വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ചെന്നൈ: നിർധന കുട്ടികൾക്ക് സായാഹ്ന ക്ലാസ്സുമായി നടൻ വിജയ്. താരത്തിന്റെ ആരാധക സംഘമായ വിജയ് മക്കൾ ഇയക്കമാണ് പദ്ധതി നടപ്പാക്കുന്നത്. തമിഴ്നാട്ടിലെ എല്ലാ മണ്ഡലങ്ങളിലും നിർധന കുടുംബങ്ങളിലെ കുട്ടികൾക്കായി സായാഹ്നക്ലാസ്സുകൾ തുടങ്ങും. ഈ വരുന്ന ശനിയാഴ്ച്ച മുതൽ ക്ലാസുകൾ ആരംഭിക്കാനാണ് നീക്കം. വിജയ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നു എന്ന അഭ്യൂഹം ശക്തമാകുന്നതിനിടെയാണ് പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഗ്രാമങ്ങളിലെ സ്കൂളുകളിൽ വിദ്യാർത്ഥികൾക്ക് ഉച്ചഭക്ഷണം നൽകാനും വിജയ് മക്കൾ ഇയക്കം പദ്ധതിയിടുന്നു. പണയൂരിലെ വീട്ടിൽ തുടർച്ചയായ രണ്ടാം ദിവസവും ആരാധകകൂട്ടായ്മ ഭാരവാഹികളെ കാണുകയാണ് വിജയ്. തത്ക്കാലം സിനിമയിൽ തുടരുമെന്ന് ആവർത്തിക്കുമ്പോഴും നിയോജക മണ്ഡല അടിസ്ഥാനത്തിലെ നീക്കങ്ങൾ ശ്രദ്ധേയമാണ്. 234 നിയോജക മണ്ഡലങ്ങളിലെ 10,12 ക്ലാസ്സുകളിൽ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ താരം ആദരിച്ചിരുന്നു.