പ്രീസ്റ്റിലൂടെ തുടക്കം. പിന്നീട് രേഖാചിത്രം. രണ്ടും ശ്രദ്ധിക്കപ്പെടുകയും ചര്‍ച്ചാവിഷയവും ആകുമ്പോള്‍ ഏറെ സന്തോഷത്തിലാണ് ഷമീര്‍ മുഹമ്മദ്. ആ സന്തോഷം 'നാന'യ്ക്കൊപ്പം പങ്കിടുമ്പോള്‍...
രേഖാചിത്രം എന്ന സിനിമയിലേക്കുള്ള കടന്നുവരവ്
ജോഫിന്‍റെ പ്രീസ്റ്റ് എന്ന മൂവി ഞാന്‍ ആണ് എഡിറ്റ് ചെയ്തത്. അന്ന് മുതല്‍തന്നെ ഞങ്ങള്‍ തമ്മില്‍ നല്ല ബന്ധമാണുള്ളത്. നാലഞ്ചുവര്‍ഷമായി രേഖാചിത്രത്തിന്‍റെ പണിപ്പുരയിലാണ്. എന്നോടും കാര്യങ്ങള്‍ എല്ലാം സംസാരിക്കുമായിരുന്നു. ശരിക്കും പ്രീസ്റ്റിലൂടെയാണ് ഞാന്‍ രേഖാചിത്രത്തിലേക്ക് എത്തുന്നത്.
രേഖാചിത്രവും മമ്മൂക്കയും
മമ്മൂട്ടിച്ചേട്ടന്‍ രേഖാചിത്രത്തിലെ വളരെ നിര്‍ണ്ണായകമായ ഒരു പേരാണ്. സിനിമയുടെ റിലീസിന് മുന്‍പുതന്നെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ചിത്രത്തിലെ പ്രസന്‍സിനെക്കുറിച്ച് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നു. സിനിമ റിലീസ് ചെയ്തെങ്കിലും മമ്മൂട്ടിച്ചേട്ടനെക്കുറിച്ച് സംസാരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍താരമാണ് മമ്മൂട്ടി. എങ്കിലും നല്ല സിനിമകളുടെ ഒപ്പം നില്‍ക്കാന്‍ അദ്ദേഹത്തെ പ്പോലൊരു നടന്‍ കാണിക്കുന്ന മനസ്സ് വളരെ വലുതാണ്. ഒരു സിനിമയെ പിന്തുണയ്ക്കുന്നതിന് സംവിധായകന്‍ പുതിയ ആളാണോ നടന്‍ തന്നെക്കാള്‍ ചെറിയ ആളാണോ എന്നൊന്നും മമ്മൂട്ടി ഒരിക്കലും ചിന്തിക്കില്ല. നിരവധി പുതുമുഖ സംവിധായകരെ മലയാള സിനിമയിലേക്ക് കൈപിടിച്ചു കയറ്റിയ ചരിത്രമാണ് മമ്മൂട്ടി എന്ന നടന് പറയാനുള്ളത്. എന്താണ് മമ്മൂട്ടിച്ചേട്ടന്‍ എന്നുള്ളത് രേഖാചിത്രം എന്ന സിനിമ പ്രേക്ഷകര്‍ കണ്ടുമനസ്സിലാക്കുന്നതാണ് നല്ലത്.