വിജയ്‌യുടെ 68-മത്തെ ചിത്രമായ 'GOAT' തിയേറ്ററുകളിലെത്താൻ ഇനി കുറച്ചുദിവസങ്ങളേയുള്ളൂ! സംവിധായകൻ വെങ്കട് പ്രഭുവും, വിജയ്‍യും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രത്തിൽ വിജയ്‌ക്കൊപ്പം പ്രശാന്ത്, പ്രഭുദേവ, ജയറാം, മോഹൻ, സ്നേഹ, ലൈല, അജ്മൽ, മീനാക്ഷി ചൗധരി തുടങ്ങി നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. ചിത്രത്തിന്റെ അവസാനഘട്ട ജോലികളും, ബിസിനസ് വിഷയങ്ങളും പുരോഗമിച്ചു വരുന്നതോടുകൂടി ചിത്രം സംബന്ധമായി ചില പുതിയ വാർത്തകളും പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. അതനുസരിച്ചു ഈ ചിത്രം ലോകമെമ്പാടുമുള്ള ഐമാക്സ് സാങ്കേതിക വിദ്യയിലുള്ള തിയറ്ററുകളിലും പ്രദർശിപ്പിക്കും എന്നും, ഇപ്പോഴത്തെ മറ്റൊരു അത്യാധുനിക സാങ്കേതിക വിദ്യയായ EPIQ-ലും പ്രദർശിപ്പിക്കും എന്നുള്ള വാർത്തകൾ മുൻപ് നൽകിയിരുന്നു. ഇതിനെ തുടർന്ന് 'GOAT' സംബന്ധമായി പുറത്തുവന്നിരിക്കുന്ന മറ്റൊരു വാർത്തയാണ് ഈ ചിത്രം റിലീസാകുന്ന ദിവസം തമിഴ്നാട്ടിലുള്ള എല്ലാ തിയേറ്ററുകളിലും പ്രദർശിപ്പിക്കും എന്നുള്ളത്. തമിഴ്‌നാട്ടിൽ 'GOAT'ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയ 'റോമിയോ പിക്‌ചേഴ്‌സ്' ആണ് ചിത്രത്തിൻ്റെ റിലീസ് സംബന്ധിച്ച ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. 'റോമിയോ പിക്‌ചേഴ്‌സ്' ഉടമ രാഹുൽ ഇത് സംബന്ധമായി പുറത്തുവിട്ടിരിക്കുന്ന വാർത്താകുറിപ്പിൽ ''ആ ഏരിയ, ഈ ഏരിയ, എല്ലാ ഏരിയകളും, തമിഴ് സിനിമാ ചരിത്രത്തിൽ ആദ്യമായി സെപ്തംബർ 5 മുതൽ തമിഴ്നാട്ടിലെ എല്ലാ തിയറ്ററുകളിലും 'GOAT' പ്രദർശിപ്പിക്കും എന്നാണു പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് സാധ്യമാകുകയാണെങ്കിൽ ചിത്രത്തിൻ്റെ ആദ്യ ദിന കളക്ഷൻ പുതിയ റെക്കോർഡ് സൃഷ്ടിക്കുമെന്നാണ് നിഗമനം. ഇതനിടെ ചിത്രത്തിൻ്റെ പ്രത്യേക പ്രദർശനത്തിനും ഫാൻസ് ക്ലബ് പ്രദർശനത്തിനുമുള്ള ബുക്കിംഗും ചിലയിടങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.