NEWS

സാമൂഹികനീതി നടപ്പാക്കിയ നായകൻ വിജയകാന്ത്...

News

മധുരയിൽ നിന്നും സിനിമയിൽ എം.ജി.ആറിനെ പോലെ  നായകനാണമെന്ന ലക്ഷ്യത്തോടെ ചെന്നൈയിലേക്ക് വണ്ടി കയറിയ വിജയരാജാണ് കാലക്രമേണ  വിജയകാന്ത് എന്ന താരമായത്. സിനിമ അവസരം തേടിയ ആദ്യകാലത്തിൽ കറുപ്പുനിറമുള്ള വിജയകാന്തിനെ പലരും വേണ്ടെന്നു മുഖത്ത് നോക്കി പറഞ്ഞു. വിജയകാന്തിന് നായകവേഷമായിരുന്നു സ്വപ്നമെങ്കിലും ആദ്യം ലഭിച്ചത് പ്രതിനായക വേഷമായിരുന്നു. ഇത് സിനിമയിലേക്കുള്ള ആദ്യ പടിയായി കരുതിയ വിജയകാന്തിന് പിന്നീടൊരിക്കലും നായകനിൽ കുറഞ്ഞ വേഷം ഒന്നും ചെയ്യേണ്ടി വന്നില്ല. ആദ്യ ചിത്രമായ 'ഇനിക്കും ഇളമൈ'യിലായിരുന്നു വിജയരാജ് വിജയകാന്തയായത്. സംവിധായകൻ  എം.എ.കാജയുടെ നിർദേശപ്രകാരമായിരുന്നു പെരുമാറ്റം. 'അകൽ വിളക്കു' എന്ന ചിത്രമാണ് വിജയകാന്ത് നായകനായ ആദ്യത്തെ ചിത്രം. എന്നാൽ ഈ ചിത്രം വിജയിച്ചില്ല. പിന്നീട് 'നീരോട്ടം',  'സാമന്തിപ്പൂ' എന്നീ ചിത്രങ്ങളും പരാജയപ്പെട്ടതോടെ രാശിയില്ലാത്ത നായകനായി മാറി വിജയകാന്ത്. എന്നാൽ 'ദൂരത്തു ഇടിമുഴക്കം' എന്ന ചിത്രം മുഖേന വിജയകാന്തിന് നേരം തെളിഞ്ഞു. ഈ ചിത്രത്തിന് പിന്നാലെ 'ചട്ടം ഒരു ഇരുട്ടറൈ', 'ജാതിക്കൊരു നീതി', 'സിവപ്പ് മല്ലി' എന്നീ  ചിത്രങ്ങളുടെ വിജയം വിജയകാന്തിനെ  ഒരു താരമാക്കി. പത്ത് വർങ്ങളിൽ എഴുപതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ഒരേ നേരം രണ്ടു മൂന്ന് ചിത്രങ്ങളിൽ കൂടി അഭിനയിക്കുന്ന തിരക്കുള്ള താരമായി.

പണ്ട് വിജയകാന്തിന് അവസരം ചോദിച്ചു നടന്ന സുഹൃത്ത് ഇബ്രാഹിം റാവുത്തർ ആരംഭിച്ച  'റാവുത്തർ ഫിലിംസ്' എന്ന നിർമ്മാണ കമ്പനിയുടെ ചിത്രങ്ങളായ 'ഭരതൻ', 'കറുപ്പ് നിലാ',  'ധർമ്മ' തുടങ്ങിയ പല ചിത്രങ്ങളും വലിയ ഹിറ്റായി. റാവുത്തർ ഫിലിംസ് ആരംഭിച്ചത് വിജയകാന്തിന്റെ ധന സഹായത്തോടെയായിരിന്നു.  തുടർന്ന് തമിഴ് സിനിമയിൽ ഒരു മുൻനിര നായകനായി മാറിയ വിജയകാന്ത് സിനിമാ സെറ്റുകളിൽ സാമൂഹിക നീതി നടപ്പാക്കിയ നായകനായിരുന്നു. സെറ്റിൽ നായകൻ മുതൽ ലൈറ്റ് ബോയ് വരെ എല്ലാവർക്കും ഒരേ ഭക്ഷണം വേണമെന്നത് വിജയകാന്തിന്  നിർബന്ധമായിരുന്നു. താരമായി തിളങ്ങി നിന്നപ്പോഴും അവസരം തേടി അലഞ്ഞുതിരിഞ്ഞു നടന്ന പഴയ കാലം  അദ്ദേഹം മറന്നില്ല. സിനിമയിൽ അവസരം തേടി ചെന്നൈയിൽ എത്തുന്നവർക്ക് റാവുത്തർ ഫിലിംസിന്റെ ഓഫീസ് ഒരു അഭയകേന്ദ്രമായിരുന്നു. ഇവർക്ക് ഇവിടെ സൗജന്യ താമസ സൗകര്യവും, ഭക്ഷണവും ലഭ്യമായിരുന്നു. ഫിലിം ഇൻസ്റ്റിറ്റിയൂട്ടിൽ പഠിച്ചു പുറത്തിറങ്ങുന്ന പുതിയ  സംവിധായകർക്ക് അദ്ദേഹം വലിയ പിന്തുണ നൽകിയിരുന്നു. വിജയകാന്തിന്റെ സഹായത്തോടെ സിനിമയിൽ എത്തിയവരാണ് ആർ.കെ.സെൽവമണി, ആബാവാണൻ തുടങ്ങിയ പല സംവിധായകന്മാർ.     ആബാവാണൻ സംവിധാനം ചെയ്ത 'ഊമൈ വിഴികൾ', ആർ.കെ.സെൽവമണി സംവിധാനം ചെയ്ത  'പുലൻ വിചാരണ' എന്നീ ചിത്രങ്ങൾ വിജയകാന്തിന് സിനിമയിൽ വഴിത്തിരിവ് ഉണ്ടാക്കിയ ചിത്രങ്ങളാണ്. ഒരുപാട് ചിത്രങ്ങളിൽ പോലീസ് വേഷങ്ങൾ അവിസ്മരണീയമാക്കിയ താരമാണ് വിജയകാന്ത്. ആരാധക സംഘടനായ തെന്നിന്ത്യൻ വിജയകാന്ത് രസികർ മന്ടറത്തിലൂടെ സാമൂഹിക പ്രവർത്തങ്ങളിൽ സജീവമായ വിജയകാന്ത്,  1999-ൽ തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികർ സംഘത്തിന്റെയും പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. പല കോടി രൂപ  കടത്തിൽ മുങ്ങിനിന്ന സംഘടനയെ കടത്തിൽ നിന്നും രക്ഷിച്ചത് വിജയകാന്തായിരുന്നു. 

നടികർ സംഘത്തിലെ പ്രവർത്തനങ്ങളിൽ കാണിച്ച മികവ് പിന്നീട് വിജയകാന്തിനെ രാഷ്ട്രീയത്തിലേക്ക് എത്തിച്ചു. രാഷ്ട്രീയത്തിൽ ഇറങ്ങിയ വിജയകാന്ത് പിന്നീട് രാഷ്ട്രീയ പ്രവർത്തനത്തിനായി സിനിമ ഉപേക്ഷിക്കുകയായിരുന്നു. ഇങ്ങിനെ ഒരു പാട് നന്മകൾ ചെയ്ത ഒരു മഹാ വ്യക്തിയായിരുന്നു വിജയകാന്ത്.


LATEST VIDEOS

Top News