ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങി വരുന്ന 'ലിയോ' ഒക്ടോബർ 19-ന് റിലീസാകാനിരിക്കുകയാണ്. ഈ ചിത്രത്തിനെ തുടർന്ന് വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കാനിരിക്കുന്നത്. ഇത് വിജയ്‌യുടെ 68-മത്തെ ചിത്രമാണ്. വിജയ് നായകനായി വന്ന 'ബിഗിൽ' എന്ന ചിത്രം ഉൾപ്പെടെ ഒരുപാട് സിനിമകൾ നിർമ്മിച്ച, തമിഴ് സിനിമയിലെ പ്രശസ്ത നിർമ്മാണ കമ്പനിയായ 'എ.ജി.എസ്.എന്റർടൈൻമെന്റാണ് 'വിജയ്-68' നിർമ്മിക്കുന്നത്. ബ്രമ്മാണ്ഡമായി ഒരുങ്ങാനിരിക്കുന്ന ഈ ചിത്രത്തിന് വെങ്കട് പ്രഭു സംവിധാനം ചെയ്ത ഒട്ടുമിക്ക ചിത്രങ്ങൾക്കും സംഗീതം നൽകിയ യുവൻ ശങ്കർ രാജ തന്നെയാണ് സംഗീതം നൽകുന്നത്. ഈ സാഹചര്യത്തിലാണ് വെങ്കട്ട് പ്രഭു ഈ ചിത്രത്തിൽ വിജയ്‌യെ ഡബിൾ റോളിലാണ് അവതരിപ്പിക്കാൻ പോകുന്നത് എന്നുള്ള വാർത്ത പുറത്തുവന്നിരിക്കുന്നത്. അതേ സമയം ഇത് സംബന്ധിച്ച ഔദ്യോഗിക വിവരങ്ങൾ ഒന്നും ചിത്രത്തിന്റെ അണിയറപ്രവർത്തകർ പുറത്തുവിട്ടിട്ടില്ല. വിജയ് ഇതിനു മുൻപും 'അഴകിയ തമിഴ് മകൻ', 'മെർസൽ' 'ബിഗിൽ' തുടങ്ങിയ ചിത്രങ്ങളിൽ ഒന്നിലധികം വേഷങ്ങളിൽ അഭിനയിച്ചിരുന്നു.
ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിലുള്ള 'ലിയോ' ആരാധകർക്കിടയിൽ വലിയ പ്രതീക്ഷയോടെയാണ് ഒരുങ്ങി വരുന്നത്. ചിത്രീകരണം കഴിഞ്ഞു പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തകൃതിയായി നടന്നു വരുന്ന സാഹചര്യത്തിൽ തന്നെ ചിത്രത്തിന്റെ ബിസിനസ്സ് വിഷയങ്ങളും തകൃതിയായി നടന്നു വരികയാണ്. തമിഴ് സിനിമയിൽ ഇതുവരെ ഉണ്ടാകാത്ത ഒരു തരംഗം വിജയ്‌യുടെ 'ലിയോ' സൃഷ്ടിക്കും എന്നാണു പറയപ്പെടുന്നത്. അതിനാൽ ഈ ചിത്രത്തിനു ശേഷം വരുന്ന വിജയ്‌യുടെ ചിത്രം എന്ന നിലയിൽ 'വിജയ്-68' ഒരുക്കുന്ന കാര്യത്തിൽ ചിത്രത്തിന്റെ സംവിധായകനായ വെങ്കട് പ്രഭു വളരെ ശ്രദ്ധയോടെയാണ് ഓരോ അടിയും എടുത്തുവെക്കുന്നത്.