വിക്രം നായകനായി അഭിനയിച്ചു ഈയിടെ റിലീസായ ചിത്രമാണ് 'തങ്കലാൻ'. എന്നാൽ ഈ ചിത്രം ബോക്സ് ഓഫീസിൽ പ്രതീക്ഷിച്ച വിജയം നേടാനായില്ല. ഇതിനെ തുടർന്ന് വിക്രം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം 'വീര ധീര സൂരൻ' ആണ്. 'ചിത്ത' എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം എസ്.യു.അരുൺകുമാർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിലാണ്. വിക്രമിനൊപ്പം മലയാള നടന്മാരായ സിദ്ധിഖ്, സൂരജ് വെഞ്ഞാറമൂട്, തമിഴ് താരങ്ങളായ എസ.ജെ.സൂര്യ, തുഷാര വിജയൻ തുടങ്ങിയവർ അഭിനയിക്കുന്ന ഈ ചിത്രം അടുത്തുതന്നെ റിലീസാകുമെന്നാണ് പറയപ്പെടുന്നത്. ഈ ചിത്രത്തിന് ശേഷം വിക്രം അഭിനയിക്കാനിരിക്കുന്ന ചിത്രം കുറിച്ച് ഇതുവരെ ഒരു വാർത്തകളും പുറത്തുവന്നിട്ടില്ല. എന്നാൽ ഇപ്പോൾ ഒരു പുതിയ വാർത്ത ലഭിച്ചിട്ടുണ്ട്.
തമിഴിൽ കഴിഞ്ഞ വർഷം റിലീസായി വമ്പൻ വിജയമായ ചിത്രമാണ് 'പാർക്കിങ്ങ്' ഹരീഷ് കല്യാണും, എം.എസ്.ഭാസ്‌കറും പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ച ഈ ചിത്രം സംവിധാനം ചെയ്തിരുന്നത് നവാഗത സംവിധായകനായ രാംകുമാർ ബാലകൃഷ്‌ണൻ ആണ്. സാധാരണ പാർക്കിംഗ് പ്രശ്നങ്ങളെ ആസ്പദമാക്കി നിർമ്മിച്ച ഈ ചിത്രം ബോക്‌സോഫീസിൽ മികച്ച സ്വീകാര്യത നേടുകയും വിജയിക്കുകയും ചെയ്തതിനെ തുടർന്ന് രാംകുമാർ ബാലകൃഷ്‌ണൻ അടുത്ത് ശിവകാർത്തികേയനെ നായകനാക്കിയുള്ള ഒരു ചിത്രമാണ് സംവിധാനം ചെയ്യുന്നത് എന്നുള്ള വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ എപ്പോൾ ശിവകാർത്തികേയനുമായുള്ള ചിത്രം ഉടനെ ഉണ്ടാകില്ലെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇതിനെ തുടർന്ന് രാംകുമാർ ബാലകൃഷ്ണൻ നടൻ വിക്രമിനെ കണ്ട് ഒരു കഥ പറയുകയും ആ കഥയിൽ അഭിനയിക്കാൻ വിക്രം സമ്മതം അറിയിച്ചു എന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 'പാർക്കിങ്ങ്' ചിത്രം നിർമ്മിച്ച പാഷൻ സ്റ്റുഡിയോസ് തന്നെയാണ് ഈ ചിത്രവും നിർമ്മിക്കുന്നതെന്നും, ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം അടുത്തുതന്നെ ഉണ്ടാകുമെന്നും റിപ്പോർട്ടുണ്ട്.