NEWS

വിജയം തരുന്ന സന്തോഷം വിഷ്ണു ഉണ്ണികൃഷ്ണൻ

News

 

20 വർഷക്കാലമായി മലയാള സിനിമയ്‌ക്കൊപ്പം സഞ്ചരിക്കുകയാണ് നടൻ വിഷ്ണു ഉണ്ണികൃഷ്ണൻ. ബാലതാരമായി സിനിമയിലേക്കെത്തി ഒടുവിൽ സഹനടനായി, വില്ലനായി, നായകനായി, തിരക്കഥാകൃത്തായി ഇപ്പോൾ സംവിധായകനായും മലയാളസിനിമയിൽ വിഷ്ണു എന്ന പേര് നിറഞ്ഞുനിൽക്കുകയാണ്. മിമിക്രി കലാരംഗത്ത് നിന്നായിരുന്നു വിഷ്ണുവിന്റെ അഭിനയരംഗത്തേയ്ക്കുള്ള കടന്നുവരവ്. മഹാരാജാസിലെ പഠനവും ബിബിൻ ജോർജുമായുള്ള സൗഹൃദവും താരത്തിന്റെ കരിയറിൽ അറിയപ്പെടുന്ന ഏടുകളായി മാറി.

ഡാൻസ് റിയാലിറ്റി ഷോയുടെ കടന്നുവന്ന് 'കുട്ടിച്ചാത്തൻ' എന്ന സീരിയലിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയ നടി ശ്രദ്ധ, ഇൻസ്റ്റഗ്രാമിലൂടെ വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രേക്ഷകർക്കിടയിൽ സുപരിചിതയായ പ്രിയതാരം ജസ്‌നിയ ജയദീഷ് എന്നിവർ നാനയുടെ അഭിമുഖവേളയിൽ വിഷ്ണുവിനൊപ്പം ഒത്തുചേരുമ്പോൾ...

സിനിമ എന്ന കൗതുകം എപ്പോഴാണ് മനസ്സിലേക്ക് വന്നത്?

വിഷ്ണു ഉണ്ണികൃഷ്ണൻ: കുട്ടിക്കാലം തൊട്ട് സിനിമയോട് ഏറെ ഇഷ്ടമാണ്. അമ്മാവന്റെ മോൻ ഒരു മിമിക്രിക്കാരനായിരുന്നു. അദ്ദേഹത്തിന്റെ പെർഫോമൻസ് കണ്ട് കുടുംബക്കാരൊക്കെ അഭിനന്ദിക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെയാണ് മിമിക്രിയിലേക്ക് ഞാനും വന്നത്. ആദ്യമായി എല്ലാവരുടേയും അടുത്തുനിന്ന് അഭിനന്ദനങ്ങൾ കിട്ടുന്നത് മിമിക്രി ചെയ്തത് കൊണ്ടാണ്. പിന്നീടങ്ങോട്ട് പ്രൊഫഷൻ മിമിക്രിയാണെന്ന് തീരുമാനിച്ചു. അങ്ങനെ മത്സരങ്ങളിൽ പങ്കെടുക്കാൻ തുടങ്ങി. സമ്മാനങ്ങൾ കിട്ടിത്തുടങ്ങി. സ്റ്റേറ്റ് ലെവൽ വരെ മിമിക്രിക്ക് ഒന്നാം സ്ഥാനം കിട്ടി. അങ്ങനെ ഒരു ദിവസം പത്രത്തിൽ എന്റെ ചിത്രം വന്നു. കുഞ്ഞുന്നാൾ മുതൽ മറ്റുള്ളവരിൽ നിന്ന് കിട്ടിയ പ്രോത്സാഹനമാണ് എന്നെ ഇവിടെ വരെയും എത്തിച്ചത്. നാടകങ്ങളിലും കലാപരിപാടികളിലുമൊക്കെ പങ്കെടുക്കുമ്പോൾ എല്ലാവരും കയ്യടികൾ തരുമായിരുന്നു. ആ കയ്യടികളാണ് എന്നെ ഒരു നടനാക്കി തീർത്തത്.

