയണിഞ്ഞാല്‍ പതിനെട്ടിന്‍റെ പ്രസരിപ്പും ഊര്‍ജ്ജസ്വലതയുമാണ് സ്റ്റേജില്‍ വാണിക്ക്. ഭരതനാട്യത്തെക്കുറിച്ച് പറയുമ്പോള്‍ നൂറുനാവാണ് അവര്‍ക്ക്. 'ഭരതനാട്യതാരക' എന്ന വിശേഷിപ്പിക്കുന്ന വാണിയുമായി സംസാരിച്ചുതുടങ്ങിയപ്പോള്‍ ചോദിച്ചു.

ബാംഗ്ലൂര്‍ ജീവിതം എങ്ങനെ പോകുന്നു...? ചെന്നൈയെ മറന്നോ?

എന്‍റെ വ്യക്തിജീവിതത്തിലുണ്ടായ വേര്‍പിരിയല്‍ എല്ലാവര്‍ക്കും അറിയാവുന്നതാണ്. ആ കയ്പേറിയ ജീവിതാനുഭവത്തിനുശേഷം ഞാന്‍ ചെന്നൈയില്‍ നിന്നും ബാംഗ്ലൂരിലേക്ക് താമസം മാറ്റി. ഇവിടെ സെറ്റിലാവാന്‍ ഒരു കാരണമുണ്ട്. എന്നെ അച്ഛനും അമ്മയും എന്നോടൊപ്പം വന്ന് ഇവിടെത്തന്നെ സെറ്റിലായി. ആദ്യം അച്ഛനും അമ്മയും മുംബൈയില്‍ ആയിരുന്നു. അതുപോലെ ചേട്ടനും ചേട്ടത്തിയും(കമലഹാസന്‍റെ ജ്യേഷ്ഠന്‍ ചാരുഹാസന്‍, അദ്ദേഹത്തിന്‍റെ പത്നി) ചെന്നൈയിലായിരുന്നു. ഇരുകൂട്ടരേയും കാണാന്‍ ഈ രണ്ട് സ്ഥലത്തേയ്ക്കും പോകാന്‍ എളുപ്പമെന്നതിനാല്‍ ഒരു സെന്‍റര്‍ പ്ലേസ് ആയി ബാംഗ്ലൂര്‍ തിരഞ്ഞെടുത്തു. സെപ്പറേഷന്‍ ഞാനും കമലും തമ്മില്‍ മാത്രമാണ്. എന്നാല്‍ ആ കുടുംബത്തെ സംബന്ധിച്ചിടത്തോളം ഞാന്‍ അവരുടെ മൂത്തമകളെപ്പോലെയാണ്. മുംബൈയില്‍ വളര്‍ന്ന ഞാന്‍ നല്ല വണ്ണം തമിഴ് സംസാരിക്കുന്നുവെങ്കില്‍ അതിന് കാരണം മണി   (ചാരുഹാസന്‍റെ ഭാര്യ)യാണ്. എന്നില്‍ എപ്പോഴും സ്നേഹം ചൊരിയുന്ന ചാരുച്ചേട്ടനും മണിയും അവരുടെ കുടുംബവുമുള്ളപ്പോള്‍ എനിക്കെങ്ങനെ ചെന്നൈയില്‍ നിന്നും കുറേ ദൂരത്തേയ്ക്ക് പോകാനാവും. ഇടയ്ക്കിടെ ചെന്നൈ വരാറുണ്ട്. വരുമ്പോള്‍ സുഹാസിനിക്കൊപ്പം അവരുടെ വീട്ടിലാണ് താമസിക്കുക. അതുപോലെ സുഹാസിനി ബാംഗ്ലൂരില്‍ വന്നാല്‍ എന്നോടൊപ്പമാണ് താമസിക്കുക. സുഹാസിനി, അവരുടെ അനുജത്തിമാരായ സുഭാഷിണി, നന്ദിനി എന്നിവരും എന്‍റെ ബെസ്റ്റ് ഫ്രണ്ട്സാണ്.

