തിയേറ്ററുകളിൽ തരംഗം തീർത്ത് മുന്നേറുന്ന ഏറ്റവും പുതിയ മോഹൻലാൽ ചിത്രമാണ് തുടരും. ചിത്രത്തിലെ മോഹൻലാലിന്റെ മാസ്മരിക പ്രകടനത്തിനൊപ്പം സംഗീതവും ഏറെ ഹിറ്റായിരുന്നു. അവസാനമായി പുറത്തിറങ്ങിയ കൊണ്ടാട്ടം എന്ന ഗാനവും വൈറലായിരുന്നു.
തുടരും സിനിമയില്‍ പ്രേക്ഷകരെ ഏറെ സന്തോഷിപ്പിച്ച ഒരു സര്‍പ്രൈസ് കാമിയോ ആയിരുന്നു തമിഴ് നടന്‍ വിജയ് സേതുപതിയുടേത്. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ഷണ്‍മുഖന്റെ ചെറുപ്പത്തിലെ സുഹൃത്തായാണ് വിജയ് സേതുപതി ചിത്രത്തിലെ ചില ഫോട്ടോസില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാലും വിജയ് സേതുപതിയും ഒന്നിച്ചുള്ള ചിത്രങ്ങള്‍ക്ക് തിയേറ്ററില്‍ വലിയ കയ്യടിയും ലഭിച്ചിരുന്നു.
അതിൽ തന്നെ ആരാധകർ ഏറെ ആഘോഷിച്ച ഫോട്ടോയായിരുന്നു തുടരും ടൈറ്റിൽ സോങ്ങിൽ കാണിക്കുന്ന ഇരുവരുടേയും ഫോട്ടോ. ചെന്നൈയില്‍ ഫൈറ്റേഴ്‌സ് ആയി ജോലി ചെയ്തിരുന്ന കാലത്തെ ചിത്രം എന്ന രീതിയിലാണ് എ ഐ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഒരുക്കിയ ഫോട്ടോ സിനിമയിൽ കാണിച്ചിരിക്കുന്നത്.
ഇപ്പോള്‍ ഈ ഫോട്ടോ ഷെയര്‍ ചെയ്തുകൊണ്ട് സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിജയ് സേതുപതി. 'മോഹന്‍ലാല്‍ എന്ന അതുല്യ മനുഷ്യനോടൊപ്പം ഒരു പിക്ചര്‍ സ്‌പേസ് ഷെയര്‍ ചെയ്യാന്‍ കഴിഞ്ഞതില്‍ ഒരുപാട് സന്തോഷം' എന്നാണ് വിജയ് സേതുപതി സമൂഹമാധ്യമങ്ങളില്‍ കുറിച്ചത്.