കൊച്ചിയിലെ ക്രൗൺ പ്ലാസയിൽ വച്ച് 'മാർക്ക് ആന്റണി' എന്ന പുതിയ തമിഴ് ചിത്രത്തിന്റെ ആദ്യ പ്രൊമോഷനിൽ പ്രശസ്ത നടൻ വിശാലുമായി നേർക്കുനേർ കാണാൻ അവസരമുണ്ടായി.
തമിഴ് സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ വിശാലിന്റെ മുപ്പത്തി ഒന്നാമതു ചിത്രമാണ് മാർക്ക് ആന്റണി. മറ്റു മുപ്പതു പടങ്ങളിൽനിന്നും വളരെ വ്യത്യസ്തമായ ഒരു സൈന്റിഫിക്ക് സൈക്കോ ത്രില്ലർ മൂവിയായ മാർക്ക് ആന്റണി പ്രേക്ഷകർക്ക് ഒരു വ്യത്യസ്ത ആസ്വാദനമാകും നൽകുക.
റിതുവർമ്മയാണ് നായിക. കൂടാതെ എസ്.ജെ.സൂര്യ, സുനിൽ, അഭിനയ തുടങ്ങി വമ്പൻ താരനിരയാണുള്ളത്. വിശാലും എസ്.ജെ. സൂര്യയും ഡ്യുവൽ പേഴ്‌സനാലിറ്റിയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഒൻപതു ഫൈറ്റുകളും ജി.വി.പ്രകാശിന്റെ സൂപ്പർ ഹിറ്റ് ഗാനങ്ങളുമുള്ള മാർക്ക് ആന്റണി വിനായക ചതുർത്ഥിയോടനുബന്ധിച്ച് സെപ്റ്റംബർ 16 ന് റിലീസ് ചെയ്യുന്നു. ഇതു വരെയുള്ള വിശാൽ ചിത്രങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായി പ്രേക്ഷകർ പ്രതീക്ഷിക്കുന്നതിനും അപ്പുറമുളള ഒരു ക്ലൈമാക്സ് ആണ് ചിത്രത്തിലുള്ളത്.
ആദിക് രവിചന്ദ്രൻ സംവിധാനവും ജി.വി.പ്രകാശ് സംഗീതവും നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ നിർമ്മാതാവ് വിനോദ് കുമാറാണ്.
മാർക്ക് ആന്റണിയുടെ വിശേഷങ്ങൾക്കു ശേഷം വിശാലുമായി നടത്തിയ മുഖാമുഖത്തിൽ നിന്നുള്ള പ്രസക്തഭാഗങ്ങൾ...
? യഥാർത്ഥ പേര്.
വിശാൽ കൃഷ്ണ റെഡ്ഢി
? ജനനം
1977 ആഗസ്റ്റ് 29
? സിനിമയിലേയ്ക്കു കടന്നത്.
സഹസംവിധായകനായി. നടനും നിർമ്മാതാവും സംവിധായകനുമായ അർജുന്റെ കൂടെ.
? താൽപ്പര്യം
സംവിധായകനാകണമെന്നായിരുന്നു. അച്ഛൻ ജി.കെ. റെഡ്ഢിയുടെയും അർജുൻ സാറിന്റെയും നിർബന്ധത്തിനു വഴങ്ങി അഭിനയം തുടങ്ങി.
? ആദ്യ സിനിമ
ചെല്ലമെ. 2004 ൽ പുറത്തു വന്നു.
? ആദ്യ പടം തന്നെ സൂപ്പർ ഹിറ്റായി.
അതെ.
? പിന്നെ തിരിഞ്ഞു നോക്കേണ്ടി വന്നില്ല. അല്ലേ..
ഒക്കെ സംഭവിക്കുന്നു.
? ഇതുവരെ 30 പടങ്ങൾ അഭിനയിച്ചു.
ശരിയാണ്. മുപ്പത്തി ഒന്നാമത്തെ പടമാണ് മാർക്ക് ആന്റണി,
? ഭൂരിഭാഗവും ഹിറ്റുകൾ ആയിരുന്നു.
അങ്ങിനെ കരുതാം. ചില പടങ്ങൾ പ്രതീക്ഷിച്ച വിജയം കണ്ടില്ല.
? ഇപ്പോഴത്തെ അവസ്ഥ.
