NEWS

വിജയ്‌യുടെ 'ഗില്ലി' റീ-റിലീസ് - ആദ്യദിന കളക്ഷൻ 8 കോടി?

News

വിജയ്‌യും, തൃഷയും ഒന്നിച്ചഭിനയിച്ചു 2004-ൽ പുറത്തിറങ്ങി സൂപ്പർഹിറ്റായ ചിത്രമാണ് 'ഗില്ലി'. ഇപ്പോൾ തമിഴ്നാട്ടിൽ അതിലും പ്രത്യേകിച്ച് ചെന്നൈയിൽ മുൻപ് പുറത്തിറങ്ങി സൂപ്പർഹിറ്റായ പഴയ ചിത്രങ്ങൾ വീണ്ടും റിലീസ് ചെയ്തു പ്രദർശിപ്പിക്കുന്നത് ഒരു ട്രെൻഡായി മാറിയിരിക്കുകയാണ്. ഇങ്ങിനെയുള്ള സാഹചര്യത്തിലാണ് വിജയ്, തൃഷ, പ്രകാശ് രാജ് സംവിധായകൻ ധരണി കൂട്ടുകെട്ടിൽ ഒരുങ്ങിയ   'ഗില്ലി' ഇന്നലെ (20-4-24) തമിഴ്നാട്ടിൽ മാത്രമല്ലാതെ ചില വിദേശ രാജ്യങ്ങളിലും റീ-റിലീസ് ചെയ്തത്.  റീ-റിലീസ് ചെയ്ത 'ഗില്ലി'ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്നലെ ചെന്നൈയിൽ ഈ ചിത്രം റിലീസ് ചെയ്ത മിക്ക തിയേറ്ററുകളും ഹൌസ് ഫുൾ ഷോകളായാണ് പ്രദർശനം നടത്തിയത്. ഇന്നലെ ഒരു ദിവസത്തെ കളക്ഷൻ മാത്രം എട്ട് കോടിയോളം രൂപ വരുമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. റീ-റിലീസുകളിൽ മുൻ ചിത്രങ്ങളുടെ റെക്കോർഡും 'ഗില്ലി' തകർത്തു എന്നും റിപ്പോർട്ടുണ്ട്. വിജയ്, രജനികാന്ത്, അജിത് തുടങ്ങിയ താരങ്ങളുടെ പുതിയ സിനിമകൾ റിലീസാകുന്ന ദിവസം ഉണ്ടാകുന്ന ആഘോഷ തിമിർപ്പോടെയാണ് വിജയ്‌യുടെ ആരാധകർ 'ഗില്ലി'യെ സ്വീകരിച്ചത്. ചിത്രം റിലീസ് ചെയ്ത മിക്ക തീയറ്ററുകളിലും പാട്ടുകൾക്കൊത്ത് എഴുന്നേറ്റ് നൃത്തം ചെയ്തും പഞ്ച് വരികൾ വരുമ്പോൾ ഒരുമിച്ച് കൂവി വിളിച്ചുമാണ് ആരാധകർ ഗില്ലിയെ ആഘോഷിച്ചത്.


LATEST VIDEOS

Latest