NEWS

“ഇക്കുറി പൊങ്കലിന് വിജയും അജിത്തും നേർക്കു നേർ! ആര് മുന്നേറുമെന്ന് കാത്ത് തമിഴകം”

News

തമിഴ് സിനിമയിലെ രണ്ട് സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പൊങ്കൽ വിശേഷത്തിനോടനുബന്ധിച്ച ഒരേ ദിവസം, അതായത് ജനവരി 11-ന് റിലീസാകാനിരിക്കുകയാണ്. ആ ചിത്രങ്ങൾ വിജയ് നായകനാകുന്ന 'വാരിസ്സു'വും, അജിത് നായകനാകുന്ന 'തുണിവു'മാണ്‌. ഈ രണ്ടു ചിത്രങ്ങളും പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നുവെങ്കിലും, റിലീസ് തിയതികൾ പുറത്തുവിട്ടിരുന്നില്ല. ഒടുവിൽ ഈയിടെയാണ് 'തുണിവ്' ജനവരി 11-ന് റിലീസാകുമെന്നുള്ള വാർത്ത ചിത്രത്തിന്റെ നിർമ്മാതാക്കൾ പുറത്തുവിട്ടത്. ഇതിനു പിന്നാലെ ഇപ്പോൾ 'വാരിസ്സു'വിന്റെ റിലീസ് തിയതിയും പുറത്തുവന്നിരിക്കുകയാണ്.

'തുണിവി'നൊപ്പം തന്നെ ജനുവരി 11-ന് 'വാരിസ്സും' തിയറ്ററുകളിൽ എത്തുമെന്നുള്ള വാർത്ത പുറത്തുവന്നതിനെ തുടർന്ന് കോളിവുഡിൽ ഇത് സംബന്ധമായുള്ള ചർച്ചകളാണ് നടന്നു വരുന്നത്. അതായത്, ഈ രണ്ടു ചിത്രങ്ങളിൽ ഏതു ചിത്രമായിരിക്കും വമ്പൻ വിജയം നേടുക? ഈ രണ്ടു താരങ്ങളുടെയും ആരാധകർക്കിടയിൽ തിയേറ്ററുകളിൽ ഏറ്റുമുട്ടലുകൾ ഉണ്ടാകുമോ, ഏതു ചിത്രത്തിനായിരിക്കും തിയേറ്റർ ഉടമകൾ അധിക പ്രാധാന്യം നൽകുക, 'തുണിവ്' എന്ന ചിത്രം തമിഴ്നാട് മുഖ്യ മന്ത്രിയുടെ മകനും, മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്റെ 'റെഡ്ജയന്റ്' എന്ന സ്ഥാപനമാണ് റിലീസ് ചെയ്യുന്നത് എന്നതിനാൽ 'വാരിസ്സു'വിനു ഏതെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ വരുമോ... തുടങ്ങിയ വിഷയങ്ങളാണ് ഇപ്പോൾ കോളിവുഡിൽ ചർച്ചാ വിഷയമായിരിക്കുന്നത്.

ഈ രണ്ടു ചിത്രങ്ങളുടെയും ട്രെയ്‌ലർ പുറത്ത് വന്നതിനെ തുടർന്ന് പൊതുവായുള്ള ആരാധകരെ അധികം ആകർഷിച്ചിരിക്കുന്നത് വിജയിന്റെ 'വാരിസ്സു' തന്നെയാണ്. സോഷ്യൽ മീഡിയകളിൽ വരുന്ന കണക്കുകൾ പ്രകാരവും വിജയ്-യിന്റെ 'വാരിസ്സു', അജിത്തിന്റെ 'തുണിവി'നെ കടത്തി വെട്ടിയിരിക്കുക തന്നെയാണ് ചെയ്തിരിക്കുന്നത്. എങ്ങനെയായാലും ഈ ചിത്രങ്ങളിൽ ഏതു ചിത്രമായിരിക്കും ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റി വമ്പൻ വിജയമാകുന്നത് എന്നറിയുവാൻ ഇനി കുറച്ചു ദിവസങ്ങൾ മാത്രമേ കാത്തിരിക്കേണ്ടതുള്ളൂ!


LATEST VIDEOS

Exclusive