കോളിവുഡിൽ ഒരു വിമർശന, വിവാദ താരമായി തിളങ്ങി വരുന്ന മിഷ്കിൻ ഈയിടെ 'ദളപതി' വിജയിനെയും മര്യാദ കുറവായി സംസാരിച്ചു
തമിഴിൽ 'ചിത്തിരം പേശുതടി', 'അഞ്ചാതെ', 'മുഖംമൂടി', 'പിശാശു' തുടങ്ങി പല വ്യത്യസ്ത സിനിമകൾ സംവിധാനം ചെയ്തു പ്രശസ്തനായ സംവിധായകനാണ് മിഷ്കിൻ. സിനിമാ നടൻ, നിർമ്മാതാവ്, സംഗീത സംവിധായകൻ, ഗാനരചയിതാവ് തുടങ്ങിയ നിലകളിലും പ്രശസ്തനാണ് മിഷ്കിൻ. എന്നാൽ സിനിമയെ കുറിച്ച് എല്ലാം അറിയുന്ന ഒരാളാണ് താനെന്ന ഗർവവും, അഹങ്കാരവും ഉള്ള ഒരു വ്യക്തിയും കൂടിയായ മിഷ്കിൻ പല സിനിമാ വേദികളിലും സ്റ്റേജ് മര്യാദകൾ പാലിക്കാതെ തന്നെക്കാട്ടിലും വയസ്സ് കൂടുതലുള്ളവരാണെകിലും, കുറഞ്ഞവരാണെങ്കിലും അവരെ അവൻ, ഇവൻ, അവൾ ഇവൾ എന്ന് മര്യാദ കുറവോടെ സംസാരിച്ച് വിവാദങ്ങൾ സൃഷ്ടിക്കാറുണ്ട്. ഇങ്ങിനെ കോളിവുഡിൽ ഒരു വിമർശന, വിവാദ താരമായി തിളങ്ങി വരുന്ന മിഷ്കിൻ ഈയിടെ 'ദളപതി' വിജയിനെയും മര്യാദ കുറവായി സംസാരിച്ചു, വിജയ് ആരാധകരുടെ പ്രതിഷേധത്തിന് പാത്രമായിരിക്കുകയാണ്.
വിജയ്‌യുടെ 'ലിയോ' എന്ന സിനിമയിൽ മിഷ്‌കിനും ഒരു പ്രധാന കഥാപാത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ഈ സിനിമ സംബന്ധമായി മിഷ്കിൻ സംസാരിക്കുമ്പോഴാണ് വിജയിനെ 'അവൻ' എന്ന രീതിയിൽ അപമര്യാദയായി സംസാരിച്ചിരുന്നത്. മിഷ്കിൻ ഇങ്ങിനെ സംസാരിച്ചതിനെ തുടർന്ന് അത് വിജയ് ആരാധകർക്കിടയിൽ വലിയ കോളിളക്കം സൃഷ്ടിക്കുകയും, മിഷ്‌കിന് എതിരായി പ്രതിഷേധങ്ങൾ ഉയർത്തുകയും ചെയ്തു. കോളിവുഡിലെ സൂപ്പർസ്റ്റാറുകളിൽ ഒരാളാണ് വിജയ്. സിനിമയിൽ ഉയർന്ന ഒരു സ്ഥാനത്തിലിരിക്കുന്ന അദ്ദേഹത്തിനെ മിഷ്കിൻ എങ്ങിനെ അപമര്യാദയായി സംസാരിക്കാം എന്ന് പറഞ്ഞു ഒരു വിഭാഗം വിജയ് ആരാധകർ മിഷ്‌കിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലി പോസ്റ്റർ ഒട്ടിച്ചാണ് തങ്ങളുടെ പ്രധിഷേധം രേഖപെടുത്തിയത്. ഈ സംഭവം കോളിവുഡിൽ മാത്രമല്ല തമിഴ്നാട് മുഴുവനും ചർച്ചാ വിഷയമായിരിക്കുകയാണ്. എത്ര വലിയ നടനോ സംവിധായകനോ കലാകാരനോ ആകട്ടെ, പൊതുവേദികളിൽ സംസാരിക്കുമ്പോൾ സ്റ്റേജ് മര്യാദകൾ പാലിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് പലരും മിഷ്കിനെതിരെ പ്രതികരിച്ചിരിക്കുന്നത്. ഒരു ചിലർ മിഷ്കിൻ എപ്പോഴും കറുത്ത കണ്ണട ധരിക്കുന്ന വ്യക്തിയായതിനാൽ 'എം.ജി.ആറിനെ പോലെ കണ്ണട വെച്ചാൽ മാത്രം പോരാ, ആ വിപ്ലവ നേതാവിനെപ്പോലെ പെരുമാറാനും പഠിക്കണം. കുട്ടികളായാലും, മുതിർന്നവരായാലും, ഏത് വേദിയായാലും വളരെ ബഹുമാനത്തോടെ സംസാരിക്കാൻ പഠിക്കണം'' എന്ന് പറഞ്ഞാണ് വിമർശിച്ചിരിക്കുന്നത്.