അപ്പോള്‍ കമലഹാസന്‍...?

എന്‍റെ വിവാഹജീവിതം തകര്‍ന്നതിനെക്കുറിച്ച് ഓര്‍ത്ത് ഒരിക്കലും ഞാന്‍ ദുഃഖിച്ചിട്ടില്ല. അതൊരു മനോഹരമായ വിവാഹമായിരുന്നു. എന്‍റെ മുത്തശ്ശി അക്കാലത്ത് അദ്ധ്യാപികയായിരുന്നു. എന്‍റെ വിവാഹത്തിനൊക്കെ മുമ്പ് എന്‍റെ ടീനേജില്‍, എനിക്ക് തോന്നുന്നത് അന്നെനിക്ക് പതിനെട്ട് വയസ്സായിരുന്നിരിക്കും. അന്നേ മുത്തശ്ശി തന്നെ ഉപദേശം 'വിവാഹം എന്നത് ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ഭാഗമാണ്. അത് ചിലര്‍ക്ക് നല്ല രീതിയില്‍ ലഭിക്കും. അങ്ങനെ ലഭിച്ചാല്‍ അവസാനം വരെ നന്നായിരിക്കും. എന്നാല്‍ ചിലര്‍ക്ക് അങ്ങനെ ലഭിക്കാതെ വരുമ്പോള്‍, അതിനെക്കുറിച്ച് ചിന്തിച്ച് മനസ്സുതളരാനും പാടില്ല. ജീവിതം ഒരു നദിപോലെയാണ്. അത് ഒഴുകികൊണ്ടേയിരിക്കണം' എന്നായിരുന്നു. അന്ന് അവര്‍ നല്‍കിയ അഡ്വൈസ്, അതാണ് സത്യത്തില്‍ ആ വ്യസനകരമായ അന്തരീക്ഷത്തില്‍ നിന്നും എന്നെ മോചിതയാക്കിയത്. മാത്രമല്ല എനിക്ക് ഒരിക്കലും ആരോടും ദേഷ്യമുണ്ടായിരുന്നില്ല.

വാണിഗണപതിയെക്കുറിച്ച് വാണിഗണപതിയുടെ തന്നെ വിമര്‍ശനം എന്താണ്?

ഈ വിജയങ്ങളെല്ലാം തന്നെ താനേ ഉണ്ടായതാണെന്നേ ഞാന്‍ പറയൂ. ഈ വിജയത്തിനായി ഞാന്‍ ചെയ്ത ഒരേ ഒരു കാര്യം പ്രാക്ടീസ്(നൃത്തപരിശീലനം) മാത്രമാണ്. പ്രാക്ടീസ്... പ്രാക്ടീസ്... പ്രാക്ടീസ്. അതുമാത്രമാണ്. എനിക്ക് പണവും പ്രശസ്തിയും ഉണ്ടാവണമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. എന്‍റെ അച്ഛന്‍, ഞങ്ങള്‍ മൂന്ന് പെണ്‍കുട്ടികളേയും അദ്ദേഹത്തെപ്പോലെതന്നെ ധൈര്യമുള്ളവരായി വളര്‍ത്തി. പക്ഷേ വീട്ടില്‍ ഞാനാണ് ഏറ്റവും ബോള്‍ഡ് എന്ന് അമ്മയും സഹോദരിമാരും പറയും.

ഭരതനാട്യത്തില്‍ നിങ്ങള്‍ ചെയ്ത പുതുമകള്‍ എന്തൊക്കെയാണ്?

