ഞാന്‍ എന്‍റെ ചെറുപ്പകാലം മുതല്‍ നാന സിനിമാവാരിക കാണുകയും വായിക്കുകയും ചെയ്യുമായിരുന്നു. 'നാന'യില്‍ വരുന്ന സിനിമാവാര്‍ത്തകളും ചിത്രങ്ങളും മറ്റും കണ്ടിട്ടാണ് സിനിമയോട് അടുപ്പം ഉണ്ടായതുതന്നെ.
എന്‍റെയൊക്കെ ജീവിതത്തിന്‍റെ തന്നെ ഒരു ഭാഗമാണ് 'നാന'യെന്ന് പറയുവാന്‍ കഴിയും. ഞങ്ങളുടെയെല്ലാം ജനറേഷനില്‍ ഞങ്ങളെ ഒരുപാട് സ്വാധീനിച്ചിട്ടുള്ള ഒരു പ്രസിദ്ധീകരണമാണ് 'നാന.' എന്‍റെ സിനിമാചിന്തകള്‍ക്ക്, അടിത്തറ പാകിയ ഒരു മാധ്യമമാണ് 'നാന'യെന്ന് പറയുന്നതില്‍ രണ്ടുപക്ഷമില്ല.
എന്‍റെ ജീവിതത്തില്‍ സിനിമയോട് അടുത്ത് സ്പിരിറ്റ് നല്‍കുവാന്‍ 'നാന' നല്ല പങ്ക് വഹിച്ചിട്ടുണ്ട്. ഞങ്ങളെപ്പോലെ, അല്ലെങ്കില്‍ എന്നെപ്പോലെയുള്ളവരുടെ കാലഘട്ടത്തില്‍ 'നാന'യുടെ പിന്‍തുണയില്ലാതെ ഒരു സിനിമാക്കാരനാകില്ലെന്നുള്ളത് ഒരു യാഥാര്‍ത്ഥ്യമാണ്. എന്‍റെയൊക്കെ കാലഘട്ടത്തില്‍ 'നാന'യാണ് ഞങ്ങളുടെ സിനിമ.
'നാന' വായനതുടങ്ങിയ കാലം മുതല്‍ ഓരോ ആഴ്ചയിലും 'നാന' വായിക്കാന്‍ കാത്തിരിക്കുമായിരുന്നു. ഷോപ്പുകളില്‍ പുതിയ 'നാന' വരുന്നതുകണ്ട് ഓടിപ്പോയി 'നാന' വാങ്ങിയിട്ടുണ്ട്. എന്‍റെ സിരകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു പ്രസിദ്ധീകരണമാണ് 'നാന.' മുടങ്ങാതെയുള്ള 'നാന' വായനതന്നെയാണ് എന്നെപ്പോലെയുള്ളവരെ സിനിമയിലേക്ക് ആകര്‍ഷിച്ചിരിക്കുന്നത്. എന്‍റെ മനസ്സില്‍ അന്നും ഇന്നും 'നാന' നല്‍കിയിരിക്കുന്ന സിനിമാറ്റിക് ചിത്രം മറക്കാവുന്നതല്ല.
സ്ക്കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കുവാന്‍ പോകുമ്പോഴൊക്കെ അതിന് പ്രചോദനം നല്‍കിയിട്ടുള്ളത് 'നാന'യാണ്. നല്ല നല്ല ഇന്‍ഫര്‍മേഷനാണ് 'നാന'യില്‍ നിന്നും കിട്ടിക്കൊണ്ടിരിക്കുന്നത്.
'പുനരധിവാസം'എന്ന എന്‍റെ ആദ്യ സിനിമ റിലീസിനെത്തുമ്പോള്‍ എന്‍റെയൊരു ഇന്‍റര്‍വ്യൂ 'നാന'യില്‍ ആദ്യമായി വന്നിരുന്നത് ഞാനോര്‍ക്കുന്നു. 'നാന' വായിച്ചു വായിച്ച് സിനിമ കണ്ടുകണ്ട് ഞാനൊരു സിനിമാക്കാരനായി മാറിയപ്പോള്‍ ആദ്യത്തെ ഇന്‍റര്‍വ്യൂ പ്രസിദ്ധീകരിച്ചു വരുന്നതും 'നാന'യിലാണെന്നുള്ള കാര്യം ഓര്‍ക്കുമ്പോള്‍ അതെല്ലാം വലിയ സന്തോഷം നല്‍കുന്നു. ഇതൊക്കെയാണ് സിനിമയുടെ മാജിക് എന്നുപറയുന്നത്.