നടൻ വിജയ് രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന കാര്യത്തില്‍ വലിയ ചർച്ചയാണ് ഇപ്പോൾ തമിഴകത്തിൽ നടന്നു വരുന്നത്. വിജയ് നടത്തിയ സമീപകാല പരിപാടികളുടെ അടിസ്ഥാനത്തിലാണ് ഇത്തരം ചർച്ചകൾ നടന്നു വരുന്നത്. തമിഴ്നാട്ടിലെ ചില പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ നേതാക്കളും, സിനിമയിലുള്ള ചില പ്രശസ്തരും അടക്കം വിജയ്‌യുടെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു വരുന്നുണ്ട്.
ഇപ്പോൾ ലോഗേഷ് കനകരാജ്, വിജയ് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ലിയോ' എന്ന ചിത്രത്തിനു ശേഷം വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിജയ് അഭിനയിക്കുന്നത്. ഈ ചിത്രത്തിന്റെ ചിത്രീകരണം കഴിഞ്ഞതും വിജയ് സിനിമയിൽ നിന്നും ഇടവേള എടുത്തേക്കുമെന്നാണ് ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ. ഇത് 2026-ൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞൊടുപ്പ് ലക്ഷ്യമിട്ടാണ് എന്നും പറയപ്പെടുന്നുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വിജയ് രാഷ്ട്രീയപാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹം ശക്തമായി കൊണ്ടിരിക്കുന്നതിന്റെ ഭാഗമായാണ് വിജയ് പല ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്തു വരുന്നതും, ഈയിടെ മിഴ്‌നാട്ടിലെ 234 മണ്ഡലങ്ങളിൽ നിന്നും ഉന്നത മാർക്ക് നേടിയ വിദ്യാർത്ഥികളെ തിരഞ്ഞെടുത്തു അനുമോദിച്ചു ധനസഹായം ചെയ്തതും.
2026-ലെ നിയമസഭാ തിരഞ്ഞെടുപ്പിനു മുന്നോടിയായി സംസ്ഥാന വ്യാപകമായി സമ്മേളനങ്ങൾ നടത്താനും വിജയ് പദ്ധതിയിട്ടുണ്ട് എന്നാണു പറയപ്പെടുന്നത്. ഇത് സംബന്ധമായി നടന്ന യോഗത്തിൽ വിജയ് മക്കൾ ഇയക്കത്തിന്റെ ഭാരവാഹികളോടു എന്തും നേരിടാൻ തയാറാവണമെന്ന് നിർദ്ദേശിച്ചതായും റിപ്പോർട്ട് പുറത്തുവന്നിട്ടുണ്ട്. അതേ സമയം നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമാക്കി വിജയ് ഇടവേള എടുക്കുന്ന കാര്യം കുറിച്ച് ഇതുവരെ ഔദ്യോഗിക പ്രസ്താവനകൾ ഒന്നും വിജയ്‌യുടെ ഭാഗത്തുനിന്നും പുറത്തുവന്നിട്ടില്ലെങ്കിലും അത് അടുത്തുതന്നെ ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്.ഇങ്ങിനെയൊരു തീരുമാനം വിജയ് എടുക്കുകയാണെകിൽ വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം ചുരുങ്ങിയത് രണ്ടോ, മൂന്നോ വർഷങ്ങൾക്കു ശേഷമേ വിജയ് സിനിമയിലേക്ക് തിരിച്ചുവരികയുള്ളൂ!