തമിഴ്നാട്ടിലെ ചില ജയിലുകളിൽ ലൈബ്രറികൾ തുറന്നു പ്രവർത്തിക്കുന്നുണ്ട്. ലൈബ്രറികൾ ഇല്ലാത്ത ജയിലിലും തുറക്കാൻ പദ്ധതിയുണ്ട്. മധുര സെൻട്രൽ ജയിലിലുള്ള ലൈബ്രറിക്കായി ജയിൽ വകുപ്പ് ഡി.ഐ.ജി.പളനി, അഡീഷണൽ സൂപ്രണ്ട് വസന്തകണ്ണൻ തുടങ്ങിയവർ പുസ്തകങ്ങൾ ശേഖരിക്കുന്നുണ്ട്. ഈ വാർത്ത പുറത്തുവന്നതിനെ തുടർന്ന് നടൻ വിജയസേതുപതി വിവിധ തരത്തിലുള്ള 1000 പുസ്തകങ്ങൾ സംഭാവന ചെയ്യാൻ തീരുമാനിച്ചു ജയിൽ ഡി.ഐ.ജി.പളനി, അഡീഷണൽ സൂപ്രണ്ട് വസന്ത കണ്ണൻ എന്നിവരെ നേരിൽ കണ്ട് പുസ്തകങ്ങൾ നൽകുകയുണ്ടായി.
ഇതിനെക്കുറിച്ച് വിജയ് സേതുപതി സംസാരിക്കുമ്പോൾ, “പുസ്തകങ്ങളിലൂടെ തടവുകാരെ മെച്ചപ്പെടുത്താനുള്ള ശ്രമം നല്ലതാണ്. ഞാൻ അതിനെ അഭിനന്ദിക്കുന്നു. ഈ വാർത്ത കേട്ടപ്പോൾ ഒരുപാട് പുസ്തകങ്ങൾ നൽകണമെന്ന് തോന്നി. ഇപ്പോൾ ഉശിലംപട്ടി മേഖലയിൽ ഞാൻ അഭിനയിക്കുന്ന ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനാൽ മധുര ജയിലിലുള്ള ലൈബ്രറിക്കായി ആദ്യഘട്ടത്തിൽ 1000 പുസ്തകങ്ങൾ നൽകിയിട്ടുണ്ട്. തടവുകാരെ പരിഷ്കരിക്കാൻ തരത്തിലുള്ള സാഹിത്യം, ഗ്രാമ പശ്ചാത്തലം, അധ്യാപനം തുടങ്ങിയ തരത്തിലുള്ള പുസ്തകങ്ങളാണ് നൽകിയിരിക്കുന്നത്. ഇതുപോലെ മറ്റു സ്ഥലങ്ങളിലുള്ള ജയിലിലെ ലൈബ്രറികൾക്കും പുസ്തകങ്ങൾ നൽകുവാനും പദ്ധതിയുണ്ട്. ഇങ്ങിനെ ഒരു പുതിയ പരിശ്രമം തുടങ്ങിയ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് എന്റെ അഭിനന്ദനങ്ങൾ'' എന്നും പറയുകയുണ്ടായി!