‘ചിത്ത’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം എസ്.യു. അരുൺ കുമാർ, 'ചിയാൻ' വിക്രമിനെ നായകനാക്കി സംവിധാനം ചെയ്തിരിക്കുന്ന ചിത്രമാണ് 'വീര ധീര ശൂരൻ'. വിക്രമിനൊപ്പം എസ്.ജെ. സൂര്യ, സുരാജ് വെഞ്ഞാറമ്മൂട്, ദുഷാര വിജയൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റുള്ള പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ‘എമ്പുരാനൊ’പ്പം ഇന്ന് റിലീസ് തീരുമാനിച്ചിരുന്ന ഈ ചിത്രം തമിഴ്നാട്ടിലും, കേരളത്തിലും വിദേശത്തുമടക്കം ഇതുവരെ ഷോ നടന്നിട്ടില്ല. കാരണം ചിത്രത്തിന്റെ ഒ.ടി.ടി. അവകാശങ്ങളെ ചൊല്ലിയുള്ള നിയമ പ്രശ്നങ്ങളാണ്.
ഒ.ടി.ടി.യില്‍ റിലീസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട കരാര്‍ ചിത്രത്തിന്റെ നിർമ്മാതാക്കൾ ലംഘിച്ചുവെന്ന് ആരോപിച്ച് മുംബൈ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന 'B4U' എന്ന പ്രൊഡക്ഷന്‍ കമ്പനിയാണ് ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്. ഇതിനെ തുടർന്ന് ഇന്ന് രാവിലെ 10.30 വരെ ചിത്രത്തിന്റെ റിലീസ് തടഞ്ഞുകൊണ്ട് കോടതി ഇടക്കാല ഉത്തരവ് ഇറക്കുകയായിരുന്നു. പ്രശ്ന പരിഹാരത്തിനായി ഏഴ് കോടി രൂപ 'B4U' കമ്പനിക്കു നൽകണമെന്ന് കോടതി ഉത്തരവ് പുറപ്പെടുവിച്ചെന്നും റിപ്പോർട്ടുകളുണ്ട്. ഈ തുക മുഴുവൻ നൽകി കഴിഞ്ഞാൽ സിനിമ റിലീസ് ചെയ്യാനായേക്കും എന്നാണ് ഇപ്പോഴത്തെ റിപ്പോർട്ട്. ഇപ്പോൾ അത് സംബന്ധമായുള്ള ചർച്ചകൾ ചെന്നൈയിൽ നടന്നു വരികയാണ്. അതിനാൽ ചിത്രം എപ്പോൾ റിലീസാകും എന്നുള്ള കാര്യത്തിൽ വ്യക്തതയില്ല. ഇതിനാൽ വിക്രമിന്റെ ആരാധകർ വളരെയധികം നിരാശയിലാണ്.
സിനിമയുടെ റിലീസിനു മുന്നോടിയായി കേരളത്തിലടക്കം വലിയ രീതിയിലുള്ള പ്രമോഷൻ നടന്നിരുന്നു. ‘എമ്പുരാനൊ’പ്പം തമിഴ്നാട്ടിൽ റിലീസിനെത്തുന്ന ഒരേയൊരു തമിഴ് ചിത്രവും കൂടിയായിരുന്നു ‘വീര ധീര ശൂരൻ’.