ഷാരൂഖ് ഖാൻ നായകനായ 'ജവാൻ' സെപ്റ്റംബർ 7 ന് റിലീസ് ചെയ്യും. ഒരു പാന്‍ ഇന്ത്യന്‍ ഹിറ്റില്‍ക്കുറഞ്ഞതൊന്നും ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നില്ല. റെക്കോര്ഡ് തുകയ്ക്കാണ് പല സംസ്ഥാനങ്ങളിലെയും വിതരണകമ്പനികള്‍ വിതരണാവകാശം നേടിയിരിക്കുന്നത്. സംവിധായകൻ ആറ്റ്‌ലിയുടെ ബോളിവുഡ് അരങ്ങേറ്റംകൂടി മുന്‍നിര്‍ത്തി തഴിനാട്ടിലും ചിത്രത്തിന് വലിയ വിജയമാണ് നിര്‍മ്മാതാക്കള്‍ പ്രതീക്ഷിക്കുന്നത്. തമിഴില്‍ നിന്ന് നയന്‍താരയും വിജയ് സേതുപതിയും യോഗി ബാബുവും നിര്‍ണായക വേഷങ്ങളില്‍ എത്തുന്നതിനാല്‍ റിലീസിന് ഒരാഴ്ച മുന്‍പ് തന്നെ തമിഴ്നാട്ടില്‍ ഒരു ഗംഭീര പ്രീ റിലീസ് ഈവന്റ് നടത്താനാണ് അണിയറനീക്കം. ചടങ്ങില്‍ മുഖ്യാതിഥിയായി സൂപ്പര്‍ താരം വിജയ് പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജവാനില്‍ കാമിയോ റോളില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന്‍റെ വേഷത്തില്‍ വിജയ് എത്തുന്നു എന്നും അഭ്യൂഹങ്ങള്‍ ഉണ്ട്. ഷാരൂഖും വിജയും ഒന്നിച്ചു ഒരു വേദി പങ്കിട്ടാല്‍ അത് ചിത്രത്തിന് വലിയ ഗുണമായിരിക്കും. ഇത് മുന്‍കൂട്ടി കണ്ടിട്ടാണ് അണിയറപ്രവര്‍ത്തകര്‍ രണ്ടു താരങ്ങളെയും ഒന്നിച്ചു പങ്കെടുപ്പിക്കുവാന്‍ ശ്രമിക്കുന്നത്.