NEWS

വിക്രമിന്‍റെ ‘വീര ധീര സൂരന്‍’ എത്തുന്നത് രണ്ട് ഭാഗങ്ങളായി; വിക്രമിനൊപ്പം സുരാജ് വെഞ്ഞാറമൂടും

News

ചിയാന്‍ വിക്രം നായകനാകുന്ന ഏറ്റവും പുതിയ ചിത്രം ‘വീര ധീര സൂരന്‍’ രണ്ട് ഭാഗളായി റിലീസ് ചെയ്യും. ആദ്യ ഭാഗം ഈ വര്‍ഷം ഡിസംബറില്‍ റിലീസ് ചെയ്യും. ചിറ്റ എന്ന ചിത്രത്തിന്‍റെ സംവിധായകനായ എസ്.യു അരുൺകുമാർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. റിലീസ് ഡേറ്റ് ഔദ്യോഗികമായി ഉടന്‍ പുറത്ത് വിടും. തമിഴ് ഗ്രാമങ്ങളിലെ കൊട്ടേഷന്‍ സംഘങ്ങളുടെ കുടിപ്പകയാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ദുഷാര വിജയൻ ആണ് വിക്രത്തിന്‍റെ നായികയായി ചിത്രത്തിലെത്തുന്നത്.ചെന്നൈയിലെ തിരുവള്ളൂർ ജില്ലയിലെ തിരുട്ടണി എന്ന ചെറുപട്ടണത്തിൽ ആണ് കഥ നടക്കുന്നത്. പേരൻപ്, കർണ്ണൻ, മാമന്നൻ, പുഴു, നൻപകൽ നേരത്ത് മയക്കം, ഓസ്ലർ തുടങ്ങിയ ചിത്രങ്ങളുടെ ചായാഗ്രാഹകനായ തേനി ഈശ്വര്‍ ആണ് കാമറമാന്‍. ജി വി പ്രകാശ് കുമാർ ആണ് സിനിമയ്ക്ക് സംഗീതം ഒരുക്കുന്നത്. എച്ച് ആർ പിക്ചേഴ്ചിന്റെ ബാനറിൽ റിയ ഷിബു ആണ് നിർമ്മാണം. മലയാളികളുടെ പ്രീയ താരം സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ ശ്രദ്ധേയവേഷത്തില്‍ എത്തുന്നു. ദക്ഷിണേന്ത്യയില്‍ ഏറെ ആരാധകരുള്ള എസ്. ജെ സൂര്യയാണ് മറ്റൊരു താരം. പാ.രഞ്ജിത്തിന്‍റെ തങ്കലാന്‍ ആണ് വിക്രത്തിന്‍റെ ഏറ്റവും ഒടുവിലായി റിലീസ് ചെയ്ത ചിത്രം. തമിഴ്നാട്ടില്‍ ഗംഭീര വിജയം നേടിയ ചിത്രം ഓ.ടി.ടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സില്‍ റിലീസ് ചെയ്തിരിക്കുകയാണ്.


LATEST VIDEOS

Top News