ഇപ്പോൾ 'ലിയോ' യുകെയിൽ പ്രീ-റിലീസ് ബുക്കിംഗ് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ചിത്രമായും മാറിയിട്ടുണ്ട്.
വിജയ്, ലോഗേഷ് കനകരാജ് കൂട്ടുകെട്ടിൽ ഒരുങ്ങിവരുന്ന 'ലിയോ' എന്ന സിനിമയുടെ പ്രഖ്യാപനം മുതലേ ചിത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകൾ വളരെ വലുതാണ്. അടുത്തു തന്നെ റിലീസാകാനിരിക്കുന്ന ചിത്രത്തിന്റെ പണികൾ ഇനിയും പൂർത്തിയായിട്ടില്ല. എങ്കിലും ചിത്രത്തിന്റെ വിതരണം, പ്രൊമോഷൻ, ബിസിനസ് തുടങ്ങിയ കാര്യങ്ങൾ തകൃതിയായി നടന്നു വരികയാണ്. യു.കെ.യിലും, യൂറോപ്പിലുമായി 'ലിയോയുടെ തിയറ്റർ അവകാശം സ്വന്തമാക്കിയിരിക്കുന്നത് 'അഹിംസ എന്റർടെയ്ൻമെന്റ്' എന്ന സ്ഥാപനമാണ്. ഈ കമ്പനി സിനിമയുടെ റിലീസിന് ആറാഴ്ച മുൻപ് തന്നെ ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയിരിക്കുകയാണ്. ഇപ്പോൾ 'ലിയോ' യുകെയിൽ പ്രീ-റിലീസ് ബുക്കിംഗ് തുടങ്ങിയ ആദ്യത്തെ ഇന്ത്യൻ ചിത്രമായും മാറിയിട്ടുണ്ട്.
ഇങ്ങിനെ 'ലിയോ'യുടെ ലോകമെമ്പാടുമുള്ള റിലീസിന് 42 ദിവസം മുൻപ് തന്നെ ടിക്കറ്റ് വിൽപ്പന തുടങ്ങിയതിൽ യു.കെ.യിൽ മാത്രം ഒറ്റ ദിവസം കൊണ്ട് 10,000 ലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായി
'അഹിംസ എന്റർടൈൻമെന്റ്' തന്നെ ഔദ്യോഗികമായുള്ള വാർത്ത പുറത്തുവിട്ടിട്ടുണ്ട്.
നേരത്തെ വിതരണം ചെയ്ത വിജയ് ചിത്രമായ 'വാരിസു' 2023 ജനുവരിയിൽ ബുക്കിംഗ് ആരംഭിച്ച് ആദ്യ 24 മണിക്കൂറിനുള്ളിൽ ഏകദേശം 2000 ടിക്കറ്റുകൾ മാത്രമാണത്രെ വിറ്റു തീർന്നത്. ഈ സാഹചര്യത്തിലാണ് അതിനേക്കാളും എത്രയോ മടങ്ങ് അധികം ടിക്കറ്റ് വിറ്റ് 'ലിയോ' റെക്കോർഡ് സൃഷ്ടിച്ചിരിക്കുന്നത്. യു.കെ.യിലും, യൂറോപ്പിലുമായി 'ബീസ്റ്റ്', 'വാരിസു', 'മാമന്നൻ', 'കോബ്ര' എന്നിവയുൾപ്പെടെ നിരവധി ചിത്രങ്ങൾ വിതരണം ചെയ്തിട്ടുള്ള വിതരണകമ്പനിയാണ് 'അഹിംസ എന്റർടെയ്ൻമെന്റ്'. എന്നാൽ 'ലിയോ' സൃഷ്ടിച്ചിരിക്കുന്ന പ്രതീക്ഷയും, റെക്കാർഡും ഇതിനു മുൻപ് ഒരു ഇന്ത്യൻ ചിത്രവും സൃഷ്ടിച്ചിട്ടില്ല എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. .