മിമിക്രിവേദിയിൽ നിന്നും ആദ്യചിത്രം 'എന്റെ വീട് അപ്പൂന്റേം' സംഭവിച്ചത് എങ്ങനെയാണ്?

വിഷ്ണു ഉണ്ണികൃഷ്ണൻ: സ്‌ക്കൂൾ കലോത്സവങ്ങൾ കഴിഞ്ഞതിനുശേഷമായിരുന്നു സിനിമയിലേക്കുള്ള അവസരം വന്നത്. കലോത്സവവേദികളിൽ മാത്രമല്ല പല ട്രൂപ്പുകളിലും ഞാൻ സജീവമായിരുന്നു. അന്ന് കുട്ടികളെ വെച്ചുള്ള മിമിക്രി ട്രൂപ്പിലും ഞാൻ പങ്കെടുത്തിട്ടുണ്ട്. അങ്ങനെയാണ് സിനിമയിലുള്ള സൗഹൃദങ്ങൾ വഴി എനിക്ക് എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിൽ അഭിനയിക്കാൻ അവസരം കിട്ടിയത്. അന്ന് ലൊക്കേഷനിൽ നിന്ന് കിട്ടിയ ഒരു ഷെയ്ക്ക് ഹാൻഡ് എനിക്ക് ഒരു നാഷണൽ അവാർഡ് കിട്ടുന്നതിന് തുല്യമായിരുന്നു.

20 വർഷത്തെ സിനിമാജീവിതത്തിൽ നിരാശ തോന്നിയ ഏതെങ്കിലും സന്ദർഭം?

വിഷ്ണു ഉണ്ണികൃഷ്ണൻ: നിരാശ തോന്നിയിട്ടില്ല എന്നുപറയാൻ പറ്റില്ല. അത്തരത്തിലുള്ള സംഭവങ്ങൾ ഈ കാലയളവിൽ ഉണ്ടായിട്ടുണ്ട്. പക്ഷേ എടുത്തുപറയത്തക്ക ഒന്നുമില്ല. സിനിമയിൽ വന്ന കാലത്താണ്, എനിക്ക് സിനിമാപ്രവർത്തകരെ വലിയ മുൻപരിചയം ഒന്നുമില്ലായിരുന്നു. ആകെ അറിയുന്നത് മനുരാജ് ചേട്ടനെമാത്രമാണ്. ഞാൻ വർക്ക് ചെയ്തിട്ടുള്ള സിനിമയിലുള്ളവരെ എനിക്കറിയാം. എന്നതല്ലാതെ മറ്റൊരു സൗഹൃദം എനിക്കില്ലായിരുന്നു. അന്ന് ഞാനും ബിബിനും ഒരുമിച്ചായിരുന്നു മഹാരാജാസിൽ പഠിച്ചത്. ഞങ്ങൾ നല്ല സുഹൃത്തുക്കളായിരുന്നു. അന്നുവരെ സിനിമയിൽ ചാൻസ് ചോദിച്ച് ആരുടെ അടുത്തും പോയിട്ടില്ലായിരുന്നു. ഇത്രയും പടങ്ങൾ ചെയ്തിട്ടുള്ളതുകൊണ്ട് നീ ആരോടെങ്കിലും പോയി ചാൻസ് ചോദിച്ചാൽ ഉറപ്പായും റോൾ കിട്ടുമെന്ന് ബിബിൻ ആയിരുന്നു ആദ്യം എന്നോട് പറഞ്ഞത്. അന്ന് അങ്ങനെ ചോദിക്കാനുള്ള മാനസികാവസ്ഥയും എനിക്കുണ്ടായിരുന്നില്ല. അങ്ങനെ ബിബിന്റെ നിർബന്ധപ്രകാരം ഞാനും ബിബിനും കൂടി ഷാഫി സാറിനെ കാണാൻ പോയിരുന്നു. വെറുതെ അദ്ദേഹത്തിന് ഒന്നുകണ്ട് എന്റെ മുഖം ഓർമ്മപ്പെടുത്തുക മാത്രമായിരുന്നു ലക്ഷ്യം. പിന്നീട് വർഷങ്ങൾക്കുശേഷം ബിബിനെ നായകനാക്കി 'ഒരു ബോംബ് കഥ' എന്ന ചിത്രം ഷാഫി സാർ സംവിധാനം ചെയ്തു. ആ ചിത്രത്തിൽ എനിക്കും അവസരം ഉണ്ടായിരുന്നു.