ഭരതനാട്യത്തിലെ പഴമ നഷ്ടപ്പെടുത്താതെ പുതുമയുള്ള കോണ്‍സപ്റ്റ് കുറേയധികം ചെയ്തുവരുന്നു. 'വാത്സല്യം', 'ദ്വാരം' എന്നിങ്ങനെയുള്ള ഞങ്ങളുടെ നാട്യനാടകങ്ങള്‍ അതിന് ഉദാഹരണമാണ്. 'ദ്വാരം' എന്നാല്‍ കതക് എന്നാണ് അര്‍ത്ഥം. ഞങ്ങളുടെ 'ദ്വാരം' നാട്യനാടക കോണ്‍സപ്റ്റ് പറയുകയാണെങ്കില്‍, ഒരു കതകിന് കണ്ണുകളുണ്ടായിട്ട് താന്‍ കണ്ടകഥകള്‍ ആ കതക് പറയുകയാണെങ്കില്‍ എങ്ങനെയുണ്ടാവും. അതാണ് കോണ്‍സ്പ്റ്റ്.

മഹാഭാരതകഥയില്‍ ദ്രൗപതി അപമാനിക്കപ്പെട്ട രംഗം കണ്ട, കൊട്ടാരവാതിലുണ്ടായിരുന്ന രാജ്യത്തെ, താന്‍ കണ്ട ആ രംഗം തന്‍റെ വീക്ഷണത്തിലൂടെ വിവരിക്കുന്ന പോലെയാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഇങ്ങനെ ഓരോ കതകിനും ഓരോ കഥകള്‍ ഉണ്ടാക്കിയിരിക്കുന്നു. ഈ നാട്യനാടകം ഞാന്‍ ഇതുവരെ ചെന്നൈ, ബാംഗ്ലൂര്‍, മുംബൈ, ഛണ്ഡിഗര്‍ എന്നിങ്ങനെ ഇന്‍ഡ്യയില്‍ മുഴുവന്‍ നടത്തിയിട്ടുണ്ട്. അത് നടത്താനുള്ള ഏറ്റവും വലിയ ബുദ്ധിമുട്ട് ആ വലിയ കതകുകള്‍ പോകുന്ന ഓരോ നാട്ടിലേയ്ക്കും ചുമന്നുകൊണ്ടു പോകണമെന്നതാണ്. അതാണ് ശ്രമകരവും പണച്ചെലവും.

മറക്കാനാവാത്ത വ്യത്യസ്തമായ ഭരതനാട്യപരിപാടികള്‍ ഏതാണ്?

എത്രയോ തവണ ഞാനും സഹോദരിയും ബോംബെയില്‍ രാജ്ഭവനില്‍ നൃത്തം ചെയ്തിട്ടുണ്ട്. നേപ്പാളിലെ രാജാവും റാണിയും ഇവിടെ വന്നപ്പോള്‍ അവരുടെ മുന്നില്‍ നൃത്തം ചെയ്തിട്ടുണ്ട്.

ഒരിക്കല്‍ ജപ്പാനില്‍ എന്‍റെ നൃത്തപരിപാടി നടക്കവേ, ആ പരിപാടിയില്‍ മഹാഭാരതത്തിലെ ഒരു ഭാഗം നാട്യനാടകമായി നടത്തി. അതില്‍ ദുര്യോധനന്‍ സഭയില്‍ ദ്രൗപതിയെ അപമാനിക്കുന്ന രംഗവും ഉണ്ടായിരുന്നു. പരിപാടി കഴിഞ്ഞപ്പോള്‍ ഒരു ജപ്പാന്‍ സ്ത്രീ എന്നെ കാണാന്‍ വന്നു. എന്നെ കണ്ടയുടന്‍ അവര്‍ എന്‍റെ കൈപിടിച്ചുകൊണ്ട് പൊട്ടിപൊട്ടിക്കരഞ്ഞു. ദ്രൗപതിയുടെ ആ രംഗം കണ്ട് സങ്കടം സഹിക്കവയ്യാതെയാണ് അവര്‍ കരഞ്ഞത്. അത് ഓര്‍ത്തുനോക്കുമ്പോള്‍ നമ്മുടെ ഭാഷ അറിയാത്ത, പുരാണങ്ങള്‍ അറിയാത്ത ഒരു ജപ്പാന്‍കാരി ആ രംഗം കണ്ടു കരഞ്ഞു എന്നത് നമ്മുടെ ഭരതനാട്യം എന്ന കലയും പുരാണങ്ങളും എത്ര മഹത്തരമാണെന്ന് ബോധ്യപ്പെടുത്തുന്നു. അതുപോലെതന്നെ മഹാകവി സുബ്രഹ്മണ്യഭാരതിയുടെ നൂറ്റാണ്ട് ആഘോഷം അദ്ദേഹത്തിന്‍റെ ജന്മനാടായ എട്ടയാപുരത്ത് ഏര്‍പ്പാട് ചെയ്തിരുന്നു. ആ പരിപാടി അന്ന് ആസൂത്രണം ചെയ്തത് അന്നത്തെ മുഖ്യമന്ത്രി എം.ജി.ആര്‍ ആയിരുന്നു. ആ പരിപാടിയില്‍ ഞാനും എന്‍റെ അനുജത്തിയും നൃത്തം ചെയ്തു. ഭാരതിയുടെ പാട്ടുകള്‍ മാത്രം എടുത്ത്, വര്‍ണ്ണം മുതല്‍ തില്ലാന വരെ അതിന് അനുസൃതമായി നൃത്തം ചെയ്തു. ഇത് എനിക്ക് മറക്കാനാവില്ല.

