ലോക പട്ടിണി ദിനമായ 28-ന് തമിഴ്നാട്, കേരളം, ആന്ധ്രപ്രദേശ്, മഹാരാഷ്ട്ര, പുതുച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ സൗജന്യ ഉച്ചഭക്ഷണം നൽകാൻ വിജയ്‌യുടെ ആരാധക സംഘടനയായ 'വിജയ് മക്കൾ ഇയക്കം' തീരുമാനിച്ചിട്ടുണ്ട്. ഭക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ചു ബോധവത്കരണം നടത്തുവാനാണത്രെ ഈ പദ്ധതി! തമിഴ് നാട്ടിലെ 234 നിയോജക മണ്ഡലങ്ങളിലും സൗജന്യ ഉച്ച ഭക്ഷണം നൽകാൻ വേണ്ടിയുള്ള ക്രമീകരണങ്ങളും ഒരുക്കങ്ങളും തുടങ്ങി കഴിഞ്ഞു.
ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന 'ലിയോ'യാണ് വിജയ്‍യുടെതായി അടുത്ത് പുറത്തു വരാനിരിക്കുന്ന ചിത്രം. ഈ സിനിമയ്ക്കു ശേഷം വെങ്കട്ട് പ്രഭു സംവിധാവും ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കാനിരിക്കുന്നത്.
വിജയ് സിനിമകളിൽ അഭിനയിക്കുന്നതോടൊപ്പം രാഷ്ട്രീയത്തിലും പ്രവേശിക്കാൻ തീരുമാനിച്ചിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. ഇതിന്റെ മുന്നോടിയായാണ് ഈയിടെ അംബേദ്കറുടെ ജന്മദിനത്തിൽ അവരെ ആദരിക്കാൻ തന്റെ ആരാധകരോട് വിജയ് നിർദ്ദേശിച്ചിരുന്നത്. ഇതിന്റെ തുടർച്ചയായി
വിജയ് അടുത്തതായി വിദ്യാർത്ഥികളെ നേരിൽ കാണുവാനും പദ്ധതിയിട്ടുണ്ട്. വരുന്ന ജൂൺ രണ്ടാം വാരത്തിൽ തമിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിലായി പത്താം ക്ലാസിലും, പ്ലസ്-2വിലും ഏറ്റവും കൂടുതൽ മാർക്ക് നേടിയ 1500 വിദ്യാർത്ഥികളെ വിജയ് നേരിൽ കാണുമെന്നാണ് റിപ്പോർട്ട്. കൂടാതെ, മാതാപിതാക്കളുടെ അഭാവത്തിൽ ഉയർന്ന സ്കോർ നേടുന്ന വിദ്യാർത്ഥികളുടെ തുടർന്നുള്ള പഠനത്തിനായി വിജയ് സഹായങ്ങൾ ചെയ്യാനും തീരുമാനിച്ചിട്ടുണ്ടത്രെ! ഇങ്ങിനെ വിജയ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ കുറിച്ചുള്ള ചർച്ചകളും, വിവാദങ്ങളുമാണ് ഇപ്പോൾ കോളിവുഡിൽ വരുന്നത്. സിനിമയിൽ പ്രകാശിച്ചതുപോലെ വിജയ്‌യിനെ കൊണ്ട് രാഷ്ട്രീയത്തിൽ പ്രകാശിക്കാൻ സാധിക്കുമോ എന്നുള്ള ചോദ്യവും ഉയർന്നിട്ടുണ്ട്!