തിരക്കഥാകൃത്തും നടനുമായ ബിബിൻ ജോർജ്ജുമായുള്ള സൗഹൃദം?

വിഷ്ണു ഉണ്ണികൃഷ്ണൻ: സ്‌ക്കൂൾ കലാമത്സരങ്ങളിലും മിമിക്രി വേദികളിലും വച്ചാണ് ബിബിനെ ഞാൻ ആദ്യമായി പരിചയപ്പെടുന്നത്. സ്‌ക്കൂൾ കാലഘട്ടം കഴിഞ്ഞ് കോളേജിലേക്ക് കടന്നപ്പോഴാണ് ഒരുമിച്ച് വീണ്ടും കണ്ടുമുട്ടിയത്. മഹാരാജാസിലാണ് ഞങ്ങൾ രണ്ടുപേരും പഠിച്ചത്. ഞങ്ങൾ പഠിക്കുന്ന സമയത്ത് യൂണിവേഴ്‌സിറ്റി കലോത്സവം നിർത്തിവെച്ചിരുന്നു. അതുകൊണ്ട് മത്സരവേദികളിൽ ഞങ്ങൾ ഒരുമിച്ച് കോളേജ് കാലഘട്ടത്തിൽ ഏറ്റുമുട്ടിയില്ല. കോളേജിൽ പഠിക്കുന്ന സമയത്തും ഒരുമിച്ച് ട്രിപ്പ് നടത്തി. പല ഷോകൾക്കും ഒരുമിച്ച് സ്‌ക്രിപ്റ്റ് എഴുതി. അന്ന് ചാനലിൽ ഞങ്ങൾ രണ്ടുപേരും അസിസ്റ്റന്റ് ഡയറക്ടറായി പ്രവർത്തിക്കുകയും ചെയ്തിരുന്നു. അ സമയത്താണ് തിരക്കഥ എന്ന ആശയം വന്നത്. ബിബിൻ അന്ന് രസികരാജ എന്ന പരിപാടിയിൽ നൗഫലിക്കയുടെ കൂടെ പ്രവർത്തിച്ചിരുന്നു. അന്ന് ഞാനും ചില ഷോകളിൽ അദ്ദേഹത്തിനൊപ്പം അസിസ്റ്റന്റ് ഡയറക്ടറായി ജോലി ചെയ്തിട്ടുണ്ട്. അക്കാലത്ത് നൗഫലിക്കയാണ് ഞങ്ങളുടെ മനസ്സിലേക്ക് സിനിമാമോഹം വീണ്ടും കൊണ്ടിട്ടത്. ഞങ്ങളോട് ഒരു സിനിമയുടെ തിരക്കഥ എഴുതാനും അദ്ദേഹം സംവിധാനം ചെയ്യാമെന്ന് പറയുകയും ചെയ്തു. ആ ചിത്രത്തിൽ അഭിനയിക്കാൻ അവസരം തരാമെന്ന് പറഞ്ഞു. അങ്ങനെ സിനിമയിൽ അഭിനയിക്കാൻ വേണ്ടിയാണ് 'അമർ അക്ബർ അന്തോണി' എന്ന ചിത്രം ഞങ്ങൾ എഴുതിയത്.

 

അഭിനയത്തോട് ഇത്രയധികം പാഷനുള്ള ആൾ എന്താണ് ഡോക്ടർ പ്രൊഫഷണൽ തെരഞ്ഞെടുക്കാൻ കാരണം?

