തമിഴ് സിനിമയിലെ മുൻനിര നായകന്മാരിൽ ഒരാളായ അജിത്തിനെ നായകനാക്കി 'വീരം', 'വേതാളം', 'വിവേകം', 'വിശ്വാസം' തുടങ്ങി തുടർച്ചയായി നാല് ചിത്രങ്ങൾ സംവിധാനം ചെയ്ത സംവിധായകനാണ് 'സിരുത്തൈ' ശിവ. ഈ ചിത്രങ്ങൾക്ക് ശേഷം രജനികാന്തിനെ നായകനാക്കി അദ്ദേഹം സംവിധാനം ചെയ്ത 'അണ്ണാത്ത', സൂര്യയെ നായകനാക്കി സംവിധാനം ചെയ്ത 'ഗംഗുവ' എന്നീ ചിത്രങ്ങൾ വൻ പരാജയമാകുകയും, 'സിരുത്തൈ' ശിവ വലിയ തോതിൽ വിമർശനങ്ങളെ നേരിടുകയും ചെയ്തു.
ഇതിനെ തുടർന്ന് ഒരു ഇടവേള എടുത്ത ശിവ അടുത്ത് വിജയ്‌സേതുപതിയെ നായകനാക്കി ഒരു ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കങ്ങൾ നടത്തി വരികയാണ്. ഈയിടെ അദ്ദേഹം വിജയ്സേതുപതിയെ നേരിൽ കണ്ട് ഒരു കഥയുടെ ഔട്ട് ലൈൻ പറഞ്ഞു എന്നും, അത് വിജയ്‌സേതുപതിക്ക് ഇഷ്ടപ്പെട്ടു എന്നും, വിജയ്‌സേതുപതി ശിവയുടെ അടുക്കൽ അതിന്റെ മുഴുവൻ തിരക്കഥയും റെഡിയാക്കി പറയുവാൻ പറഞ്ഞു എന്നുമുള്ള വാർത്തകളാണ് ഇപ്പോൾ കോളിവുഡിൽ പുറത്തുവന്നു കൊണ്ടിരിക്കുന്നത്.
ശിവ അവസാനമായി സംവിധാനം ചെയ്ത രണ്ട് ചിത്രങ്ങളും വലിയ പരാജയമായതിനാലാണ് വിജയ്സേതുപതി, ശിവയുടെ അടുക്കൽ മുഴുവൻ തിരക്കഥയും പറയാൻ ആവശ്യപ്പെട്ടിരിക്കുന്നത് എന്നാണ് പറയപ്പെടുന്നത്. അതിനാൽ ശിവ ഇപ്പോൾ തിരക്കഥ പൂർത്തിയാക്കുന്നതിനായി തീവ്രമായി പ്രവർത്തിച്ച് വരികയാണ്. അതേ സമയം തെലുങ്ക് സംവിധായകൻ പുരി ജഗന്നാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ്‌സേതുപതി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന്റെ ചിത്രീകരണം കഴിഞ്ഞതിന് ശേഷം 'സിരുത്തൈ' ശിവയും, വിജയ് സേതുപതിയും ആദ്യമായി ഒന്നിക്കുന്ന ചിത്രം ഒരുങ്ങുമെന്ന് പ്രതീക്ഷിക്കാം!