നടൻ ശരത്കുമാറിൻ്റെ മകളും, തെന്നിന്ത്യൻ സിനിമാ നടിയുമായ വരലക്ഷ്മി ശരത്കുമാർ, അടുത്തിടെയാണ് നിക്കോൾ സച്ച്ദേവിനെ വിവാഹം കഴിച്ചത്. വിവാഹത്തിന് ശേഷവും വരലക്ഷ്മി സിനിമയിൽ സജീവമാകാൻ പോകുകയാണെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതനുസരിച്ച് വിജയ്-ക്കൊപ്പം 'ദളപതി-69' എന്ന ചിത്രത്തിൽ താരം ജോയിൻ ചെയ്തു കഴിഞ്ഞു. എച്ച്.വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം ഇപ്പോൾ ചെന്നൈയിൽ നടന്നു വരികയാണ്. ഈ ഷൂട്ടിങ്ങിൽ വരലക്ഷ്മി പങ്കെടുത്തു അഭിനയിച്ചുവരികയാണ് എന്നുള്ള വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ഇതിന് മുൻപ് വിജയ്-ക്കൊപ്പം 'സർക്കാർ' എന്ന സിനിമയിൽ വരലക്ഷ്മി അഭിനയിച്ചിരുന്നു എന്നത് ശ്രദ്ധേയമാണ്. സർക്കാരിലെ പോലെ ഈ ചിത്രത്തിലും ഒരു പൗർഫുള്ളായ കഥാപാത്രമാണത്രെ താരം അവതരിപ്പിക്കുന്നത്. അനിരുദ്ധ് സംഗീതം ഒരുക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രകാശ് രാജ്, പ്രിയാമണി, ഗൗതം വാസുദേവ് മേനോൻ, പൂജ ഹെഗ്‌ഡെ, മമിതാ ബൈജു, നരേൻ തുടങ്ങി ഒരുപാട് താരങ്ങൾ അണിനിരക്കുന്ന സാഹചര്യത്തിലാണ് വരലക്ഷ്മിയും ജോയിൻ ചെയ്തിരിക്കുന്നത്. തെലുങ്കിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ കെ.വി.എൻ. തമിഴിൽ നിർമ്മിക്കുന്ന ആദ്യത്തെ ചിത്രമാണിത്. അടുത്ത വർഷം ഒക്ടോബറിൽ റിലീസ് ചെയ്യാൻ പ്ലാൻ ചെയ്തിരിക്കുന്ന ഈ സിനിമ വിജയ് അഭിനയിക്കുന്ന അവസാനത്തെ ചിത്രമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്നതാണ്.