ശ്രദ്ധ: ഡാൻസ് റിയാലിറ്റി ഷോയിലൂടെയായിരുന്നു കലാരംഗത്തേക്ക് വന്നത്. പിന്നെയായിരുന്നു കുട്ടിച്ചാത്തൻ എന്ന സീരിയലിൽ അവസരം ലഭിച്ചത്. അതിനുശേഷം ഒരു വലിയ ബ്രേക്ക് എടുത്ത് പഠനത്തിലേക്ക് തിരിഞ്ഞു. പ്രധാനമായും വീട്ടുകാരുടെ നിർബന്ധമായിരുന്നു പഠനത്തിന് മുൻഗണനവേണമെന്നത്. പഠനം പൂർത്തിയാക്കിയ ശേഷം മാത്രമേ പാഷൻ മുന്നോട്ടുകൊണ്ടുപോകാവൂയെന്ന് അച്ഛന്റെയും അമ്മയുടെയും നിർബന്ധമായിരുന്നു. അങ്ങനെ പഠിച്ച് ഡിഗ്രി എടുത്തു. ഇപ്പോൾ ഹൗസ് സർജൻസി കഴിയാറായി. ഒഴുക്കിനൊപ്പം നീങ്ങുക എന്ന അവസ്ഥയാണ് ഇപ്പോൾ. ഡോക്ടർ എന്ന കരിയർ ഒരിക്കലും ഉപേക്ഷിക്കില്ല. എന്തായാലും പ്രാക്ടീസ് ചെയ്യും. അതിനോടൊപ്പം തന്നെ അഭിനയവും മുന്നോട്ടുകൊണ്ടുപോകും.

ഇത്രയും വർഷമായിട്ടും കുട്ടിച്ചാത്തൻ എന്ന പരമ്പരയിലെ കഥാപാത്രത്തെ പ്രേക്ഷകർ ഓർത്തിരിക്കുന്നുേണ്ടാ?

ശ്രദ്ധ: പ്രേക്ഷകർ ഇപ്പോഴും കുട്ടിച്ചാത്തനിലെ കഥാപാത്രത്തെ ഓർത്തിരിക്കുന്നുവെന്ന് പറയുന്നതിൽ ഒരുപാട് സന്തോഷമുണ്ട്. ചിലപ്പോഴൊക്കെ എനിക്കും അത്ഭുതം തോന്നാറുണ്ട്. ഇത്രയും വർഷമായി. എന്നിട്ടും ആളുകളെന്നെ ഓർമ്മിക്കുന്നുണ്ടല്ലോ. ചിലരൊക്കെ ഞാൻ രൂപത്തിൽ ഒരുപാട് മാറിപ്പോയെന്ന് പറയാറുണ്ട്. വൈറ്റ്‌നിംഗ് ട്രീറ്റ്‌മെന്റ് ചെയ്തിട്ടുണ്ടോ എന്നുപോലും ചിലർ റുണ്ട്.

ഡാൻസർ, ഇൻഫ്‌ളുവൻസർ, നടി തുടങ്ങി എല്ലാ മേഖലയിലും തിളങ്ങുന്ന താരമാണല്ലോ ജസ്‌നിയ. ജസ്‌നിയയുടെ പുതിയ വിശേഷങ്ങൾ എന്തൊക്കെ?

ജസ്‌നിയ: ഇക്കഴിഞ്ഞ ഓണമായിരുന്നു ഞങ്ങളുടെ ഏറ്റവും വലിയ വിശേഷവും ഒത്തുകൂടലും. അച്ഛനും അമ്മയും മാമനും അമ്മമ്മയും മുത്തശ്ശിയും എല്ലാവരും ഒരുമിച്ചുള്ള ആഘോഷമാണ് എന്റേത്. എല്ലാതവണയും ഞങ്ങൾ ഒരുമിച്ചുതന്നെയാണ് എല്ലാ പ്രധാന ദിവസങ്ങളും ആഘോഷിക്കാറ്. കഴിഞ്ഞവർഷം ഞങ്ങൾ ഒരു മനവീട് വാങ്ങിയിട്ടുണ്ടായിരുന്നു. അതുകൊണ്ട് ഇത്തവണത്തെ ഓണാഘോഷം അവിടെ വച്ചായിരുന്നു. ഓണമാണെങ്കിലും വിഷ്ണുവാണെങ്കിലും എത്ര തിരക്കുണ്ടെങ്കിലും ഞങ്ങളെല്ലാവരും ആഘോഷമാക്കാറുണ്ട്.