നര്‍ത്തകി എന്നതിലുപരി ഭരതനാട്യഗുരു കൂടിയാണ് നിങ്ങള്‍. അതിലുപരി ഇന്‍റീരിയര്‍ ഡെക്കറേഷനും ചെയ്യുന്നുണ്ടെന്ന് കേട്ടല്ലോ?

ഞാന്‍ ഒട്ടും ചിന്തിച്ചിട്ടില്ലായിരുന്നു ഡാന്‍സ് ഗുരുവാകുമെന്ന്. എന്‍റെ ഗുരുനാഥന്‍ ശ്രീ കല്യാണ സുന്ദരം ബാംഗ്ലൂര്‍ വന്നപ്പോള്‍, 'ബാംഗ്ലൂരില്‍ തഞ്ചാവൂര്‍ ശൈലി' നൃത്തത്തിനായി ഇവിടെ ഒരു ഡാന്‍സ് സ്ക്കൂള്‍ തുടങ്ങണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. അദ്ദേഹം പെട്ടെന്ന് 'എന്‍റെ സ്റ്റുഡന്‍റ് വാണിഗണപതി' ആ ജോലി ഇവിടെ നിര്‍വ്വഹിക്കും' എന്ന് സ്റ്റേജില്‍ വെച്ചുതന്നെ അനൗണ്‍സ് ചെയ്തു. അയ്യോ സര്‍ എന്നോട് ചോദിക്കാതെ തന്നെ അങ്ങ് ഇങ്ങനെ പറഞ്ഞല്ലോ എന്ന് അദ്ദേഹത്തോട് ചോദിച്ചു. എനിക്ക് ഒഴിഞ്ഞുമാറാനായില്ല. ഡാന്‍സ് സ്ക്കൂള്‍ തുടങ്ങി. ഇന്ന് അതിന്‍റെ വളര്‍ച്ച കാണുമ്പോള്‍ അത്ഭുതം തോന്നുന്നു. പറഞ്ഞാല്‍ നിങ്ങള്‍ അത്ഭുതപ്പെടും, ഇന്‍റീരിയര്‍ ഡെക്കറേഷന്‍ പോലും. എന്‍റെ വീട്ടില്‍ വന്ന ഒരാള്‍ എന്‍റെ വീടിന്‍റെ ഡെക്കറേഷന്‍ കണ്ടിട്ട് എനിക്കും ഇതുപോലെ ചെയ്തുതരുമോ എന്ന് ചോദിച്ചു. അങ്ങനെ തുടങ്ങിയതാണ് ഇന്‍റീരിയല്‍ ഡെക്കറേഷന്‍. ഒന്നും പ്ലാന്‍ ചെയ്തിട്ടല്ല.

ഭരതനാട്യത്തില്‍ മുന്നേറാന്‍ ആഗ്രഹിക്കുന്ന തലമുറയ്ക്കുള്ള നിര്‍ദ്ദേശം?