കൊറോണയ്ക്കു ശേഷം പ്രേക്ഷകർ ആകെ മാറിയിരിക്കുന്നു. അവർക്ക് ഇഷ്ടപ്പെട്ട പടം ആണെങ്കിലേ തിയേറ്റർ നിറയൂ. മുൻപ് അങ്ങിനെയായിരുന്നില്ല. ഒരു ആവറേജ് പടമൊക്കെ ഓടുമായിരുന്നു. ഇന്ന് സിനിമയുടെ സകല സാങ്കേതിക വശങ്ങളും പ്രേക്ഷകർക്കറിയാം. അതിൽ മുഖ്യം സബ്ജക്ടാണ്. അവർ പ്രതീക്ഷിക്കുന്നതിനപ്പുറം സിനിമ എത്തിയാൽ നൂറു ശതമാനം വിജയം. അത് എല്ലാ തലങ്ങളിലും ഒരുപോലെ ഉണ്ടാകണം. ഉദാഹരണത്തിന് പാട്ടായാലും ഫൈറ്റ് ആയാലും ടെക്‌നിക്കൽ വിഷ്വൽസായാലും എല്ലാം.
? ഇറങ്ങിയ മുപ്പതു പടങ്ങളിൽ ഏറ്റവും ഇഷ്ടപ്പെട്ടത്.
എല്ലാം ഇഷ്ടത്തോടെ അഭിനയിച്ചവ തന്നെ. ഒന്നിൽ മെച്ചമാണ് മറ്റേതെന്നു പറയാൻ പറ്റില്ല.
? സംവിധാനരംഗത്തേയ്ക്ക് എപ്പോൾ
വിജയ്ക്കുവേണ്ടി ഒരു സബ്ജക്ട് തയ്യാറായി വരുന്നു. അദ്ദേഹം ഡേറ്റു തന്നാൽ അടുത്ത വർഷം ആ പടം ചെയ്യും.
? തൂപ്പറിവാളൻ - 2 ന്റെ സംവിധാനം താങ്കൾ തന്നെ നിർവഹിക്കാൻ പോകുന്നതായി കേട്ടു .
കേൾവികൾ എല്ലാം ശരിയാകണമെന്നില്ലല്ലോ.
? പുതിയ നിർമ്മാണം.
തൂപ്പറിവാളൻ - 2ന്റെ നിർമ്മാണം ഉടൻ ഉണ്ടാകും.മറ്റൊന്നിനും താത്പര്യമില്ല.
? പുതിയ നിർമ്മാതാക്കളോടു താങ്കൾക്കു പറയാനുള്ളത്.
അഞ്ചും പത്തും കോടിയുമായി സിനിമ നിർമ്മിക്കാൻ പുറപ്പെടാതിരിക്കുക. ആദ്യം ഫീൽഡിനെപ്പറ്റി അറിയുക. അതു കഴിഞ്ഞു മതി മുതൽ മുടക്കാൻ തയ്യാറെടുക്കേണ്ടത്. ഇന്നൊരു ബഡ്ജറ്റ് പടം ചെയ്യാൻ പോലും കുറഞ്ഞത് അമ്പതു കോടിയെങ്കിലും വേണം. അത്രയും മുടക്കുന്നുണ്ടെങ്കിൽ അതിന്റെ നാലിരട്ടിയെങ്കിലും കയ്യിൽ കരുതണം. ഇതാണ് എന്റെ അഭിപ്രായം
? മോഹൻലാലുമൊത്തുള്ള വില്ലൻ എന്ന സിനിമയിലെ വർക്കിനെപ്പറ്റി.
ലാലേട്ടൽ ഒരു ലജണ്ടാണ്. അദ്ദേഹത്തോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞതു തന്നെ മഹാഭാഗ്യമായി കാണുന്നു.
? ഇനി മലയാളത്തിൽ.
അവസരം ഒത്തു വന്നാൽ ചെയ്യും.
? അന്യഭാഷയിൽ മലയാളം മാത്രമെ ചെയ്തിട്ടുള്ളൂ. മറ്റു ഭാഷകളൊന്നും ചെയ്തില്ലേ...
ഇല്ല. മലയാളത്തിൽ ആ കഥ വളരെ ഇഷ്ടപ്പെട്ടു.
? പുതിയ പ്രോജക്ടുകൾ.
പൂജൈ സംവിധായകൻ ഹരിയുടേതാണ് അടുത്തതായി പ്ലാൻ ചെയ്യുന്നത്. അതു കഴിഞ്ഞ് തൂപ്പറിവാളൻ - 2 ഉം ഉണ്ടാകും.
? കുടുംബം.
അച്ഛൻ ജി.കെ. റെഡ്ഢി.നിർമ്മാതാവാണ്. അമ്മ: ജാനകിദേവി, സഹോദരി ഐശ്വര്യ.
ഉച്ച ഊണിനു സമയമായി. ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. വിശാലിനുവേണ്ടി അടുത്ത ഊഴം കാത്തിരുന്നവർ അകത്തേക്കു കടക്കുന്നതു കണ്ടു.
മൈക്കിൾവർഗ്ഗീസ് ചെങ്ങാടക്കരി
ഫോട്ടോസ്- സ്വാമി
പ്രേമസരസ്വതി