മനസ്സില്‍ ആഗ്രഹിച്ചത് സാദ്ധ്യമായി തുടങ്ങിയതിന്‍റെ സന്തോഷത്തിലായിരുന്നു വസുബോസ്. സ്ക്കൂള്‍ പഠനം പൂര്‍ത്തിയായി വരുന്ന കാലഘട്ടത്തിലാണ് വസുബോസിന് ആക്ടിംഗിനോടുള്ള അഭിരുചി മെല്ലെ മെല്ലെ മനസ്സിലേക്ക് കയറിത്തുടങ്ങിയത്. മൂന്നുവര്‍ഷം ഡല്‍ഹി ഡ്രാമാ യൂണിവേഴ്സിറ്റി തീയേറ്ററില്‍ അഭിനയം പഠിച്ചിട്ടുണ്ട്. പിന്നീട് ലോസ് ആഞ്ചലസില്‍ പോയി അവിടെയും ആക്ടിംഗ് കോഴ്സില്‍ ചേര്‍ന്ന് പഠിച്ചിട്ടുണ്ട്.
മൂവിക്യാമറയുടെ മുന്നില്‍ നിന്ന് അഭിനയത്തിന്‍റെ കഴിവുകള്‍ പ്രകടിപ്പിക്കുവാന്‍ കഴിയുന്നതുപോലെ തന്നെ ക്യാമറയുടെ പിന്നില്‍ നിന്ന് സിനിമാസംവിധാനത്തിന്‍റെ ജോലികള്‍ പൂര്‍ത്തീകരിക്കാനും ആഗ്രഹമുണ്ടത്രെ. അതും ഞാന്‍ ഹൃദിസ്ഥമാക്കിക്കൊണ്ടിരിക്കുകയാണെന്ന് വസുബോസ് പറയുന്നു.
ബോംബെയില്‍ പോയി ഹിന്ദി സിനിമാരംഗത്തെ ചില പ്രമുഖരെ നേരില്‍ കണ്ടിരുന്നു. ചില ഓഡിഷനിലും പങ്കെടുത്തു. മലയാളി ആയതുകൊണ്ടും മലയാളം നന്നായി സംസാരിക്കാന്‍ അറിയാവുന്നതുകൊണ്ടും മലയാളം സിനിമകളില്‍ അഭിനയിക്കുന്നതാണ് ഒരു നടന്‍ എന്ന നിലയില്‍ താങ്കള്‍ക്ക് നല്ലതെന്ന് അവരില്‍ മിക്കവരും പറഞ്ഞപ്പോഴാണ് സത്യത്തില്‍ മലയാള സിനിമയുടെ മഹത്വം താന്‍ തിരിച്ചറിഞ്ഞതെന്ന് വസുബോസ് പറഞ്ഞു.
അപ്പോള്‍ ചിന്തകളും ഒപ്പം യാത്രകളും വഴിമാറി സഞ്ചരിച്ചു. മുംബൈയില്‍ നിന്ന് നേരെ കേരളത്തിലെത്തി. മലയാള സിനിമയിലെ ഏതാനും പ്രമുഖ സംവിധായകരെ കണ്ടു. അപ്പോഴാണ് യാദൃച്ഛികമായി ഒരു വെബ് സീരീസില്‍ അഭിനയിക്കാന്‍ അവസരം കിട്ടിയത്. നല്ലൊരു സ്ക്രിപ്റ്റില്‍ ഏതെങ്കിലുമൊരു റോളില്‍ അഭിനയിക്കാന്‍ കഴിഞ്ഞാല്‍ മതിയെന്ന് മാത്രം ആഗ്രഹിച്ചിരിക്കുമ്പോഴാണ് 'ഐസ്' എന്ന് പേരിട്ടിരിക്കുന്ന ഈ വെബ് സീരീസില്‍ ശ്രദ്ധേയമായ ഒരു ക്യാരക്ടര്‍ തന്നെ കിട്ടിയത്.
