NEWS

ശബ്ദം, ശരീരം, മനസ്സ് ഇതാണ് ഒരു ആക്ടര്‍ -ബിലാസ് ചന്ദ്രഹാസന്‍ നായര്‍

News

സിനിമയില്‍ നിന്നുണ്ടാകുന്ന ഫെയിം അല്ല എനിക്ക് ആവശ്യം. ഞാന്‍ എന്ന കലാകാരന്  സംതൃപ്തി തരുന്ന കഥാപാത്രങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുക മാത്രമാണ്. നിങ്ങള്‍ക്ക് പണമാണ് ആവശ്യമെങ്കില്‍ നിങ്ങള്‍ക്ക് വരുന്ന ഓരോ കഥാപാത്രങ്ങളും കണ്ണടച്ചു തെരഞ്ഞെടുക്കാം. പക്ഷേ പാഷനാണ് നിങ്ങള്‍ക്ക് വലുതെങ്കില്‍ പെര്‍ഫോം ചെയ്യാന്‍ എന്തെങ്കിലുമുണ്ടെന്ന് നിങ്ങള്‍ക്ക് പൂര്‍ണ്ണബോധ്യമുള്ള കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുക. അതിപ്പോള്‍ ഒറ്റ സീനാണെങ്കില്‍ കൂടെ. കലാരംഗം എന്നിലെ കലാകാരനെ മാത്രമല്ല ഞാന്‍ എന്ന മനുഷ്യനെ യഥാര്‍ത്ഥ മനുഷ്യനാക്കി എന്നുപറയാം. അന്താക്ഷരിയിലൂടെയും വണ്ണിലൂടെയും പ്രേക്ഷകര്‍ കണ്ട ബിലാസ് ചന്ദ്രഹാസന്‍ നായര്‍ തന്‍റെ സിനിമാ ജീവിതയാത്രയെക്കുറിച്ച് സംസാരിക്കുന്നു.

ഏഴാം വയസ്സിലെ തുടക്കം

ഒരു നടന്‍ സകലകലാവല്ലഭന്‍ ആയിരിക്കണം എന്ന് ചിന്തിക്കുന്ന ഒരാളാണ് ഞാന്‍. അയാള്‍ക്ക് എല്ലാം അറിഞ്ഞിരിക്കണം. ഒന്നിനോടും നോ പറയരുത്. ഏഴാം വയസ് മുതല്‍ ക്ലാസിക്കല്‍ ഡാന്‍സ് പഠിച്ചുകൊണ്ടാണ് കലാരംഗത്തേയ്ക്ക് ഞാന്‍ ചുവട് വയ്ക്കുന്നത്. എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍  അന്ന് മുതല്‍ ഡാന്‍സ്, മിമിക്രി, പാട്ട് മൊത്തത്തില്‍ കലയുമായി ഇഴുകിച്ചേര്‍ന്നാണ് വളര്‍ന്നത്. കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്തത് ജീവിതത്തില്‍ മറ്റൊരു വഴിത്തിരിവായി. പതിനഞ്ചുവര്‍ഷത്തോളം അഭിനയ-നാടക പഠനകേന്ദ്രത്തോടൊപ്പം(അഭിനയ തിയേറ്റര്‍ റിസര്‍ച്ച് സെന്‍റര്‍, തിരുവനന്തപുരം) നിന്ന് തുടക്കസമയത്ത് മൈമ് ചെയ്യാന്‍ ഗുരു(ഡി രഘു ഉത്തമന്‍) ആവശ്യപ്പെടുകയും ചെയ്തു. അതിനെ തുടര്‍ന്നാണ് അതിനെക്കുറിച്ച് കൂടുതല്‍ അറിയുന്നത.് ആദ്യമെല്ലാം പെര്‍ഫോം ചെയ്തു. പിന്നീട് അത് ഇഷ്ടപ്പെട്ടു പഠിച്ച് സീരിയസ്സായി അതിലേക്ക് നില്‍ക്കുകയായിരുന്നു. 

പിന്നീട് മറ്റുള്ളവര്‍ക്ക് ഇത് പഠിപ്പിക്കണം എന്ന ഉദ്ദേശത്തോടെ നിരഞ്ജന്‍ ഗോസ്വാമി എന്ന ഗുരുവിനടുത്ത് തിയറി പഠിക്കാന്‍ കല്‍ക്കട്ടയിലേക്ക് പോയി. അവിടെ  സിനിമ പഠിക്കുന്ന ഒരുകൂട്ടം സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. അവരുടെ പഠനഭാഗമായി എടുത്ത ഷോര്‍ട്ട് ഫിലിമുകളിലും ഡോക്യുമെന്‍ററികളിലുമാണ് ആദ്യമായി ക്യാമറയ്ക്ക് മുഖം കൊടുക്കുന്നത്. സജിത മഠത്തില്‍ ചേച്ചി കാബൂളിവാലാ എന്ന ഡോക്യുഫിക്ഷന്‍ ചെയ്തിരുന്നു. അതില്‍ ക്യാപ്റ്റന്‍ രാജുച്ചേട്ടനൊപ്പം ഒരു റോള്‍ ചെയ്താണ് അഭിനയം തുടങ്ങുന്നത്. 2007 ല്‍ ഒരു ബംഗാളി സിനിമയില്‍ അഭിനയിച്ചാണ് കല്‍ക്കട്ടയില്‍ നിന്ന് കേരളത്തിലേക്ക് ഷിഫ്റ്റ് ചെയ്യുന്നത്. ആ ഒരു അനുഭവം നാടകത്തിന് എന്ത് വേണം, സിനിമയ്ക്ക് എന്ത് വേണമെന്ന ധാരണയുണ്ടാക്കി.

