എന്നാൽ വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ കടുത്ത സമ്മർദ്ദമുണ്ടാകാറുണ്ട്. വില്ലൻ കഥാപാത്രം നായക കഥാപാത്രത്തിനേക്കാൾ ശക്തനാകാതിരിക്കാൻ ചിലർ ശ്രദ്ധിക്കാറുണ്ട്
തമിഴ് സിനിമയിലെ മുൻനിര നടന്മാരിൽ ഒരാളായ വിജയ്സേതുപതി അടുത്തിടെയായി മറ്റ് അഭിനേതാക്കളുടെ ചിത്രങ്ങളിൽ വില്ലൻ വേഷങ്ങൾ ചെയ്യാറുണ്ട്. രജനികാന്തിന്റെ ‘പേട്ട’, വിജയ്-യുടെ ‘മാസ്റ്റർ’, കമൽഹാസന്റെ ‘വിക്രം’ തുടങ്ങിയ ചിത്രങ്ങളിൽ വിജയ്സേതുപതി അവതരിപ്പിച്ച വില്ലൻ വേഷങ്ങൾ നായക വേഷങ്ങളേക്കാൾ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇതുമൂലം നിരവധി ചിത്രങ്ങളിൽ വില്ലനായി അഭിനയിക്കാൻ വിജയസേതുപതിക്ക് അവസരങ്ങൾ ലഭിച്ചു. തമിഴിന് പുറമെ മറ്റ് ഭാഷാ ചിത്രങ്ങളിൽ വില്ലനായി അഭിനയിക്കാനും അവസരങ്ങൾ വന്നിരുന്നു. അടുത്തിടെ ഹിന്ദിയിൽ ഷാരൂഖ് ഖാന്റെ 'ജവാൻ' എന്ന ചിത്രത്തിലും വില്ലനായി അഭിനയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇനി വില്ലനായി അഭിനയിക്കില്ലെന്ന് വിജയ് സേതുപതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഈയിടെ വിജയ്സേതുപതി ഇത് സംബന്ധമായി സംസാരിക്കുമ്പോൾ, ''പല നായകന്മാരും അവരുടെ സിനിമകളിൽ വില്ലൻ വേഷം ചെയ്യാൻ എന്നോട് ആവശ്യപ്പെട്ടിരുന്നു, അതിനാൽ ഞാൻ വില്ലൻ വേഷങ്ങൾ ചെയ്യാൻ സമ്മതിച്ചു. എന്നാൽ വില്ലൻ വേഷങ്ങൾ ചെയ്യുമ്പോൾ കടുത്ത സമ്മർദ്ദമുണ്ടാകാറുണ്ട്. വില്ലൻ കഥാപാത്രം നായക കഥാപാത്രത്തിനേക്കാൾ ശക്തനാകാതിരിക്കാൻ ചിലർ ശ്രദ്ധിക്കാറുണ്ട്. ഞാൻ വില്ലനായി അഭിനയിച്ച ഒരുപാട് സീനുകൾ അങ്ങിനെ ചിത്രത്തിൽ നിന്നും നീക്കിയിട്ടുണ്ട്. അതുകൊണ്ടാണ് ഇനി വില്ലനായി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചിരിക്കുന്നത്'' എന്നാണ് പറഞ്ഞത്.
'ജവാൻ' എന്ന ചിത്രത്തിന് ശേഷം വിജയ്സേതുപതി ഈ തീരുമാനമെടുത്തതിന്റെ പിന്നിൽ ആ ചിത്രത്തിന്റെ നായകനായ ഷാരൂഖ്ഖാൻ നൽകിയ സമ്മർദമാണ് എന്നാണ് പലരും പറഞ്ഞുവരുന്നത്.