ഒരു ഫീമെയില്‍ റിവഞ്ച് സ്റ്റോറിയാണിത്. ഹീറോ- ഹീറോയിന്‍ എന്നിങ്ങനെ സാധാരണ പോലെ പ്രാധാന്യങ്ങളില്ല. ദേവ്മോഹന്‍, നിഖില വിമല്‍, കനികുസൃതി, ശ്രുതി രാമചന്ദ്രന്‍, പുതുമുഖം റിയാജിത്തു... തുടങ്ങിയവരൊക്കെ ഈ സീരീസില്‍ അഭിനയിക്കുന്നുണ്ട്.
എങ്ങനെയാണ് ഈ പ്രോജക്ടില്‍ അഭിനയിക്കുവാന്‍ അവസരം കിട്ടിയത്?
എന്‍റെയൊരു കസിന്‍ ബ്രദര്‍ അജിത്താണ് ഈ സീരീസിനെക്കുറിച്ച് എന്നോട് പറഞ്ഞത്. മലയാളം സിനിമകളില്‍ പങ്കെടുക്കുന്നതെങ്ങനെയെന്നോ, ഓഡിഷന്‍ എങ്ങനെയാണോ, അതിന്‍റെ ശരിയായ പ്രോസസിംഗിനെക്കുറിച്ചോ ഒന്നും എനിക്കറിയില്ലായിരുന്നു. സഞ്ജയ് പ്രകാശ് ചേട്ടനാണ് ഈ സീരീസിന്‍റെ കഥ എഴുതുന്നതെന്ന് പറഞ്ഞു. അദ്ദേഹം എന്‍റെയൊരു റിലേറ്റീവ് കൂടിയാണ്.
അങ്ങനെ ഞാന്‍ ആ സീരീയസിന് വേണ്ടി ഓഡിഷന്‍ ചെയ്തു. എന്നെ നേരില്‍ കാണുകയും ഫോട്ടോ കാണുകയും ഒക്കെ ചെയ്തപ്പോള്‍ ഡയറക്ടര്‍ക്ക് ഇഷ്ടപ്പെട്ടു. ഒരു ചെറിയ റോളിന് വേണ്ടിയാണ് ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തതെങ്കിലും മൂന്ന് പ്രാവശ്യം വീണ്ടും ഞാന്‍ ഓഡിഷനില്‍ പങ്കെടുത്തു. അപ്പോഴെനിക്ക് കുറച്ച് പ്രാധാന്യമുള്ള മറ്റൊരു റോള്‍ ലഭിച്ചു. ഒരു നെഗറ്റീവ് ഷേയ്ഡുള്ള വേഷം.
ഒരു പോലീസ് ഓഫീസര്‍, രണ്ട് സൈക്യാട്രിസ്റ്റ്, ഒരു സോഫ്ട്വെയര്‍ എഞ്ചിനീയര്‍ എന്നിവര്‍ ചേര്‍ന്ന് പുതിയ ഒരു സോഫ്ട് വെയര്‍ ഉണ്ടാക്കിയെടുക്കുന്നതാണ് കഥ. 'ഐസ്' എന്നാണതിന്‍റെ പേര്. നാല് സ്റ്റോക്കേഴ്സിന്‍റെ കഥയാണിത്. അതില്‍ ഒരു സ്റ്റോക്കറാണ് എന്‍റെ കഥാപാത്രം.
എങ്ങനെയുള്ള കഥാപാത്രങ്ങള്‍ ചെയ്യണമെന്നാണ് ആഗ്രഹം?
നല്ല സ്ക്രിപ്റ്റില്‍ നല്ലൊരു വേഷം. അത്രേയുള്ളൂ. ഈയടുത്തുവന്ന ആടുജീവിതം, ഭ്രമയുഗം, മഞ്ഞുമ്മല്‍ ബോയ്സ്, പ്രേമലു, ആവേശം... തുടങ്ങിയ സിനിമകളൊക്കെ ഞാന്‍ കണ്ടു. അതെല്ലാം എനിക്കിഷ്ടമാകുകയും ചെയ്തു. അത്തരം സിനിമകളുടെ ഭാഗമാകണമെന്ന് മാത്രമേ ആഗ്രഹമുള്ളൂ.