NEWS

ഒരു പടക്കം പൊട്ടിക്കലും വിഷുവും- വിഷുവിശേഷങ്ങളുമായി ധനേഷ് ആനന്ദ്

News

ഞാന്‍ കുഞ്ഞായിരിക്കുമ്പോള്‍ രണ്ടിലോ മൂന്നിലോ പഠിക്കുന്ന സമയം. പടക്കം പൊട്ടിക്കാന്‍ വലിയ ഇഷ്ടമാണെങ്കിലും ചെറുതായതുകൊണ്ട് കമ്പിത്തിരി മാത്രമേ എന്‍റെ കയ്യില്‍ കിട്ടുകയുള്ളൂ. അച്ഛന്‍ ഒരു കവര്‍ പടക്കവുമായി വന്ന് തിണ്ണയില്‍ കയറി നിന്ന് കയ്യില്‍ ഒരു വിറകുകൊള്ളിയും പിടിച്ച് പടക്കം കത്തിച്ച് ദൂരേയ്ക്ക് എറിഞ്ഞുതുടങ്ങി. ചെവി പൊട്ടുന്ന ശബ്ദം... ഞാന്‍ കുറച്ച് മാറി നില്‍ക്കുകയാണ്. അതിന്‍റെ അടുത്തേക്ക് പോവാന്‍ എനിക്ക് പെര്‍മിഷനില്ല.

എനിക്ക് പൊട്ടിക്കാന്‍ കിട്ടാത്തതിന്‍റെ ഒരു നിരാശ മുഖത്ത് ഉണ്ടായിരുന്നു. അച്ഛന്‍ തിണ്ണയില്‍ കയറിനില്‍ക്കുന്നു. താഴെയാണ് പടക്കക്കവര്‍ വച്ചിരിക്കുന്നത്. എന്തോ വര്‍ത്തമാനത്തിനിടയ്ക്ക് അച്ഛന്‍ കയ്യിലിരിക്കുന്ന വിറകു കൊള്ളി പടക്കക്കവറിലേക്കിട്ടു. പിന്നെ വലിയൊരു പൊട്ടിത്തെറിയായിരുന്നു. പിന്നെ അച്ഛനെ കണ്ടത് നമ്മുടെ പറമ്പ് കഴിഞ്ഞ് രണ്ടുവീടുകള്‍ക്ക് അപ്പുറമായിരുന്നു. പിന്നെ ആകെ പുകമയമായിരുന്നു. പിന്നീടുള്ള വിഷുക്കാലത്ത് പടക്കം കാണുമ്പോള്‍ ആദ്യം ഓര്‍മ്മ വരുന്നത് ഇതാണ്.'
- ധനേഷ് ആനന്ദ് ചിരിപ്പിക്കുന്ന തന്‍റെ വിഷു ഓര്‍മ്മകളെക്കുറിച്ച് പറഞ്ഞുതുടങ്ങി.

കഴിഞ്ഞ വിഷുക്കാലം

എല്ലാ വിഷുക്കാലവും നല്ലതാണെങ്കിലും കഴിഞ്ഞ വര്‍ഷത്തെ വിഷുക്കാലം കുറച്ച് സ്പെഷ്യലായിരുന്നു. കഴിഞ്ഞ വിഷുകാലത്തായിരുന്നു ഒരു സിനിമയുടെ ഫൈറ്റ് സീക്വന്‍സിനിടയ്ക്ക് അപകടം സംഭവിക്കുകയും ക്രിട്ടിക്കലായി ഐ.സി.യുവില്‍ ആവുന്നതും അവിടുന്ന് റിക്കവറായി വരുന്നതുമെല്ലാം. അവിടുന്നു ഒരാഴ്ച ഇടവേളയ്ക്കുശേഷമായിരുന്നു വിഷു. വലിയ പ്രതിസന്ധികള്‍ താണ്ടി പുതിയൊരു ജീവിതത്തിലേക്ക് കാലെടുത്ത് വച്ച ഫീല്‍ ആയിരുന്നു.

വിഷു സാധാരണ ഏതൊരു ആഘോഷവും കോഴിക്കോട്ട് വീട്ടിലാണ് ആഘോഷിക്കാറുള്ളത്. എന്നാല്‍ കഴിഞ്ഞ വിഷു എറണാകുളത്തെ ഫ്ളാറ്റിലേക്ക് അച്ഛനും അമ്മയും അനിയത്തിയും വരുകയും ഇവിടെയാണ് വിഷുക്കാലത്ത്  ആഘോഷിച്ചത്. ഒരുമിച്ച് സദ്യ ഉണ്ടാക്കിയെല്ലാം ഇവിടെ വന്‍ ആഘോഷമാക്കി. വലിയൊരു അപകടത്തെ മറികടന്നു ഐശ്വര്യത്തിന്‍റെ നാളുകളിലേക്ക് കാലെടുത്ത് വച്ച ഒരു ഫീലായിരുന്നു.

