തമിഴ് സിനിമയിലെ ബ്രമ്മാണ്ട ചിത്രങ്ങളുടെ സംവിധായകനായ ശങ്കർ ഇപ്പോൾ സംവിധാനം ചെയ്തു വരുന്ന ചിത്രം രാംചരൺ നായകനാകുന്ന 'ഗെയിം ചേഞ്ചർ' ആണ്. തെലുങ്കിൽ ഒരുങ്ങി വരുന്ന ഈ ചിത്രം തെലുങ്കിന് പുറമെ തമിഴ്, ഹിന്ദി എന്നീ ഭാഷകളിലും പുറത്തുവരും. ഏകദേശം 400 കോടി ബഡ്ജറ്റിൽ ഒരുങ്ങിവരുന്ന ഈ ചിത്രം ഡിസംബർ 20-ന് റിലീസാകുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം. അതേ സമയം ശങ്കർ സംവിധാനത്തിൽ ഇന്ത്യൻ മൂന്നാം ഭാഗവും പുറത്തുവരാനിരിക്കുന്നുണ്ട്. ഈ രണ്ടു ചിത്രങ്ങൾക്ക് ശേഷം ശങ്കർ സംവിധാനം ചെയ്യാനിരിക്കുന്ന ചിത്രം പ്രശസ്ത തമിഴ് നോവലായ 'വേൾപ്പാരി'യെ അടിസ്ഥാനമാക്കിയുള്ളതാണെന്നും ഇതിന്റെ ബഡ്ജറ്റ് ഏകദേശം 1000 കോടിയാണെന്നുമുള്ള വാർത്ത മുൻപ് നൽകിയിരുന്നു. 'വേൾപ്പാരി' നോവലിനെ സിനിമയാക്കാൻ അവകാശം നേടിയ ശങ്കർ അടുത്തിടെ തൻ്റെ എക്‌സ് പേജിൽ നോവലിലെ രംഗങ്ങൾ ചില സിനിമകളിൽ ഉപയോഗിക്കുന്നുണ്ടെന്നും ഇത്തരമൊരു പ്രവൃത്തി ചെയ്യുന്നവർക്കെതിരെ കർശന നിയമനടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനെ തുടർന്നാണ് ഈ സിനിമയിൽ അഭിനയിക്കാൻ 'ചിയാൻ' വിക്രമുമായും, സൂര്യയുമായും ശങ്കർ ചർച്ചകൾ നടത്തി എന്നും, രണ്ടു പേരും ചിത്രത്തിൽ അഭിനയിക്കാൻ സമ്മതിച്ചു എന്നുള്ള വിവരങ്ങളടങ്ങിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ ഇപ്പോൾ പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഇതുവരെ ഒരുങ്ങാത്ത തരത്തിൽ വലിയ ഒരു പാൻ-ഇന്ത്യൻ ചരിത്ര സിനിമയായി ഒരുക്കാനാണ് ശങ്കർ പ്ലാൻ ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുണ്ട്.