നടൻ വിജയ് ഇളയരാജ, എ.ആർ.റഹ്മാൻ, ഹാരിസ് ജയരാജ്, അനിരുദ്ധ് തുടങ്ങിയ തമിഴ് സിനിമയിലെ പ്രമുഖ സംഗീത സംവിധായകരുടെ സംഗീതത്തിൽ ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. എന്നാൽ ഇതുവരെ തമിഴ് സിനിമയിലെ മറ്റൊരു മുൻനിര സംഗീത സംവിധായകനായ യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ ഒരു ഗാനം പോലും ആലപിച്ചിട്ടില്ല. അതുപോലെ യുവൻ ശങ്കർ രാജ വിജയ് നായകനായ 'പുതിയ ഗീത' എന്ന ഒരു സിനിമക്ക് മാത്രമാണ് സംഗീതം നൽകിയിരിക്കുന്നത്.
ഈ സാഹചര്യത്തിലാണ് ഇപ്പോൾ വെങ്കട്ട് പ്രഭു സംവിധാനം ചെയ്തുവരുന്ന വിജയ് ചിത്രമായ 'ദി ഗ്രേറ്റസ്റ്റ് ഓഫ് ഓൾ ടൈം' എന്ന ചിത്രത്തിന് വേണ്ടി യുവൻ ശങ്കർ രാജയുടെ സംഗീതത്തിൽ വിജയ് ഒരു ഗാനം ആലപിക്കുന്നത്. ഈ വാർത്ത പുറത്തുവന്നതോടെ വിജയ് ആരാധകർ വളരെ സന്തോഷത്തിലാണ്. കാരണം വിജയ് താൻ അഭിനയിക്കുന്ന ചിത്രങ്ങൾക്ക് വേണ്ടി പാടുന്ന ഓരോ ഗാനവും സൂപ്പർ ഹിറ്റാകാറുണ്ട്. അതുകൂടാതെ യുവൻ ശങ്കർ രാജയും, വിജയ്‍യും ഒന്നിക്കുന്ന ആദ്യത്തെ ഗാനം എന്ന നിലയിലും ആരാധകർക്കിടയിൽ വളരെയധികം പ്രതീക്ഷയാണ് ഉണ്ടാക്കിയിരിക്കുന്നത്.