ജസ്‌നിയയെക്കുറിച്ച് പറയുമ്പോൾ മാമന്റെ വിശേഷങ്ങളും ചോദിക്കാതെ വയ്യ?         

ജസ്‌നിയ: ഞങ്ങൾ പുതിയ റീലുകളൊക്കെ പ്ലാൻ ചെയ്യുന്നുണ്ട്. ആദ്യമൊക്കെ ലാലേട്ടൻ ഹിറ്റ് പാട്ടുകളൊക്കെ വെച്ചാണ് റീൽ ചെയ്തുതുടങ്ങിയത്. ഇടയ്ക്കു വെച്ച് മാമന് പുതിയ ട്രെൻഡുകൾ പരീക്ഷിക്കണമെന്ന ആഗ്രഹമുണ്ടായിരുന്നു. അതൊക്കെ ഞങ്ങൾ തൽക്കാലം മാറ്റി വച്ചിരിക്കുകയാണ്. പ്ലാൻ ചെയ്ത് അതൊക്കെ പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കും.

റീലുകൾക്ക് പ്രേക്ഷകർ നൽകുന്ന സപ്പോർട്ട് എത്രത്തോളമുണ്ട്? വിമർശനങ്ങളെ എങ്ങനെയാണ് നേരിടാറ്?

ജസ്‌നിയ: എന്നെക്കാളും കൂടുതൽ സപ്പോർട്ട് ലഭിക്കുന്നത് മാമനാണ്. മാമന്റെ ശരീരഭാരം വെച്ച് ഇത്രയധികം മനോഹരമായി ഡാൻസ് കളിക്കുന്നതിൽ ഒരുപാട് പേർ അഭിനന്ദനങ്ങൾ നൽകാറുണ്ട്.  അതുപോലെതന്നെ ചില ഡാൻസ് പെർഫോമൻസ് കാണുമ്പോൾ ചിലർ വിമർശനങ്ങളും നൽകും. നെഗറ്റീവ് കമന്റുകൾ കൈകാര്യം ചെയ്യാൻ മാമൻ ബുദ്ധിമുട്ടാറുണ്ട്.

 

 

ഒരിക്കലും ഓർമ്മിക്കാൻ ഇഷ്ടമല്ലാത്ത എന്തെങ്കിലും സംഭവങ്ങൾ ഇക്കാലയളവിൽ സ്റ്റേജ് ഷോകളിൽ ഉണ്ടായിട്ടുണ്ടോ?

വിഷ്ണു ഉണ്ണികൃഷ്ണൻ: ആഘോഷമാസങ്ങളെല്ലാം ഞങ്ങളെപ്പോലുള്ള കലാകാരന്മാർക്ക് പ്രോഗ്രാമിന്റെ സീസണാണ്. ആ സമയത്താണ് എന്തെങ്കിലുമൊക്കെ ചില്ലറ കയ്യിൽ തടയുക. അതുകൊണ്ട് മാക്‌സിമം പ്രോഗ്രാമുകൾ ചെയ്യാനും ശ്രമിക്കും. സിനിമയിൽ സജീവമാകുന്നതിന് മുൻപ് വർഷങ്ങളോളം ഞാൻ സ്റ്റേജിൽ വൺമാൻ ഷോ ആയിരുന്നു ചെയ്തുകൊണ്ടിരുന്നത്. പിന്നീട് ട്രൂപ്പ് തുടങ്ങിയപ്പോൾ അവർക്കൊപ്പവും പ്രോഗ്രാം ചെയ്തുതുടങ്ങി. ട്രൂപ്പിന്റെ പരിപാടികളൊക്കെ വലിയ ഷോ ആയിരിക്കും. അത്യാവശ്യം കാശും തടയും. അതുകൊണ്ടുതന്നെ അങ്ങനെയുള്ള പരിപാടികളൊന്നും ഒഴിവാക്കാറില്ല. ചിലപ്പോഴൊക്കെ ട്രൂപ്പ് ഷോയുടെ അതേദിവസം തന്നെ വൺമാൻ ഷോയും വരാറുണ്ട്. ചിലപ്പോഴൊക്കെ സമയം അഡ്ജസ്റ്റ് ചെയ്ത് രണ്ടും മൂന്നും ഷോകൾ ഒരുമിച്ച് പിടിക്കും.