വിഷുക്കാലവും സിനിമയും

വിഷുദിനം രാവിലെതന്നെ കുളിച്ചൊരുങ്ങി അമ്പലത്തിലേക്ക് പോകുന്ന പതിവ് ചെറുപ്പം മുതല്‍ ഉണ്ടായിരുന്നു. എന്നിട്ട് രാവിലത്തെ ഭക്ഷണം കഴിഞ്ഞാല്‍ നേരെ ടി.വിക്ക് മുന്നിലേക്ക് ഇരിക്കും. അന്ന് വിഷു സിനിമകള്‍, വിഷു സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ ഉണ്ടാകും. ആദ്യം ദൂരദര്‍ശന്‍ മാത്രമായിരുന്നു ആശ്രയം. പിന്നീട് കേബിള്‍ ടി.വിയുടെ വരവോടെ ഒരുപാട് ചാനലുകള്‍ ഒരുപാട് പ്രോഗ്രാമുകളും അങ്ങനെ വിഷുക്കാലം ടി.വിയുടെ കീഴില്‍ തന്നെയായിരിക്കും.

ഒരു സിനിമ കണ്ടുകൊണ്ടിരിക്കുകയാണെങ്കില്‍ അവിടെ പരസ്യം വന്നാല്‍ മറ്റേ ചാനലിലെ സിനിമ പോയി കാണും. പിന്നെ ഫെസ്റ്റിവല്‍ സിനിമകള്‍ ഉള്‍പ്പെടെ എല്ലാ നല്ല സിനിമകളും തിയേറ്ററില്‍ നിന്ന് മിസ്സ് ആക്കാറില്ല. അതിപ്പോള്‍ മലയാളം മാത്രമല്ല എല്ലാ ഭാഷകളിലെ സിനിമകളും കാണും. സിനിമ എപ്പോഴും സന്തോഷം നല്‍കുന്നതും ചെറുപ്പം മുതല്‍ അത് ജീവിതത്തിന്‍റെ ഒരു ഭാഗമാണ്. അത്രയും അറ്റാച്ച്മെന്‍റുള്ള സ്പേസാണ് തിയേറ്റര്‍. ഈ വിഷുവിനും ഒരുപാട് നല്ല സിനിമകള്‍ റിലീസിനുണ്ട്. അതെല്ലാം വെയിറ്റിംഗാണ്.

വിഷുക്കൈനീട്ടവും സദ്യയും

ചെറുപ്പം മുതല്‍ വിഷുക്കൈനീട്ടം ഒരു സന്തോഷമാണ്. അമ്മേം അച്ഛനും ബന്ധുക്കള്‍ എല്ലാവരും വിഷുക്കൈനീട്ടം തരുമായിരുന്നു. പക്ഷേ വലുതായപ്പോള്‍ അത് അച്ഛനും അമ്മയും മാത്രമായി ചുരുങ്ങി എന്നതില്‍ ഒരു കുഞ്ഞുവേദനയുണ്ട്. സദ്യ ആണെങ്കില്‍ പണ്ടൊക്കെ ഓണത്തിനും വിഷുവിനും പിന്നെ ആരുടയെങ്കിലും ബര്‍ത്ത്ഡേ ഇതിനെ കാണാറുള്ളൂ. അതുകൊണ്ടുതന്നെ സദ്യയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നല്ല രസമുള്ള കാര്യമാണ്. അമ്മയ്ക്ക് സഹായികളായി ഞാനും അച്ഛനും അനിയത്തിയും ഉണ്ടാകും. പിന്നെ ഒരുമിച്ചിരുന്നുള്ള സദ്യ കഴിക്കലും സന്തോഷമാണ്.

നടനായതിനുശേഷമുള്ള ആഘോഷങ്ങള്‍

നടന്‍ ആയതിനുശേഷം ആഘോഷങ്ങള്‍ക്ക് വലിയ വ്യത്യാസമൊന്നും സംഭവിച്ചിട്ടില്ല. പിന്നെ വിഷു പ്രോഗ്രാമുകളോ അല്ലെങ്കില്‍ വിഷു ബൈറ്റുകള്‍ക്കോ വേണ്ടി മീഡിയ കോണ്‍ടാക്ട് ചെയ്യും. പിന്നെ വിഷു ഫോട്ടോ ഷൂട്ട്. അതല്ലാതെ വലിയ മാറ്റങ്ങളൊന്നുമില്ല ഒരു ആഘോഷത്തിനും.

 


LATEST VIDEOS

Interviews