നിരീക്ഷണങ്ങളും പരീക്ഷണങ്ങളും നടത്തിയ ധാരാളം കഥാപാത്രങ്ങള്‍ നമുക്ക് ചുറ്റുമുണ്ടാകും. മികച്ച ആ കഥാപാത്രങ്ങള്‍ പലതും ഒരു നടന് അഭിനയത്തിലൂടെ നന്നായി ചെയ്യാനാകും. പക്ഷേ ആ നല്ല കഥാപാത്രങ്ങള്‍ നടനിലേക്ക് വന്നുചേരണം. അങ്ങനെ ഒരഭിനേതാവിന്‍റെ അരികിലേക്ക് കഥാപാത്രങ്ങള്‍ വന്നുചേരുമ്പോഴുള്ള സങ്കലനത്തിലൂടെയാണ് പുതിയ ഒരു വേഷപ്പകര്‍ച്ച കിട്ടുന്നത്.
'പൂക്കാലം' എന്ന സിനിമയില്‍ നൂറ് വയസ്സുള്ള അപ്പൂപ്പനെ നടന്‍ വിജയരാഘവന് അഭിനയിക്കാന്‍ കഴിഞ്ഞത് അങ്ങനെയാണ്. അതിന് വലിയ അംഗീകാരവും കിട്ടി.
ഇക്കഴിഞ്ഞ നവംബര്‍ 14-ാം തീയതി നാടകാചാര്യനായ എന്‍.എന്‍. പിള്ള അന്തരിച്ചിട്ട് 29 വര്‍ഷം. കോട്ടയത്ത് ഒളശ്ശയിലെ വീട്ടില്‍ അദ്ദേഹത്തിന്‍റെ സ്മൃതിമണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തി പ്രാര്‍ത്ഥിച്ചതിനുശേഷം 'പൂക്കാല'ത്തിലെ കഥാപാത്രത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഞങ്ങള്‍.
പൂക്കാലം കഴിഞ്ഞ് വിജയരാഘവനെ വിജയപഥത്തിലേക്ക് എത്തിച്ച മറ്റൊരു കഥാപാത്രം 'കിഷ്കിന്ധാകാണ്ഡം' സിനിമയിലേതായിരുന്നു. അടക്കവും ഒതുക്കവുമുള്ള ഒരു വ്യത്യസ്ത വേഷമായിരുന്നു അതും.
'പൂക്കാല'ത്തിലെ അപ്പൂപ്പന്‍റെ ഒരുക്കം?
ആദ്യം നാല് മണിക്കൂര്‍ വേണ്ടി വന്നിരുന്നു. പിന്നെ, ചെയ്തു ചെയ്ത് വന്നപ്പോള്‍ മൂന്നുമണിക്കൂര്‍ കൊണ്ട് മേക്കപ്പ് കഴിയുകയായിരുന്നു. തല ഫുള്ളായി മുണ്ഡനം ചെയ്തിരുന്നു. ഈ മൂന്നരമണിക്കൂര്‍ സമയം നമ്മള്‍ അനങ്ങാതെയിരിക്കണം. മുഖത്തെ ചുളിവുകളും ഒക്കെ ഉണ്ടല്ലോ. ഭക്ഷണം കഴിക്കാന്‍ തന്നെ ബുദ്ധിമുട്ടുകളുണ്ടായിരുന്നു. രാവിലെ മേക്കപ്പ് കഴിഞ്ഞാല്‍ രാത്രി 9 മണിവരെ ഷൂട്ടുണ്ടെങ്കില്‍ അതുവരെ ഈ സ്ഥിതിയായിരുന്നു. ഡബ്ബിംഗ് സമയത്തും പ്രയത്നം ഉണ്ടായിരുന്നു. തൊണ്ടയില്‍ നിന്നുമുള്ള ചെറിയ ശബ്ദത്തിലാണ് സംസാരം. 100 വയസ്സുള്ള ആളല്ലേ. അപ്പോള്‍ ആ പ്രായത്തിനൊത്ത ശബ്ദം നല്‍കി. എല്ലാംകൂടി ഒത്തുവന്നു. ഇങ്ങനെ എല്ലാം ഒത്തുവരുന്നതാണ് ഏറ്റവും വലിയ ഭാഗ്യം.
'കിഷ്കിന്ധാകാണ്ഡം' എന്ന സിനിമയുടെ കാര്യവും മറിച്ചായിരുന്നില്ല. സ്ക്രിപ്റ്റ് വായിച്ചുകേട്ടപ്പോള്‍ തന്നെ ഇതൊരു നല്ല സിനിമയായിരിക്കുമെന്ന് തോന്നിയിരുന്നു. സിനിമയില്‍ പാട്ടില്ല, ലൗസീനുകളില്ല, ഫൈറ്റില്ല. ഈ ഘടകങ്ങളൊന്നുമില്ലാതെ ഒരു സിനിമ എങ്ങനെ വിജയിക്കുമെന്ന് ആ സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് ഒരു പേടിയുണ്ടായിരുന്നു. എന്നാല്‍, സിനിമയുടെ വിജയം ആ ഭയത്തെ എല്ലാം മാറ്റിമറിച്ചു. സിനിമ നന്നായിരിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു. ഇത്രമാത്രം ഹിറ്റാകുമെന്ന് ഞാന്‍ പ്രതീക്ഷിച്ചതുമില്ല. ആ സിനിമ പ്രേക്ഷകരെ ഹോണ്ട് ചെയ്യും.
ദേശാടനം, രൗദ്രം, ലീല പോലുള്ള സിനിമകളും ചേറാടി കറിയ പോലുള്ള കഥാപാത്രങ്ങളും ചെയ്തിട്ടുള്ള വിജയരാഘവന് നാടകപരിചയങ്ങളും അനുഭവങ്ങളും വേണ്ടുവോളമുണ്ട്. നാടകങ്ങളുടെ ഈറ്റില്ലത്തായിരുന്നു ജനനം പോലും. വിജയരാഘവന്‍ തുടര്‍ന്നുപറഞ്ഞു.
'ഇതുപോലെയുള്ള വൈവിദ്ധ്യമാര്‍ന്ന കഥാപാത്രങ്ങള്‍ ചെയ്തുകഴിയുമ്പോഴാണ് ഒരു നടന്‍ എന്ന നിലയില്‍ നമുക്കും ഒരുണര്‍വ്വും ഊര്‍ജ്ജവും ഒക്കെ കിട്ടുന്നത്.'