അങ്ങനെയൊരു ഓണക്കാലത്ത് ചേർത്തലയിലും മൂവാറ്റുപുഴയിലും ഷോകൾ ഒരേദിവസം പിടിച്ചു. ചേർത്തലയിലെ പ്രോഗ്രാം നേരത്തെ ചെയ്തുകഴിഞ്ഞു. മൂവാറ്റുപുഴയിലേക്ക് പോകാമെന്നായിരുന്നു വിചാരിച്ചത്. പക്ഷേ അപ്രതീക്ഷിതമായി ചേർത്തലയിൽ സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ സമാപനസമ്മേളനം തീരാൻ സമയമെടുത്തു. 11 മണിക്ക് മൂവാറ്റുപുഴയിലെത്തേണ്ടിയിരുന്ന ഞാൻ പരിപാടി തീരാൻ വൈകിയത് കാരണം ചേർത്തലയിൽ തന്നെ പെട്ടുപോയി. ഒടുവിൽ എങ്ങനെയൊക്കെയോ കൂട്ടുകാരന്റെ വണ്ടിയും വാടകയ്‌ക്കെടുത്ത് ചേർത്തലയിലെ പരിപാടി മുഴുവിപ്പിക്കാതെ മൂവാറ്റുപുഴയിലേക്ക് പോയി. പക്ഷേ വൈറ്റില എത്തിയപ്പോൾ മൂവാറ്റുപുഴയിൽ നിന്ന് കമ്മിറ്റിക്കാർ വിളിച്ചുപറഞ്ഞു. ഇനി വരണ്ട. പരിപാടി തുടങ്ങിയെന്ന് അറിയിച്ചു. ഈ രണ്ട് പരിപാടികളുടെയും കാശ് കയ്യിൽ കിട്ടുമല്ലോ എന്നോർത്താണ് കൂട്ടുകാരന്റെ വണ്ടിയൊക്കെ വാടകയ്‌ക്കെടുത്തത്. മറ്റേ പരിപാടി ക്യാൻസൽ ആവുകയും ചെയ്തു. ചേർത്തലയിലുള്ള പരിപാടി തീർക്കാൻ പറ്റിയതുമില്ല എന്നൊരു അവസ്ഥയായി. അങ്ങനെ ചില ഓർക്കാൻ ഇഷ്ടമില്ലാത്ത കാര്യങ്ങളും കലാരംഗത്ത് ഉണ്ടായിട്ടുണ്ട്.

പുതിയ പ്രോജക്ടുകൾ സിനിമാവിശേഷങ്ങൾ എന്തൊക്കെയാണ്?

വിഷ്ണു ഉണ്ണികൃഷ്ണൻ: ഞാനും ബിബിനും ഒരുമിച്ചഭിനയിച്ച മരതകം എന്ന ചിത്രം റിലീസിന് ഒരുങ്ങുന്നുണ്ട്. ഞാനും ശ്രദ്ധയും ഷൈനും ശ്രീനാഥ് ഭാസിയുമൊക്കെ ഒരുമിച്ചുള്ള ഡാൻസ് പാർട്ടി എന്ന ചിത്രവും വരാനുണ്ട്.

 


LATEST VIDEOS

Top News