വിജയ്‌സേതുപതി നായകനായി അഭിനയിച്ചു ഈയിടെ റിലീസായി ആരാധകരുടെയും, മാധ്യമങ്ങളുടെയും പ്രശംസകൾ നേടി വിജയകരമായി മുന്നേറിക്കൊണ്ടിരിക്കുന്ന തമിഴ് ചിത്രമാണ് 'വിടുതലൈ-2' വെട്രിമാരൻ സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രത്തിൽ മഞ്ജുവാരിയറാണ് വിജയ്‌സേതുപതിക്കൊപ്പം നായകിയായി അഭിനയിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് ശേഷം വിജയ്‌സേതുപതിയുടേതായി അടുത്ത് റിലീസാകാനിരിക്കുന്ന ചിത്രം മിഷ്കിൻ സംവിധാനം ചെയ്തു വരുന്ന 'ട്രെയിൻ' ആണ്. ഇതോടൊപ്പം 'എയ്‌സ്' എന്നൊരു സിനിമയും റിലീസിന് ഒരുങ്ങിവരുന്നുണ്ട്. ഈ ചിത്രത്തിന് ശേഷം വിജയ്‌സേതുപതിയും, തൃഷയും ഒന്നിച്ചഭിനയിച്ച് സൂപ്പർഹിറ്റായ '96' ചിത്രത്തിന്റെ രണ്ടാം ഭാഗത്തിലായിരിക്കും വിജയ് സേതുപതി അഭിനയിക്കുക എന്നാണ് റിപ്പോർട്ട്.
ഇതിനിടയിലാണ് വിജയ്‌സേതുപതി അഭിനയിക്കാനിരിക്കുന്ന മറ്റൊരു ചിത്രത്തെക്കുറിച്ചുള്ള അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുന്നത്. അതനുസരിച്ച് തമിഴ് സിനിമയിലെ മുൻനിര സംവിധായകന്മാരിൽ ഒരാളായ ഹരിയുമായി വിജയസേതുപതി സഖ്യം ചേരാൻ പോവുകയാണെന്നാണ് റിപ്പോർട്ട്. 'അയ്യാ', 'സിങ്കം', 'ആറു', 'സാമി', 'വേൽ', 'രത്നം' തുടങ്ങി നിരവധി ചിത്രങ്ങൾ സംവിധാനം ചെയ്തിരിക്കുന്ന സംവിധായകനാണ് ഹരി. വിജയ്സേതുപതിയും, ഹരിയും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം നിർമ്മിക്കുന്നത് നയൻതാര, വിഘ്‌നേശ് ശിവന്റെ സ്വന്ത ബാനറായ 'റൗഡി പിക്‌ചേഴ്‌സാണ്' എന്നും റിപ്പോർട്ടുണ്ട്. നയൻതാരയെ 'അയ്യാ' എന്ന ചിത്രം മുഖേന തമിഴിലേക്ക് കൊണ്ടുവന്ന സംവിധായകനാണ് ഹരി എന്നുള്ളത് എടുത്തുപറയേണ്ട ഒന്നാണ്. ഈ ചിത്രത്തിൽ വിജയ്‌സേതുപതിക്കൊപ്പം നയൻതാര അഭിനയിക്കുകയാണെങ്കിൽ ഇത് രണ്ടു പേരും ഒന്നിച്ചഭിനയിക്കുന്ന നാലാമത്തെ ചിത്രമായിരിക്കും. ഇതിനു മുമ്പ് 'നാനും റൗഡിതാൻ', 'ഇമൈക്ക നൊടികൾ', 'കാത്തു വാക്കുല രണ്ടു കാതൽ' എന്നീ ചിത്രങ്ങളിലായിരുന്നു ഇരുവരും ഒന്നിച്ചഭിനയിച്ചത്. ഇതിൽ നയൻതാര അഭിനയിക്കുന്നില്ലെങ്കിൽ നിർമ്മാതാവ് എന്ന നിലയിൽ നയൻതാരയും, വിജയസേതുപതിയും ഒന്നിക്കുന്ന ചിത്രമായിരിക്കും ഇത്.