തമിഴ് സിനിമയിലെ മുൻനിര നടനായ വിജയ് 'തമിഴ്‌നാട് വെട്രി കഴകം' എന്ന പേരിൽ പുതിയ രാഷ്ട്രീയ പാർട്ടി ആരംഭിച്ചതും, അതിന്റെ ആദ്യത്തെ നയ സമ്മേളനം ഇന്നലെ (ഒക്ടോബർ-27) നടന്നതും എല്ലാവർക്കും അറിയാവുന്ന കാര്യമാണ്. തമിഴ്നാട്ടിലെ വിഴുപ്പുരം ജില്ലയിലുള്ള വിക്രവാണ്ടിയിൽ നടന്ന ഈ സമ്മേളനത്തിൽ ലക്ഷക്കണക്കിന് ആരാധകരും, സന്നദ്ധപ്രവർത്തകരും പങ്കെടുക്കുകയുണ്ടായി. ഈ ചടങ്ങിൽ പാർട്ടിയുടെ നയങ്ങൾ വിശദീകരിച്ച് വിജയ് സംസാരിച്ചു. സമ്മേളന വേദിയിൽ സ്വാതന്ത്ര്യസമരസേനാനികളെ ആദരിച്ച വിജയ്, തന്തൈ പെരിയാറെയും അംബേദ്കറെയും, കാമരാജറെയും, വീര നാച്ചിയാരെയും, എം.ജി.ആറിനെയുമൊക്കെ ആദരവോടെ സ്മരിച്ചാണ് പ്രസംഗം ആരംഭിച്ചത്. ശിവാജി ഗണേശൻ, ടി.രാജേന്ദ്രൻ, ക്യാപ്റ്റൻ വിജയകാന്ത്, കമൽഹാസൻ തുടങ്ങിയ താരങ്ങൾക്ക് പ്രതീക്ഷിച്ച വിജയം നേടാനാവാതെ പോയ തമിഴ്നാട്ട് രാഷ്ട്രീയക്കളരിയിലാണ് ഒരു സിനിമക്ക് 200 കോടിയിലധികം ശമ്പളം വാങ്ങുന്ന, വാങ്ങി കൊണ്ടിരിക്കുന്ന സമയത്തിൽ തന്നെ അത് വേണ്ടെന്നു വെച്ച് വിജയ് ഇറങ്ങിയിരിക്കുന്നത്. രാഷ്ട്രീയത്തിലിറങ്ങുന്ന സിനിമക്കാരെ ‘കൂത്താടി’ എന്നു പരിഹസിക്കാറുണ്ടെന്നു പറഞ്ഞ വിജയ്, കലയുടെയും കലാകാരന്റെയും പ്രസക്തിയും സാമൂഹിക പ്രതിബദ്ധതയും എടുത്തുപറഞ്ഞാണ് അതിനെ നേരിട്ടത്. വിജയ്‌യുടെ രാഷ്ട്രീയ സമ്മേളനത്തിനെ അഭിനന്ദിച്ച് സിനിമയിലുള്ള നിരവധി പേർ പ്രസ്താവനകൾ ഇറക്കിയിട്ടുണ്ടെങ്കിലും തമിഴ് സിനിമയിലെ മുൻനിര നടന്മാരായ കമൽഹാസൻ, രജനികാന്ത്, അജിത്, ധനുഷ് തുടങ്ങിയ താരങ്ങളൊന്നും ഇതേക്കുറിച്ച് മിണ്ടിയിരുന്നില്ല. എന്നാൽ സൂര്യ, കാർത്തി, പ്രകാശ് രാജ്, വിജയ് സേതുപതി, ജയം രവി, ശിവകാർത്തികേയൻ, ശശികുമാർ, പ്രഭു, സാന്തനു, സതീഷ്, അർജുൻ ദാസ്, വസന്ത് രവി, വെങ്കട്ട് പ്രഭു, കാർത്തിക് സുബ്ബരാജ്, നെൽസൺ, നടിമാരായ റെജീന, ധൻഷിക എന്നിവർ വിജയ്‌യിന് ആശംസകൾ അറിയിച്ചിരുന്നു. വിജയുടെ രാഷ്ട്രീയ എതിരാളിയായ ഉദയനിധി സ്റ്റാലിൻ അദ്ദേഹത്തെ അഭിനന്ദിച്ചപ്പോൾ, വിജയ്‌യുടെ അടുത്ത സുഹൃത്തായ അജിത്ത് അഭിനന്ദനം അറിയിക്കാതെ ഇരുന്നത് കോളിവുഡിൽ സംസാര വിഷയമായിരിക്കുകയാണ്. രജനികാന്ത്, കമൽഹാസൻ, ധനുഷ് തുടങ്ങിയവർ വിജയ്‌യുടെ രാഷ്ട്രീയ സമ്മേളനത്തിനെ അഭിനന്ദിച്ച് പ്രസ്താവനകൾ ഇറക്കാത്തത് ഇപ്പോൾ ഭരണത്തിലിരിക്കുന്ന പാർട്ടി നേതാക്കളെ ഭയന്നാണ് എന്നും കോളിവുഡിൽ സംസാര വിഷയമായിട്ടുണ്ട്. എന്നാൽ സിനിമയിൽ വിജയിച്ചത് പോലെത്തന്നെ വിജയ് രാഷ്ട്രീയത്തിലും വമ്പൻ വിജയം നേടും എന്നത് തന്നെയാണ് അധികം പേരുടെയും ണക്കുകൂട്ടൽ!