ഞങ്ങള്‍ കൊച്ചുകുട്ടികളായിരിക്കുമ്പോള്‍ ഭരതനാട്യം എന്നുപറഞ്ഞാല്‍ നൃത്തം മാത്രമേ പഠിപ്പിക്കയുള്ളൂ. എന്നാലിന്ന് ആ പഴമയും മാറാതെ, പുതുമകളേയും ഉള്‍പ്പെടുത്തി പുതിയ പുതിയ കോണ്‍സപ്റ്റുകളില്‍ നൃത്തം പഠിപ്പിക്കുന്നു. മാത്രമല്ല എന്‍റെ ഡാന്‍സ് സ്ക്കൂളില്‍തന്നെ സ്റ്റേജില്‍ നൃത്തം ചെയ്യുമ്പോള്‍ ലൈറ്റിംഗ് എങ്ങനെയായിരിക്കണം, എത്രത്തോളം മേക്കപ്പ് വേണം, എങ്ങനെ മേക്കപ്പിട്ടാല്‍ ആ വെളിച്ചത്തില്‍ മുഖം ഭംഗിയായി തോന്നും, അതുപോലെ കോസ്റ്റ്യൂംസ്.. ഏത് പാട്ടിന് എങ്ങനെയുള്ള കോസ്റ്റ്യൂം ധരിച്ചാല്‍ സ്യൂട്ടാവും ഇങ്ങനെ ടോട്ടല്‍ പ്രസന്‍റേഷന് ആവശ്യമുള്ള എല്ലാകാര്യങ്ങളും പഠിപ്പിച്ചുകൊടുക്കുന്നു.

മേല്‍പ്പറഞ്ഞതൊക്കെ പറഞ്ഞുപഠിപ്പിച്ചും കൊടുത്താലും ഒരു സ്റ്റുഡന്‍റിന് വേണ്ടത് ഡെഡിക്കേഷനും പ്രാക്ടീസുമാണ്. അതുകൊണ്ട് നമുക്ക് പേരും പ്രശസ്തിയും പണവും കിട്ടും എന്നതിനാല്‍ ശ്രദ്ധ പോകരുത്. അതൊക്കെ കിട്ടേണ്ട സമയത്ത് താനേ കിട്ടും. ശ്രദ്ധിക്കേണ്ടത് ഒരേ ഒരു കാര്യം മാത്രം... അത് നമ്മുടെ ശ്രദ്ധ മുഴുവന്‍ നാട്യത്തിലായിരിക്കണം എന്നത് മാത്രമാണ്. ഒപ്പം ഗുരുഭക്തി, അതായത് ഗുരുവിനോടുള്ള ബഹുമാനം വളരെ പ്രധാനമാണ്.

മറ്റൊരു കാര്യം കൂടി പറയാം. ചിലര്‍ 'നിങ്ങള്‍ക്ക് കുട്ടികളില്ലാത്തതില്‍ ദുഃഖമില്ലേ' എന്ന് ചോദിക്കാറുണ്ട്. സത്യത്തില്‍ എന്നോടുള്ള ആ ചോദ്യമാണ് എന്നെ ദുഃഖിപ്പിക്കുന്നത്. എങ്കിലും ഞാന്‍ പുഞ്ചിരിയാണ് അവര്‍ക്ക് നല്‍കുന്ന മറുപടി. മാത്രമല്ല എന്‍റെ സ്റ്റുഡന്‍സ് എല്ലാവരും എനിക്ക് മക്കളാണ്. അവരെല്ലാം നല്ല നിലയില്‍ എത്തണമെന്ന് ആഗ്രഹിക്കുന്ന, പ്രാര്‍ത്ഥിക്കുന്ന സ്നേഹമുള്ള അമ്മ കൂടിയാണ് ഞാന്‍ എന്ന് വികാരഭരിതയായി പറഞ്ഞുനിര്‍ത്തി വാണിഗണപതി.

 


LATEST VIDEOS

Interviews