ആക്ടര്‍ കംപ്ലീറ്റ് പാക്കായിരിക്കണം

ഒരു ആക്ടര്‍ എന്നുപറഞ്ഞാല്‍ ശബ്ദം, ശരീരം, മനസ്സ്... ഇതാണ്. ആ ഒരു ഡിസിപ്ലിനില്‍ എത്തുക എന്നത് നിസ്സാരമായ കാര്യമല്ല. അതെനിക്ക് കിട്ടിയത് തിയേറ്ററില്‍ നിന്നാണ്. ശബ്ദം വോയിസ് എക്സര്‍സൈസുകളില്‍ നിന്നാണ്. ശരീരം വഴങ്ങാന്‍ കളരിയുടെ ബേസിക്സ് പഠിച്ചു. സിനിമാഅഭിനയം വളരെ ട്രൂത്ത് ഫുള്ളായി ചെയ്യേണ്ട ഒന്നാണ്. ക്യാമറ പിടിക്കുന്നത് ആദ്യം നമ്മുടെ കണ്ണുകളെയാണ്. നമ്മുടെ മനസ്സില്‍ ഉള്ളതാണ് കണ്ണുകളില്‍ വരുന്നത്. മനസ്സില്‍ കള്ളത്തരം ഉണ്ടെങ്കില്‍ അത് കണ്ണില്‍ കാണും. കള്ളത്തരം ഇല്ലാതെ എങ്ങനെ ക്യാരക്ടര്‍ ചെയ്യുമെന്നതാണ് ക്യാമറ ആക്ടിംഗില്‍ അയാള്‍ നേരിടുന്ന ചലഞ്ച്.

വണ്ണില്‍ എല്ലാവരും തിരിച്ചറിഞ്ഞു

കൊമേഴ്സ്യല്‍ സിനിമകളില്‍ മുഖം വരുമ്പോഴാണല്ലോ കൂടുതല്‍ പേരും ശ്രദ്ധിക്കപ്പെടുന്നത്. വണ്ണില്‍ ഒറ്റ സീനില്‍ വന്നുപോകുന്നതാണെങ്കിലും അത് ശ്രദ്ധിക്കപ്പെട്ടു. മമ്മൂക്കയ്ക്കൊപ്പമുള്ള കോമ്പിനേഷന്‍ സീന്‍ നല്ലൊരു അനുഭവമായിരുന്നു. പിന്നീട് മമ്മുക്കയ്ക്കൊപ്പം ക്രിസ്റ്റഫറിലും ഒരു വേഷം ചെയ്തു. വളരെ ബഹുമാനപൂര്‍വ്വം കാണുന്ന ഒരു ആക്ടറാണ് അദ്ദേഹം. വളരെ അപ്ഡേറ്റഡായ ഒരു നടനാണ് അദ്ദേഹം.

അന്താക്ഷരിയിലെ കഥാപാത്രം

വിപിന്‍ദാസ് സംവിധാനം ചെയ്ത അന്താക്ഷരിയില്‍ വില്ലന്‍ വേഷം ചെയ്തതും നല്ല പ്രതികരണം കിട്ടിയിരുന്നു. വ്യത്യസ്തതരത്തില്‍ കഥ പറഞ്ഞ ചിത്രമാണ് അന്താക്ഷരി. പാട്ടുപാടുന്ന വില്ലന്‍. അതില്‍ മറ്റൊരു വില്ലനായി നല്ല രീതിയില്‍ ചെയ്യാന്‍ കഴിഞ്ഞതിന്‍റെ സന്തോഷമുണ്ട്.

വരാനിരിക്കുന്ന പ്രോജക്ടുകള്‍

ഈ വര്‍ഷം ഏറെ പ്രതീക്ഷയോടെ കാണുന്ന വര്‍ഷമാണ്. കക്ഷി അമ്മിണിപ്പിള്ളയുടെ സംവിധായകന്‍ ദില്‍ജിത്ത് സംവിധാനം ചെയ്യുന്ന കിഷ്കിന്ദാകാണ്ഡത്തില്‍ ഒരു വേഷം ചെയ്യുന്നുണ്ട്. ജിസ്ജോയ്- ആസിഫ് അലി ചിത്രത്തിലും അഭിനയിച്ചുകഴിഞ്ഞു. ഈ വര്‍ഷം റിലീസിന് എത്തുന്ന ചിത്രങ്ങളാണ് ഇത് രണ്ടും.
 


LATEST VIDEOS

Top News